ദ ഹിന്ദുവിന്റെ വഹ്‌ഹാബി വിരുദ്ധ കാമ്പയിന്‍

November 16, 2011

3 പ്രതികരണങ്ങള്‍
ഇന്ത്യയിലെ മികച്ച മതേതര ദേശീയ പത്രമായിട്ടാണ്‌ ദ ഹിന്ദു അടുത്ത കാലം വരെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചു വന്നിരുന്ന ഈ പത്രം, ബാബ്‌രി മസ്‌ജിദ്‌ ധ്വംസനത്തെ നിശിതമായി അപലപിക്കുകയും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും മതേതര മൂല്യങ്ങള്‍ക്കും വേണ്ടി ധീരമായി നിലകൊള്ളുകയും ചെയ്‌തു. എന്നാല്‍ ദ ഹിന്ദു ഇന്ന്‌ വലതുപക്ഷ ഹിന്ദുത്വത്തിന്റെ ഉച്ചഭാഷിണിയായി തരംതാഴുന്നുണ്ടോ എന്ന്‌ സംശയിപ്പിക്കുന്നതാണ്‌ പത്രത്തിന്റെ സമീപകാല നിലപാടുകള്‍.



ലണ്ടനില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ദ ഡയ്‌ലി ടെലഗ്രാഫിന്റെ ഡിപ്ലോമാറ്റിക്‌ എഡിറ്ററായ പ്രവീണ്‍ സ്വാമി ദ ഹിന്ദു വിന്റെ അസോസിയേറ്റ്‌ എഡിറ്ററായിരുന്നു. ഈ പത്രത്തെ കാവി നിറം മുക്കിയതിന്റെ പ്രധാന ഉത്തരവാദികളില്‍ ഒരാള്‍ സ്വാമി ആയിരുന്നുവെന്നു പറഞ്ഞാല്‍ തെറ്റാകില്ല. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും നിരവധി അവാര്‍ഡുകള്‍ നല്‌കി ആദരിക്കപ്പെട്ട നിപുണനായ പത്രപ്രവര്‍ത്തകനുമാണെങ്കിലും, സ്വാമി `ഹിന്ദുത്വ'വാദികളുടെ പകര്‍ത്തിയെഴുത്തുകാരനാണെന്ന്‌ തോന്നിപ്പിക്കുന്ന വിധം കല്‌പിത റിപ്പോര്‍ട്ടുകള്‍ ഹിന്ദുവില്‍ എഴുതുകയുണ്ടായി. 2008 സപ്‌തംബര്‍ 19ന്‌ ഡല്‍ഹിയിലുണ്ടായ ബട്‌ല ഹൗസ്‌ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ പിന്നിലെ നിഗൂഢത ഇന്നും തുറന്നുകാട്ടപ്പെട്ടിട്ടില്ല. എന്നാല്‍, ഇന്റലിജന്‍സും പൊലീസും നല്‌കിയ വിവരങ്ങള്‍ക്ക്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ `ബട്‌ല ഓപ്പറേഷ' നെക്കുറിച്ച്‌ സ്വാമി എഴുതിയ ലേഖനം ഏറെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രവീണ്‍ സ്വാമിയുടെ ന്യൂനപക്ഷ വിരുദ്ധ മനോഭാവമുള്ള ലേഖനങ്ങള്‍ സംഘപരിവാരം കാലങ്ങളായി പറഞ്ഞുവരുന്ന വാദങ്ങള്‍ സമര്‍ഥിക്കുന്നതാണെന്നതും വാസ്‌തവമാണ്‌. ഇന്ത്യന്‍ മുജാഹിദീന്‍, അല്‍ഖാഇദ, ഹുജി തുടങ്ങിയ തീവ്രവാദ സംഘടനകളെക്കുറിച്ച്‌ പര്‍വതീകരിച്ച റിപ്പോര്‍ട്ടുകള്‍ എഴുതുകയും അവയ്‌ക്ക്‌ ഇന്ത്യയിലെ മുസ്‌ലിം സംഘടനകളുമായി രഹസ്യ ബന്ധമാരോപിക്കുകയും ചെയ്യുന്ന പ്രവണത പ്രവീണ്‍ സ്വാമിക്കു ശേഷവും ദ ഹിന്ദു തുടര്‍ന്നുപോന്നു. ഈ പത്രത്തില്‍ കോളമെഴുതുന്ന ഹസന്‍ സുറൂര്‍ പ്രവീണ്‍ സ്വാമിയുടെ തുടര്‍ച്ചയാണ്‌. തീവ്രവാദത്തിന്റെ മറവില്‍ ഇസ്‌ലാമിനു നേരെ ഒളിയമ്പ്‌ എയ്യുകയാണ്‌ ഇദ്ദേഹത്തിന്റെ രീതി. സലഫി (വഹ്‌ഹാബി) തീവ്രവാദത്തെക്കുറിച്ചുള്ള കിടിലന്‍ കഥകള്‍ക്ക്‌ നിറം നല്‌കി ദ ഹിന്ദുവിന്റെ പേജുകള്‍ മലിനമാക്കിക്കൊണ്ടിരിക്കുന്നത്‌ ഹസന്‍ സുറൂറാണ്‌. ഇപ്പോള്‍, സലഫി/വഹ്‌ഹാബി ചിന്താധാരയെ കടുത്ത തീവ്രവാദമായി ഉയര്‍ത്തിക്കാട്ടുന്ന നിലപാട്‌ ദ ഹിന്ദു ഔദ്യോഗികമായി തന്നെ സ്വീകരിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. 


ഓള്‍ ഇന്ത്യ ഉലമ ആന്റ്‌ മശാഇഖ്‌ ബോര്‍ഡ്‌ എന്ന പേരിലുള്ള യു പിയിലെ ഒരു ഈര്‍ക്കിള്‍ സംഘടന, കഴിഞ്ഞ മാസം മധ്യത്തില്‍ വഹ്‌ഹാബി ഇസ്‌ലാമിനെതിരെ ഒരു\ സമ്മേളനത്തില്‍ (സൂഫി മഹാ പഞ്ചായത്ത്‌) നടത്തിയ പ്രസ്‌താവനക്ക്‌ ഹിന്ദു പത്രം വമ്പിച്ച പ്രാധാന്യമാണ്‌ നല്‌കിയത്‌. തീവ്രവാദത്തിനെതിരെ സൂഫി മുന്‍കൈയോടെ ഉണരുന്ന ശ്രദ്ധേയമായ പ്രതികരണമായാണ്‌ ആ വാര്‍ത്ത ആഘോഷിക്കപ്പെട്ടത്‌. അതിനെ മുന്‍നിര്‍ത്തി പിന്നീട്‌ പത്രം എഡിറ്റ്‌ പേജില്‍ ലേഖനവും പ്രസിദ്ധീകരിച്ചു.വഹ്‌ഹാബികള്‍/സലഫികള്‍ മൊത്തത്തില്‍ ആഗോള തീവ്രവാദത്തിന്റെ ഏജന്റുമാരുംസൂഫികള്‍ സമാധാനത്തിന്റെ മൊത്തക്കച്ചവടക്കാരുമാണെന്ന പ്രചാരണം,സാമ്രാജ്യത്വം കെട്ടിയുണ്ടാക്കിയ തിയറികളില്‍ ഒന്നാണ്‌. അത്‌ഇന്ത്യയിലേക്ക്‌ വരുന്ന വഴിയാണ്‌ ഈ മാധ്യമ കാമ്പയ്‌നില്‍ കാണുന്നത്‌.മലയാളത്തിലെ പ്രമുഖ വാരികയില്‍ ഒരു വിദ്വാന്‍ സൈനുദ്ദീന്‍ മഖ്‌ദൂമിനെകേരളത്തിലെ വഹ്‌ഹാബി തീവ്രവാദത്തിന്റെ സ്ഥാപക നേതാവാക്കി മാറ്റി! ആ ലേഖകനും ഏറെ പഥ്യം സംശുദ്ധമായ സൂഫി ഇസ്‌ലാം തന്നെയാണെന്നത്‌ യാദൃച്ഛികമല്ല. 

`വഹ്‌ഹാബി' ചിന്തകള്‍ക്കെതിരിലുള്ള ദ ഹിന്ദുവിന്റെ പടപ്പുറപ്പാടിന്റെ ഒടുവിലത്തെ ഉദാഹരണം മദന്‍ജിത്‌ സിംഗ്‌, എ ത്രട്ട്‌ ട്ടു മള്‍ട്ടീലെയേഡ്‌ സെക്യുലര്‍ കള്‍ച്ചേഴ്‌സ്‌ എന്ന പേരില്‍ (ഒക്‌ടോബര്‍ 31, 2011) എഴുതിയ ലേഖനമാണ്‌. കാശ്‌മീര്‍, കേരളം, ലാഹോര്‍, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിതാനുഭവമുള്ള ലേഖകന്‍ `കണ്ടറിഞ്ഞ' `വഹ്‌ഹാബി ഭീകരത'യുടെ സാക്ഷ്യാനുഭവങ്ങള്‍ എന്ന മട്ടിലാണ്‌ ലേഖനത്തിന്റെ അവതരണം. സൂഫി മഹാപഞ്ചായത്തിന്റെ പ്രസ്‌താവനയില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാരംഭിക്കുന്ന ലേഖനം `വഹ്‌ഹാബി ഭീകരത'യുടെ വളര്‍ച്ചയുടെ ദൃക്‌സാക്ഷി വിവരണം നടത്തുകയാണ്‌! തന്റെ കുട്ടിക്കാലത്ത്‌ കേരളത്തില്‍ കണ്ട മതസാഹോദര്യത്തിന്റെ അനുഭവം വിശദീകരിച്ച ശേഷം, ഇന്ന്‌ വഹ്‌ഹാബി സ്വാധീനഫലമായി കേരളം മുസ്‌ലിം തീവ്രവാദത്തിന്റെ പിടിയിലായതായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. വെറുതെ പറയുകയല്ല ഇതൊന്നും. അതിന്‌ തെളിവുമുണ്ട്‌, ഒരു വഹ്‌ഹാബി പോഷക സംഘടനയായ (!) `പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ' മദ്‌റസയില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ ക്ലാസ്സുകളിലാക്കി `ശരീഅനിയമം' നടപ്പാക്കുന്നു എന്നതാണ്‌ ഒരു തെളിവ്‌. ഇതേ `വഹ്‌ഹാബി സംഘടന'(!) തൊടുപുഴ ന്യൂമാന്‍ കോളെജിലെ ടി ജെ ജോസഫിനെ പ്രവാചകനിന്ദയുടെ പേരില്‍ കൈവെട്ടിയത്‌രണ്ടാമത്തെ തെളിവ്‌. എങ്ങനെയുണ്ട്‌ നമ്മുടെ ദേശീയ പത്രത്തിന്റെ വിവരനിലവാരം! 


സലഫികള്‍ എന്നവകാശപ്പെടുന്ന തീവ്രവാദ ചിന്തയുള്ള ന്യൂനപക്ഷം ലോകത്തുണ്ടെന്നത്‌ ഒരു രഹസ്യമല്ല. ഈ കോളത്തില്‍ തന്നെ പലതവണ അതു വ്യക്തമാക്കിയിട്ടുണ്ട്‌. എന്നു കരുതി, `സലഫി' തീവ്രവാദത്തിന്റെ ബ്രാന്റ്‌ നെയിമാണെന്ന്‌ പ്രചരിപ്പിക്കുന്നത്‌ കേവലം അസംബന്ധമല്ല, ആസൂത്രിത നീക്കമാണ്‌. ഇത്തരം കള്ളക്കഥകള്‍ മെനയുമ്പോള്‍ അല്‌പമെങ്കിലും വിശ്വസനീയമായിരിക്കാന്‍ നോക്കുന്നത്‌ നല്ലതാണ്‌. തീവ്രവാദത്തിന്റെ പേരില്‍ പരസ്‌പരം പോരടിക്കുന്ന കേരളത്തിലെ സലഫി സംഘടനയും പോപ്പുലര്‍ ഫ്രണ്ടും പരസ്‌പരം പോഷക സംഘടനകളാണെന്ന്‌ എഴുതിവിട്ടാല്‍, അത്‌ വിശ്വസിക്കാന്‍ മദനജിത്തല്ലാത്ത ഒരു മന്ദബുദ്ധിയെയും കിട്ടില്ല!

-മുജീബ്റഹ്മാന്‍ കിനാലൂര്‍

തുനീഷ്യ: ഇസ്‌ലാമിക രാഷ്‌ട്രീയത്തിന്റെ നവപരിണാമം

November 01, 2011

0 പ്രതികരണങ്ങള്‍
മുല്ലപ്പൂ വിപ്ലവം'' നടന്ന ടുനീഷ്യയില്‍ പതിറ്റാണ്ടുകളുടെ ഏകാധിപത്യ
ഭരണത്തിനുശേഷം സു താര്യമായ തെരഞ്ഞെടുപ്പ്‌ നടന്നിരിക്കുന്നു.
പ്രതീക്ഷിച്ചപോലെ റാഷിദ്‌ ഗനൂഷിയുടെ നേതൃത്വത്തിലുള്ള `അന്നഹ്‌ദ'
പാര്‍ട്ടി 217ല്‍ 90 സീറ്റുകള്‍നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി
മാറിയിരിക്കുന്നു. 41.5% വോട്ടുകളും പാര്‍ട്ടി ഒറ്റയ്‌ക്ക്‌ നേടിയിട്ടുണ്ട്‌.
ഇസ്‌ലാമിക പാര്‍ട്ടിയായ അന്നഹ്‌ദയുടെ നേതൃത്വത്തിലുള്ള
ദേശീയ ഐ ക്യമുന്നണി സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്കകം നിലവില്‍
വരുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്‌.

1956ല്‍ ഫ്രഞ്ച്‌ അധിനിവേശത്തിന്നെതിരെ പോരടിച്ച്‌ നേടിയെടുത്ത
സ്വാതന്ത്ര്യം, സ്വന്തം ജനതയ്‌ക്ക്‌ നിഷേധിക്കുകയായിരുന്നു
രാഷ്‌ട്രസ്ഥാപകനായ ഹ ബീബ്‌ ബുര്‍ഗീബ. ഇസ്‌ലാമിനോട്‌ അദ്ദേഹത്തിന്‌ 

വെറുപ്പായിരുന്നു. പാശ്ചാത്യ മാതൃകയിലുള്ള ഒരു തുനീഷ്യയായിരുന്നു
ബുര്‍ഗീബയുടെ ലക്ഷ്യം. സ്‌ത്രീകള്‍ ശിരോവസ്‌ത്രം ധരിക്കുന്നതും
പുരുഷന്മാര്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നതും കടുത്ത നിയന്ത്രണങ്ങളിലൂടെ
നിരുത്സാഹപ്പെടുത്തി. റമദാനില്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട്‌ ഓറഞ്ച്‌
ജ്യൂസ്‌ കുടിച്ച്‌ വ്രതമാസത്തിന്റെ പാവനതയെ അദ്ദേഹം ഇടിച്ചുതാഴ്‌ത്തി.
ബുര്‍ഗീബയു ടെ അതേവഴി തന്നെയാണ്‌ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരനായ
സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും തെ രഞ്ഞെടുത്തത്‌. ഇസ്‌ലാമിക
ചിഹ്നങ്ങളെയും സംഘടനകളെയും ബിന്‍ അലി നിരന്തരം പരിഹസിച്ചു. ഇസ്‌ ലാമിക
കക്ഷിയായ അന്നഹ്‌ദയെ നിരോധിച്ചു. അതി ന്റെ സമുന്നത നേതാക്കളെയും
പ്രവര്‍ത്തകരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ആയിരക്കണക്കിനാളുകളെ
കൊലപ്പെടുത്തി. ദീര്‍ഘ വര്‍ഷത്തെ തടവുവാസത്തിനുശേഷം രാഷ്‌ട്രീയ
അഭയാര്‍ഥിയായി ഇരുപത്‌ വര്‍ഷത്തോളം ലണ്ടനില്‍ താമസിച്ച 

അന്നഹ്‌ദ തലവന്‍ റാഷിദ്‌ ഗനൂഷി കഴിഞ്ഞ ജനുവരിയിലാണ്‌ നാട്ടില്‍ തിരിച്ചെത്തിയത്‌.

ഗനൂഷിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ അന്നഹ്‌ദ
മികച്ച വിജയം നേടിയിരിക്കുന്നത്‌.തുനീഷ്യന്‍ ഏകാധിപതി ബിന്‍ അലിക്കെതിരെ വന്‍ ജനകീയ രോഷമാണ്‌ അണപൊട്ടിയൊഴുകിയത്‌. അന്നഹ്‌ദക്ക്‌ ഏറ്റവും അനുകൂല രാഷ്‌ട്രീയ സാഹചര്യമായിരുന്നു ഇത്‌. എന്നിട്ടും അമ്പത്‌ ശതമാനം സീറ്റുപോലും
അന്നഹ്‌ദക്ക്‌ തനിച്ച്‌ നേടാനായില്ല. നിരോധം നീക്കിയതിനെ തുടര്‍ന്ന്‌
പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത 1989ല്‍ 40% വോട്ടുനേടുമെന്ന്‌
അവകാശപ്പെട്ടിരുന്നു. 25 വര്‍ഷത്തിനുശേഷം ഏറ്റവും അനുകൂല സാഹചര്യത്തിലും
അത്രയും വോട്ടുകള്‍ മാത്രമേ അന്നഹ്‌ദ നേടിയുള്ളൂ എന്നത്‌ വിശകലനം
അര്‍ഹിക്കുന്നുണ്ട്‌. ഏകാധിപത്യംകൊണ്ട്‌ മനംമടുത്ത ജനങ്ങള്‍, ഏകകക്ഷി
ഭരണത്തേക്കാള്‍ ബഹുകക്ഷി ഭരണമാണ്‌ താല്‌പര്യപ്പെടുന്നതെന്നാണ്‌ ഈ അനുഭവം
നല്‍കുന്ന പാഠം. ജനാധിപത്യവും ബഹുസ്വരതയും ആഗ്രഹിക്കു ന്ന ടുനീഷ്യന്‍ ജനത
ഇസ്‌ലാമിക മൂല്യങ്ങളും ഉയര്‍ ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു.


അന്നഹ്‌ദ കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയത്‌ ഇടതുകക്ഷിയായ
കോണ്‍ഗ്രസ്‌ ഫോര്‍ ദ റിപ്പബ്ലിക്ക്‌ ആണ്‌, 30 സീറ്റും 13.8% വോട്ടും.
അത്തകത്തുല്‍ പാര്‍ട്ടി 21 സീറ്റും 9.7% വോട്ടും കരസ്ഥമാക്കിയിട്ടുണ്ട്‌.
ഈ പ്രമുഖ കക്ഷികള്‍ചേര്‍ന്നുള്ള കൂട്ടുമുന്നണിയായിരിക്കും തുനീഷ്യയില്‍
ഇനി അധികാരത്തില്‍ വരിക. പ്രസിഡന്റിനെ നിശ്ചയിക്കുക, ഒരു വര്‍ഷത്തിനകം
ഒരു ഭരണഘടനയ്‌ക്ക്‌ രൂപം നല്‍കുക, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുക
എന്നിവയാണ്‌ പുതിയ ഭരണകൂടത്തിന്റെ ചുമതലകള്‍. വിപ്ലവാനന്തരം ഇറാനില്‍
നിലവില്‍വന്ന ഇസ്‌ലാമിക സ്റ്റേറ്റിന്റെ മാതൃകക്ക്‌ പകരം ജനാധിപത്യ മതേതര
മാതൃകയാണ്‌ ടുനീഷ്യന്‍ ജനത ആഗ്രഹിക്കുന്നത്‌. റാഷിദ്‌ ഗനൂഷിയുടെ
നേതൃത്വത്തില്‍ അന്നഹ്‌ദ മുന്നോട്ടുവെക്കുന്നതും തുര്‍ക്കി
മോഡലാക്കിക്കൊണ്ടുള്ള ഒരു ആധുനിക രാഷ്‌ട്രമാണ്‌; ബഹുസ്വരസമൂഹമാണ്‌.
തെരഞ്ഞെടുപ്പ്‌ വിജയത്തിനുശേഷം ഗനൂഷി നടത്തിയ പത്രസമ്മേളനത്തില്‍ ടുനീഷ്യ
ഇനിമുതല്‍ എല്ലാവരുടേതുമായിരിക്കുമെന്ന്‌ അസന്നിഗ്‌ധമായി
പ്രഖ്യാപിക്കുകയുണ്ടായി. സ്വതന്ത്ര ടുനീഷ്യയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും
മുസ്‌ലിംകള്‍ക്കും ഇതര മതസ്ഥര്‍ക്കും മതരഹിതര്‍ക്കും തുല്യസ്വാതന്ത്ര്യം
രാജ്യത്ത്‌ നിലവില്‍വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്നഹ്‌ദയുടെ 90
സീറ്റില്‍ 47ലും സ്‌ത്രീകളാണ്‌. ടുനീഷ്യയുടെ ഭാവി രാഷ്‌ട്രീയത്തില്‍
സ്‌ത്രീകളുടെ നിര്‍ണായക പങ്കാളിത്തം ഉണ്ടായിരിക്കും. ബഹുത്വാധിഷ്‌ഠിത
ജനാധിപത്യത്തില്‍ അധിഷ്‌ഠിതമായ ഒരു ഭരണഘടനയാണ്‌ ടുനീഷ്യയില്‍ വരാന്‍
പോകുന്നതെന്ന്‌ ഗനൂഷിയുടെ നിലപാടുകള്‍ അടിവരയിടുന്നുണ്ട്‌.

അന്നഹദയുടെ നേതൃസ്ഥാനത്തും മുന്‍നിരയിലും ഗനൂഷിയുടെ നിലപാടുകളെ
പിന്തുണയ്‌ക്കുന്നവരാണുള്ളതെങ്കിലും, അത്രമാത്രം ഉദാരമനോഭാവമില്ലാത്ത ഒരു
വിഭാഗവും പാര്‍ട്ടിക്കകത്തുണ്ടെന്നതും വസ്‌തുതയാണ്‌. അവരെ യഥോചിതം
അനുനയിപ്പിക്കുക പാര്‍ട്ടി നേരിടാനിരിക്കുന്ന വെല്ലുവിളിയായിരിക്കും.
എന്തായാലും, മഹാഭൂരിപക്ഷം മൂസ്‌ലിംകളുള്ള ഒരു രാജ്യത്ത്‌, ബഹുസ്വരതയും
ബഹുകക്ഷി ജനാധിപത്യ സമ്പ്രദായവും അനുവര്‍ത്തിക്കാന്‍ ഒരു ഇസ്‌ലാമിക
രാഷ്‌ട്രീയ കക്ഷി തയ്യാറാവുന്നു എന്നത്‌ ശ്രദ്ധേയമായ മാറ്റമാണ്‌.
ഇസ്‌ലാം/ജാഹിലിയ്യത്ത്‌ എന്ന ദ്വന്ദ ത്തെ പൊളിച്ചെഴുതി മതവിരുദ്ധ
ഭൗതികവാദ ഇസങ്ങളുമായിപോലും പ്രായോഗിക രാഷ്‌ട്രീയത്തില്‍
ചേര്‍ന്നുനില്‌ക്കുന്ന വിപ്ലവകരമായ പരീക്ഷണത്തിനാ ണ്‌ തുനീഷ്യ മുതിരാന്‍
പോകുന്നത്‌. ക്ലാസിക്കല്‍ ഇസ്‌ ലാമിസ്റ്റ്‌ ചിന്തകരായ സയ്യിദ്‌
ഖുതുബിന്റെയും ഹസനുല്‍ബന്നയുടെയും രാഷ്‌ട്രീയ ദര്‍ശനത്തില്‍നിന്നും
ബഹുദൂരം മുന്നോട്ടുപോയി പുതിയ ലോകക്രമത്തില്‍ ഇസ്‌ലാമിക
രാഷ്‌ട്രീയത്തിന്റെ പ്രതിനിധാനം എങ്ങനെയായിരിക്കുമെന്ന്‌ തുനീഷ്യയിലെ
പുതിയ സര്‍ ക്കാര്‍ കാണിച്ചുതരുമെന്ന്‌ പ്രതീക്ഷിക്കാം. ഈജിപ്‌ തിലും
യമനിലും ലിബിയയിലുമൊക്കെ സമീപഭാവിയില്‍ സംഭവിക്കാനിടയുള്ള രാഷ്‌ട്രീയ
പരിണാമങ്ങളും ഇസ്‌ലാമിക രാഷ്‌ട്രീയത്തെക്കുറിച്ചുള്ള മുന്നെഴുത്തുകളെ
പുറംതള്ളിക്കൊണ്ടുളളതായിരിക്കാനാണ്‌ സാധ്യത. 


                                                                                -മുജീബ്റഹ്മാന്‍ കിനാലൂര്‍
Related Posts with Thumbnails

feedback comments