ഇതല്ലേ ചരിത്രത്തിന്റെ തിരിച്ചടി?

October 25, 2011

0 പ്രതികരണങ്ങള്‍

നാലുപതിറ്റാണ്ടിലേറെ ലിബിയ വാണരുളിയ കേണല്‍ ഗദ്ദാഫിക്ക്‌ അപമാനകരമായ അന്ത്യമാണ്‌ വന്നുഭവിച്ചത്‌. പേപ്പട്ടിയെപ്പോലെ ഓടിച്ചിട്ടുകൊലപ്പെടുത്തിയ ആ ഭരണാധികാരിയുടെ മൃതശരീരം തെരുവില്‍ വലിച്ചിഴക്കപ്പെട്ടു. ഈ ഹീനകൃത്യം ചെയ്‌തതാകട്ടെ, സ്വന്തം ജനതയും. ഗദ്ദാഫിയുടെ അന്ത്യത്തെത്തുടര്‍ന്ന്‌ പ്രചരിച്ച ഒരു ഇ-മെയിലില്‍ ഗദ്ദാഫി ലിബിയക്ക്‌ നേടിക്കൊടുത്ത മറക്കാന്‍ പാടില്ലാത്ത നേട്ടങ്ങളുടെ പട്ടിക നിരത്തുന്നുണ്ട്‌. ഇറ്റലിയില്‍നിന്ന്‌ മോചിതമാകുമ്പോള്‍ നാമമാത്രം സാക്ഷരതയുണ്ടായിരുന്ന ഈ രാജ്യത്തിന്റെ സാക്ഷരത ശതമാനം 84 ആയി ഉയര്‍ത്തിയതും, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിയതും വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ക്ക്‌ അവരുടെ യോഗ്യതക്കനുസരിച്ച സൗജന്യവേതനം നല്‍കുന്നതും വിവാഹിതരാകുന്ന ദമ്പതികള്‍ക്ക്‌ വീടുവെക്കാന്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതും എല്ലാവര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കുന്നതും പലിശ രഹിത കടമിടപാട്‌ നടത്തുന്ന ബാങ്കുകള്‍ സ്ഥാപിച്ചതുമടക്കമുള്ള ഒട്ടേറെ നേട്ടങ്ങളുടെ ഈ പട്ടിക ആരെയും അതിശയിപ്പിക്കുക തന്നെ ചെയ്യും. ലിബിയയില്‍ ഇത്രയേറെ വികസനങ്ങള്‍ കൊണ്ടുവന്ന ഗദ്ദാഫിയെ എന്തുകൊണ്ട്‌ യുവാക്കളായ റിബല്‍ പോരാളികള്‍ ക്രൂരമായി കൊലപ്പെടുത്തി? അതിന്‌ ഒരേയൊരു ഉത്തരമേ ഉള്ളൂ. അത്രയേറെ കടുത്ത ഏകാധിപത്യ മുറകള്‍ കേണല്‍ ഗദ്ദാഫി നടപ്പാക്കിയിരുന്നു എന്നതുതന്നെ. ഒരിക്കല്‍പോലും ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അധികാരം അദ്ദേഹം ജനതയ്‌ക്ക്‌ വിട്ടുകൊടുത്തില്ല. അതുകൊണ്ട്‌ ഗദ്ദാഫി നേടിക്കൊടുത്ത സൗകര്യങ്ങളെയും സൗജന്യങ്ങളെയും അവര്‍ വിലമതിച്ചില്ല. ജീവിത സൗകര്യങ്ങളേക്കാള്‍ തങ്ങള്‍ക്ക്‌ വേണ്ടത്‌ സ്വാതന്ത്ര്യവും ജനാധിപത്യവുമാണെന്ന്‌ ലിബിയന്‍ ജനത വിളിച്ചുപറഞ്ഞു.




ലിബിയയില്‍ ഗദ്ദാഫിയുടെ ജീവനെടുക്കാനുള്ള പോരാട്ടം മുറുകുമ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അഭിമാന നഗരിയായ വാഷിംഗ്‌ടണിലെ വാള്‍സ്‌ട്രീറ്റില്‍ ജനം തെരുവ്‌ കയ്യേറിക്കൊണ്ടിരിക്കുകയായിരുന്നു. സപ്‌തംബര്‍ 17ന്‌ വാന്‍കോവറില്‍ ഒരു കൊച്ചുഗ്രൂപ്പ്‌ തുടങ്ങിവെച്ച, `ഒക്യുപെയ്‌ വാള്‍സ്‌ട്രീറ്റ്‌' എന്നുപേരിട്ട തെരുവ്‌ പ്രതിഷേധം ചിക്കാഗോയിലും കാലിഫോര്‍ണിയയിലും ഫ്‌ളോറിഡയിലും പടര്‍ന്നുപിടിച്ച്‌ ഇപ്പോള്‍ 208 നഗരങ്ങളില്‍ പുകഞ്ഞുകത്തുകയാണെന്നാണ്‌ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ആദ്യദിനങ്ങളില്‍ വാള്‍സ്‌ട്രീറ്റില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയവര്‍ 700 പേര്‍ മാത്രമായിരുന്നു. അതിപ്പോള്‍ ആയിരക്കണക്കായാണ്‌ പെരുകിക്കൊണ്ടിരിക്കുന്നത്‌. ജനായത്ത ഭരണവും, പൗരസ്വാതന്ത്ര്യവും ഉദാരവാദവും കവിഞ്ഞൊഴുകുന്ന സാക്ഷാല്‍ അമേരിക്കന്‍ നഗരങ്ങളില്‍ ജനരോഷം ഇരമ്പുന്നത്‌ എന്തിനുവേണ്ടിയാണ്‌? അമേരിക്കന്‍ തെരുവുകളിലെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആവശ്യങ്ങള്‍ ഇത്രയേ ഉള്ളൂ: ``ഞങ്ങള്‍ക്ക്‌ ഒരു മേല്‍ക്കൂര തരൂ, ആഹാരം തരൂ, അന്തസ്സുള്ള ജോലിയും വേതനവും തരൂ''. സമരക്കാരുടെ പ്ലക്കാര്‍ഡുകള്‍ ഇതാണ്‌ പറയുന്നത്‌. ലിബിയയിലെ ജനത ഞങ്ങള്‍ക്ക്‌ ജീവിക്കാനുള്ള സൗകര്യങ്ങളേക്കാള്‍ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും വേണമെന്ന്‌ വിളിച്ചുകൂവുന്നു. വാള്‍സ്‌ട്രീറ്റിലെ പ്രതിഷേധക്കാരാകട്ടെ, ജനാധിപത്യവും ഉദാരസ്വാതന്ത്ര്യവും ഞങ്ങളുടെ വയറ്‌ നിറക്കില്ല; ജീവിതസൗകര്യങ്ങള്‍ തരൂ എന്ന്‌ അലമുറയിടുന്നു. നമ്മുടെ കാലം സാക്ഷിയാകേണ്ടിവരുന്നത്‌ ഏറെ ഭിന്ന വിചിത്ര ദൃശ്യങ്ങള്‍ തന്നെ! 

 ഏകാധിപതിയായ ഗദ്ദാഫി ബില്യന്‍ കണക്കിന്‌ സമ്പത്ത്‌ കടുംബസ്വത്താക്കിയെന്നും ധൂര്‍ത്തടിച്ചുവെന്നും ആരോപണമുണ്ട്‌. ജനാധിപത്യ രാജ്യമായ അമേരിക്കയില്‍ ഭരണാധികാരികള്‍ പൊതുഖജനാവ്‌ സ്വന്തമാക്കിയെന്ന ആരോപണമുയര്‍ന്നിട്ടില്ല. എന്നാല്‍ ഇവിടെ ജനാധിപത്യമെന്നാല്‍ അത്‌ പണാധിപത്യം മാത്രമാണെന്ന നഗ്നസത്യം അനുഭവങ്ങളിലൂടെ ജനത തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ്‌ വാള്‍സ്‌ട്രീറ്റിലെ പ്രകമ്പനങ്ങള്‍. അമേരിക്കന്‍ ജനാധിപത്യത്തിലെ `ജനം' ചെറിയ ന്യൂനപക്ഷം വരുന്ന മഹാസമ്പന്നര്‍ മാത്രമാണ്‌. വെറും 400 ധനാഢ്യരുടെ സമ്പാദ്യം, രാജ്യത്തെ പകുതി ജനസംഖ്യയുടെ മൊത്തം സമ്പത്തിനേക്കാള്‍ അധികം വരും അമേരിക്കയില്‍. 25 മില്യന്‍ പേര്‍ തൊഴില്‍ രഹിതരായ ഈ രാജ്യത്ത്‌ 50 മില്യന്‍ ജനങ്ങള്‍ക്ക്‌ ആരോഗ്യസുരക്ഷയില്ല. 100 മില്യന്‍ ആളുകള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു.


ഒരു വലിയ വിഭാഗം ജനങ്ങള്‍ പട്ടിണിയില്‍ വെന്തുനീറുമ്പോള്‍ ഉപഭോഗാസക്തിയുടെ പുളപ്പില്‍ മതിമറന്നാറാടുകയാണ്‌ ന്യൂയോര്‍ക്ക്‌ പോലുള്ള വന്‍ നഗരങ്ങള്‍. പാവപ്പെട്ടവന്റെ ചോര കുടിച്ചുവീര്‍ക്കുന്ന ഭീകരജീവിയാണ്‌ കാപിറ്റലിസമെന്ന്‌ അമേരിക്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക വൈരുധ്യങ്ങള്‍ വിളിച്ചോതുന്നു. കോര്‍പറേറ്റ്‌ കുത്തകകളുടെ ആര്‍ത്തിക്കുമുന്നില്‍ കീഴടങ്ങുന്ന ഭരണകൂടം, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ വിസ്‌മരിച്ച്‌, ആയുധം വാങ്ങിക്കൂട്ടാനും പ്രതിരോധ ബഡ്‌ജറ്റ്‌ ഇരട്ടിപ്പിക്കാനും യുദ്ധപരമ്പരകള്‍ അഴിച്ചുവിടാനുമാണ്‌ ധൃഷ്‌ടരായിക്കൊണ്ടിരിക്കുന്നത്‌. ഈ ചോരക്കളി ഇനി അനുവദിക്കില്ലെന്ന താക്കീതുകൂടിയാണ്‌ വാള്‍സ്‌ട്രീറ്റില്‍ ഉയരുന്നത്‌. രാഷ്‌ട്രീയ ഏകാധിപത്യം പോലെതന്നെ ജനവിരുദ്ധമാണ്‌ സാമ്പത്തിക കുത്തകവല്‍ക്കരണവുമെന്ന്‌ വാള്‍സ്‌ട്രീറ്റ്‌ തെരുവ്‌ വൈറ്റ്‌ ഹൗസിലെ പണ്ഡിറ്റുകളെ പഠിപ്പിച്ചുവരികയാണ്‌. സ്വേച്ഛാധിപതികള്‍ക്ക്‌ തൂക്കുകയറുമായി ഇറങ്ങിത്തിരിച്ചവരുടെ സ്വന്തം പാളയത്തില്‍ തന്നെ, സാമ്പത്തിക സ്വേച്ഛാധിപതികളെ കഴുത്തിനു പിടിക്കാന്‍ കൈ ഉയര്‍ന്നിരിക്കുന്നു. ഇതിനല്ലേ ചരിത്രത്തിന്റെ തിരിച്ചടി എന്നൊക്കെ പറയുന്നത്‌?

-മുജീബ്റഹ്മാന്‍ കിനാലൂര്‍

താടി നീട്ടിവളര്‍ത്തിയ വരനെ വേണം!

October 11, 2011

8 പ്രതികരണങ്ങള്‍
കേരളത്തിലെ പ്രചാരമുള്ള ഒരു മുസ്‌ലിം പത്രത്തില്‍ ഈയിടെയായി വന്ന ചില
വിവാഹപരസ്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്‌. ഇംഗ്ലീഷിലുള്ള
പരസ്യവാചകത്തിന്റെ ആശയം ഏതാണ്ട്‌ ഇങ്ങനെയാണ്‌: `കര്‍ശനമായി സലഫീ മാര്‍ഗം പിന്തുടരുന്ന മുസ്‌ലിം പെണ്‍കുട്ടി. 22 വയസ്സ്‌. വിദ്യാസമ്പന്ന. നല്ല
വിദ്യാഭ്യാസമുള്ള സലഫീ യുവാക്കളില്‍ നിന്ന്‌ ആലോചന ക്ഷണിക്കുന്നു.
തിങ്ങിനീണ്ട താടിയുള്ളവരും നെരിയാണിക്ക്‌ മേലെ വസ്‌ത്രം അണിയുന്നവരും
മാത്രം അപേക്ഷിച്ചാല്‍ മതി'.


ഇത്‌ കേവലം ഒരു വിവാഹപരസ്യമല്ലേ, അതെന്തിത്ര വിഷയമാക്കാന്‍ എന്ന്‌
ആലോചിക്കുന്നവരുണ്ടാവും. എന്നാല്‍ കാര്യം അത്ര ലളിതമല്ലെന്നാണ്‌
കേരളത്തില്‍ മുജാഹിദ്‌ സംഘടനാ വൃത്തത്തില്‍ വളര്‍ന്നുപെരുകുന്ന പുതിയ
മാറ്റങ്ങളെ നിരീക്ഷിക്കുമ്പോള്‍ ബോധ്യമാകുന്നത്‌. ഒരു വിവാഹജീവിതത്തിന്റെ
വിജയത്തിന്‌ ആദര്‍ശപ്പൊരുത്തം ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കേരളത്തില്‍ മുജാഹിദ്‌/സലഫി, ജമാഅത്ത്‌, സുന്നി എന്നൊക്ക പറഞ്ഞാല്‍തന്നെ
ഏറെക്കുറെ ഒരാളുടെ ആദര്‍ശത്തെ സംബന്ധിച്ച ധാരണ ലഭിക്കും. അതിനാല്‍
മുജാഹിദ്‌ യുവാവ്‌, സുന്നി യുവതി എന്നൊക്കെ വിശേഷിപ്പിക്കുക പതിവുണ്ട്‌.


സലഫി എന്ന്‌ പരിചയപ്പെടുത്തിയ ഒരു കുടുംബം, തങ്ങള്‍ പ്രതീക്ഷിക്കുന്ന
യുവാവിന്റെ ആദര്‍ശം നിര്‍വചിക്കുകയാണ്‌ ഈ പരസ്യത്തിലൂടെ യഥാര്‍ഥത്തില്‍
ചെയ്‌തിരിക്കുന്നത്‌. മുജാഹിദുകളുടെ ആദര്‍ശ വ്യതിരിക്തതയായി മറ്റുള്ളവര്‍
ചിലപ്പോള്‍ ആരോപിക്കാറുള്ളത്‌ നമസ്‌കാരത്തില്‍ നെഞ്ചില്‍ കൈ
കെട്ടുന്നവര്‍, സ്വുബ്‌ഹില്‍ ഖുനൂത്ത്‌ ചൊല്ലാത്തവര്‍, കൂട്ടുപ്രാര്‍ഥന
നിര്‍വഹിക്കാത്തവര്‍ എന്നൊക്കെയാണ്‌. ഈ വിഷയങ്ങളിലൊക്കെ മുജാഹിദുകള്‍
കണിശത പുലര്‍ത്തുന്നു എന്നല്ലാതെ ഇതൊന്നുമല്ല മുജാഹിദുകളുടെ യഥാര്‍ഥ
വ്യക്തിത്വസത്ത പ്രത്യുത, വിശ്വാസ കാര്യങ്ങളില്‍ കലര്‍പ്പില്ലാത്ത
തൗഹീദ്‌ അനുധാവനം ചെയ്യുന്നുവെന്നതാണെന്ന്‌ എല്ലാവര്‍ക്കുമറിയാം.
എങ്കില്‍പോലും, ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഇത:പര്യന്തമുള്ള
ചരിത്രത്തില്‍ ഇന്നേവരെ, നെഞ്ചില്‍കൈകെട്ടുന്ന വരനെ വേണം എന്നൊരു പരസ്യം
എവിടെയും വന്നുകണ്ടിട്ടില്ല! പ്രമുഖ മുജാഹിദ്‌ പണ്ഡിതര്‍
മുജാഹിദുകളല്ലാത്ത കുടുംബങ്ങളുമായിപ്പോലും വിവാഹബന്ധം സ്ഥാപിച്ചതിന്‌
നൂറുക്കണക്കിന്‌ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടുതാനും.


പ്രശ്‌നം നീളുന്ന താടിയോ ചുരുങ്ങുന്ന ഉടുമുണ്ടോ അല്ല. മുന്‍കാല
പണ്ഡിതന്മാരില്‍ താടിയുടെയും തലപ്പാവിന്റെയും വേഷഭൂഷകളുടെയുമൊക്കെ
കാര്യത്തില്‍ ഭിന്ന രീതി സ്വീകരിച്ചവര്‍ അനേകമുണ്ട്‌. ഇതുവരെ അതൊക്കെ
ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമായി മാത്രമേ
പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. എന്നാലിപ്പോള്‍, അത്‌ ഒരു വിഭാഗത്തിന്റെ

കൃത്യമായ `ഐഡന്റിറ്റി മാര്‍ക്ക്‌' ആയി മാറിയിരിക്കുന്നു.ഇസ്വ്‌ലാഹീ
പ്രസ്ഥാനത്തിന്റെ ഈറ്റില്ലമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഒരു പ്രദേശത്ത്‌
ഈയിടെ ഒരു ജനാസയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഒരു കാഴ്‌ച പ്രത്യേകം
ശ്രദ്ധിക്കപ്പെട്ടു. യുവാക്കളില്‍ അധികപേരും തൊപ്പിയും തിങ്ങിനീണ്ട
താടിയും പൈജാമയും ഒരു യൂനിഫോം എന്ന പോലെ സ്വീകരിച്ചിരിക്കുന്നു;
സ്‌ത്രീകള്‍ മുഖം മൂടുന്ന നിഖാബ്‌ അണിഞ്ഞിരിക്കുന്നു!


സലഫീ ആദര്‍ശത്തിന്‌ വേഷഭൂഷകള്‍കൊണ്ട്‌ സവിശേഷമായ `ഐഡന്റിറ്റി'
കൃത്രിമമായി നിര്‍മിക്കാന്‍ ശ്രമിക്കുന്നവര്‍, അതേസമയം സാക്ഷാല്‍
ഇസ്വ്‌ലാഹീ ആദര്‍ശ മൗലികതയില്‍ വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിക്കുകയും
ചെയ്‌തുകൊണ്ടിരിക്കുന്നു. മുജാഹിദുകള്‍ ഒരു നൂറ്റാണ്ടുകാലം
പൊരുതിത്തോല്‌പിച്ച അന്ധവിശ്വാസങ്ങളെ വ്യാജവാദങ്ങളുന്നയിച്ച്‌
പുനരാനയിക്കുകയും ജിന്ന്‌-ശൈത്വാന്‍ ഗവേഷണത്തിന്റെയും ആത്മീയ
ചികിത്സകളുടെയും മറ്റും പേരില്‍, മുജാഹിദുകളെന്ന്‌
അവകാശപ്പെടുന്നവര്‍ക്കിടയില്‍ കുടിപ്പകയും ശൈഥില്യവും രൂപപ്പെടുകയും
ചെയ്‌തിരിക്കുന്നുവെന്നത്‌ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ
അനുഭവസത്യമായിരിക്കുന്നു.


ഈ തിരിച്ചുനടത്തം എവിടെച്ചെന്ന്‌ അവസാനിക്കും എന്ന്‌ തിട്ടപ്പെടുത്താന്‍
കഴിയാത്തവിധം ലക്കുകെട്ടതാണ്‌ `ആദര്‍ശഗവേഷണങ്ങ'ളുടെ പോക്ക്‌. പുതിയ
ബ്രാന്റ്‌ സലഫികളുടെ ജുമുഅ ഖുത്വ്‌ബകളില്‍, മറ്റു സമുദായങ്ങളില്‍നിന്ന്‌
`വേറിട്ട്‌' അകന്നുനില്‌ക്കേണ്ടതിന്റെ പ്രാധാന്യം മാത്രമാണത്രേ
സ്ഥിരപ്രതിപാദ്യം. ഐക്യം, ആദര്‍ശ ബാഹ്യസൗഹൃദം, മിതത്വം തുടങ്ങിയ
ഇസ്‌ലാമിക ആദര്‍ശങ്ങളെ ഇവര്‍ കടുത്ത അപരാധമായി കരുതുന്നപോലെ! ഇപ്പോള്‍
തല്‍ക്കാലം താടിപ്പരസ്യമേ വന്നുള്ളൂ എന്ന്‌ സമാധാനിക്കാം. ഇക്കണക്കിന്‌
പോ യാല്‍, സുജൂദില്‍ നിന്നുയരുമ്പോള്‍ മുഷ്‌ടി ചുരുട്ടുന്ന
യുവാവിനെത്തേടിക്കൊണ്ടും ദിനേന നൂറു പല്ലിയെ കൊല്ലുന്ന
യുവതിയെത്തേടിക്കൊണ്ടുമുള്ള വിവാഹപരസ്യങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം.
ഏറ്റവുമൊടുവില്‍ സ്‌ത്രീകളുടെ ചേലാകര്‍മവും ഖുത്വ്‌ബകളില്‍ ഗവേഷണ
വിഷയമായിട്ടുണ്ടെന്ന്‌ കേള്‍ക്കുന്നു. ഇതും `സലഫി ഐഡന്റിറ്റി'യില്‍
പട്ടിക ചേര്‍ക്കപ്പെടുമോ? ഇനിയെന്തെല്ലാം കുതൂഹുലങ്ങളാണാവോ
കാണാനിരിക്കുന്നത്‌?!

ഫലസ്‌തീന്‌ അംഗത്വം: യു എന്നിലെ നെറികെട്ട കളികള്‍

October 08, 2011

0 പ്രതികരണങ്ങള്‍

സെപ്‌തംബര്‍ ഒടുവില്‍ നടന്ന ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലി,
ഒരിക്കല്‍ കൂടി അതിന്റെ സാമ്രാജ്യത്വ ദാസ്യം തെളിയിച്ചിരിക്കുന്നു.ഇത്തവണ യു എന്നില്‍ ഉയര്‍ന്നുകേട്ട ഏറ്റവും പ്രധാന ചര്‍ച്ച ഫലസ്‌ത്വീന്‌അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നല്ലോ. യു എന്നില്‍ കേവലംനിരീക്ഷക പദവി മാത്രമുള്ള ഫലസ്‌ത്വീന്‍ അതോറിറ്റിയുടെ പ്രസിഡന്റ്‌മഹ്‌മൂദ്‌ അബ്ബാസ്‌, തന്റെ രാഷ്‌ട്രത്തിന്റെ സ്വതന്ത്ര അസ്‌തിത്വം യുഎന്‍ അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. അമ്പത്‌വര്‍ഷത്തിലേറെയായി ഇസ്‌റാഈല്‍ ഭീകരതയുടെ ഇരകളായ ഫലസ്‌ത്വീനികള്‍നേരിടുന്ന കരളലിയിപ്പിക്കുന്ന പീഡനങ്ങള്‍ അബ്ബാസിന്റെ വാക്കുകള്‍ക്ക്‌കണ്ണീരിന്റെ നനവ്‌ പകരുന്നുണ്ടായിരുന്നു. കടുത്ത ഭീകരരാഷ്‌ട്രമായഇസ്‌റാഈല്‍ അന്തസ്സോടെ യു എന്നില്‍ കയറിയിരിക്കുന്നു.നീതിനിഷേധിക്കപ്പെട്ട ഫലസ്‌ത്വീനാകട്ടെ പുറത്തും! ലോകരാഷ്‌ട്ര വേദിയുടെ ഈവിചിത്ര നീതിയുടെ നേരെയുള്ള വിമര്‍ശനമായി, ഫലസ്‌ത്വീന്റെ യു എന്‍ അംഗത്വപദവിക്കായുളള അഭ്യര്‍ഥന. എന്നാല്‍, ഈ അഭ്യര്‍ഥന തള്ളിക്കളയാന്‍ ഒളിഞ്ഞുംതെളിഞ്ഞും ചരടുവലിക്കുകയാണ്‌ അമേരിക്കയും മറ്റു പാശ്ചാത്യ മേലാളന്മാരുംയു എന്നില്‍ ചെയ്‌തത്‌.





ഫലസ്‌ത്വീന്‌ യു എന്‍ അംഗത്വം നിഷേധിക്കാന്‍ പാശ്ചാത്യലോബി ഉയര്‍ത്തുന്ന
ന്യായമാണ്‌ രസാവഹം. പതിറ്റാണ്ടുകളായി മേഖലയില്‍ തുടര്‍ന്നുവരുന്നസമാധാനശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാവും ഫലസ്‌ത്വീന്റെ `ഏകപക്ഷീയ'മായനീക്കം എന്നാണവര്‍ വാദിച്ചത്‌! ഫലസ്‌ത്വീന്‌ പരിമിതമായ അധികാരമുള്ളത്‌വെസ്റ്റ്‌ബാങ്കിന്റെ ഒരു ഭാഗത്തും ഗസ്സ ചീന്തിലും മാത്രമാണ്‌. അതുതന്നെ1993ല്‍ അമേരിക്കയുടെ മാധ്യസ്ഥതയിലുണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച്‌ലഭിച്ചതാണ്‌. അന്നത്തെ കരാറനുസരിച്ചു തന്നെ അഞ്ച്‌ വര്‍ഷത്തിനു ശേഷംഫലസ്‌ത്വീന്‌ സ്വതന്ത്രപദവി നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു.എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച്‌ മിണ്ടാട്ടമില്ല. മാത്രമല്ല,വെസ്റ്റ്‌ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ആയിരക്കണക്കിന്‌ വീടുകള്‍ പണിതുപുതിയ സെറ്റില്‍മെന്റുകള്‍ ആരംഭിക്കുകയും ചെയ്‌തിരിക്കുന്നു. ഒരു`ശുദ്ധജൂതരാഷ്‌ട്രം' എന്ന പദ്ധതിയുമായാണ്‌ പ്രധാനമന്ത്രി നെതന്യാഹുമുന്നോട്ടു പോകുന്നത്‌. പിന്നെ എന്ത്‌ സമാധാന ശ്രമത്തെക്കുറിച്ചാണാവോഇവര്‍ സംസാരിക്കുന്നത്‌!


ഫലസ്‌ത്വീന്റെ യു എന്‍ അംഗത്വ നീക്കത്തിന്‌ ഇടങ്കോലിടാന്‍ ഏറ്റവുംനെറികെട്ട പ്രചാരണം നടത്തിയത്‌ അമേരിക്ക തന്നെയാണ്‌. ഫലസ്‌ത്വീനെപിന്തുണച്ചാല്‍ തങ്ങള്‍ നല്‍കുന്ന ധനസഹായം പിന്‍വലിക്കുമെന്ന്‌ അമേരിക്കവിവിധ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയുണ്ടായി. പോര്‍ച്ചുഗല്‍ ഇക്കാര്യംതുറന്നു തന്നെ സമ്മതിച്ചു. ഫലസ്‌ത്വീന്‍ അതോറിറ്റിക്ക്‌ അമേരിക്കനല്‍കുന്ന വാര്‍ഷിക ധനസഹായം (470 മില്യന്‍ ഡോളര്‍) പിന്‍വലിക്കുമെന്ന്‌പ്രധാനമന്ത്രി സലാം ഫയ്യാദിനെ വിളിച്ച്‌ ഭീഷണിപ്പെടുത്താന്‍ യു എസ്‌വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനു പോലും ലജ്ജ തോന്നിയില്ല.എന്തിനധികം യു എന്നിന്റെ ഹ്യുമന്‍ റൈറ്റ്‌സ്‌ കൗണ്‍സിലിന്‌ അമേരിക്കനല്‍കുന്ന ഫണ്ട്‌ മേലില്‍ തരില്ലെന്ന്‌ താക്കീതും അമേരിക്കനല്‍കുകയുണ്ടായി. ഇതോടെ 2012ല്‍ വരാനുള്ള അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ ജൂതലോബിയുടെ പിന്തുണ ഒബാമ ഉറപ്പാക്കിക്കഴിഞ്ഞു എന്ന്‌അനുമാനിക്കാം! അമേരിക്കയ്‌ക്ക്‌ പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി,ഇറ്റലി, നെതര്‍ലാന്റ്‌, ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നീ രാജ്യങ്ങളുംഫലസ്‌ത്വീന്‌ യു എന്‍ സമ്പൂര്‍ണ അംഗത്വ പദവി നല്‍കുന്നതിനെഎതിര്‍ക്കുന്നുണ്ട്‌.




പാശ്ചാത്യ ശക്തികള്‍ എതിര്‍പ്രചാരണം നടത്തുമ്പോഴും ലോകജനത ഫലസ്‌ത്വീന്‌ഒപ്പം നില്‍ക്കുന്നു. പല കാര്യങ്ങളിലും അമേരിക്കയെ അനുകൂലിക്കുന്നഇന്ത്യ, പരസ്യമായി തന്നെ ഫലസ്‌ത്വീനെ അനുകൂലിക്കാന്‍ മുന്നോട്ടുവന്നത്‌ലോകസമൂഹത്തില്‍ ഇന്ത്യക്കാരുടെ ആത്മാഭിമാനം ഉയര്‍ത്തിയ നീക്കമാണ്‌.രക്ഷാസമിതിയില്‍ ഫലസ്‌ത്വീന്‍ അംഗത്വം സംബന്ധിച്ച്‌ വോട്ടെടുപ്പ്‌നടക്കുമ്പോള്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം (128 വോട്ട്‌) നേടാനായാല്‍ഫലസ്‌ത്വീന്‍ യു എന്‍ അംഗമാവും. എന്നാല്‍, അമേരിക്ക പ്രമേയത്തെ വീറ്റോചെയ്യാനാണ്‌ സാധ്യത.ഇനി ഫലസ്‌ത്വീന്‌ യു എന്‍ അംഗത്വം നേടാനായാല്‍ എന്ത്‌ സംഭവിക്കും എന്നത്‌മറ്റൊരു ചോദ്യമാണ്‌. കാര്യമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുതന്നെയാണ്‌ ഇതഃപര്യന്തമുള്ള അനുഭവങ്ങള്‍ വെച്ച്‌ നല്‍കാവുന്ന മറുപടി.കഴിഞ്ഞ അഞ്ച്‌ പതിറ്റാണ്ടിനിടെ യു എന്‍ പാസാക്കിയ മിക്ക പ്രമേയങ്ങളുംഇസ്‌റാഈല്‍ ചവറ്റുകൊട്ടയിലിടുകയാണല്ലോ ചെയ്‌തത്‌. അതിനാല്‍ ഇസ്‌റാഈല്‍അധിനിവേശ ഭൂമിയില്‍ ജീവിക്കുന്ന 1.5 മില്യന്‍ ഫലസ്‌ത്വീനികളുടെയോമില്യണ്‍ കണക്കായ അഭയാര്‍ഥികളുടെയോ ജീവിത സുരക്ഷിതത്വത്തെ ഒരു അംഗത്വപദവി ബാധിക്കുമെന്ന്‌ വിശ്വസിക്കാന്‍ ന്യായമില്ല.




തന്നെയുമല്ല, ഫലസ്‌ത്വീന്‌ യു എന്‍ അംഗത്വം ലഭിച്ചാല്‍ സംഭവിക്കാനിടയുള്ളസാഹചര്യം മുന്നില്‍ കണ്ട്‌ ഇപ്പോള്‍ തന്നെ ഇസ്‌റാഈല്‍ സൈനിക സജ്ജീകരണംനടത്തുകയും ചെയ്‌തുകഴിഞ്ഞിരിക്കുന്നു. വെസ്റ്റ്‌ബാങ്കിലെ നിയന്ത്രണ രേഖലംഘിക്കപ്പെട്ടാല്‍ കനത്ത `പ്രതിരോധം' തീര്‍ക്കാനുള്ള സന്നാഹംപൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന ഇസ്‌റാഈല്‍ ഡിഫന്‍സ്‌ ഫോഴ്‌സിനെഉദ്ധരിച്ച്‌ ഹരറ്റ്‌സ്‌ പത്രം നല്‍കിയ റിപ്പോര്‍ട്ട്‌, യു എന്‍അംഗത്വാനന്തര ഫലസ്‌ത്വീനെക്കുറിച്ചുള്ള സൂചന നല്‍കിക്കഴിഞ്ഞു.


                                                       -മുജീബ് റഹ്മാന്‍‌ കിനാലൂര്‍

നിരാശരാവേണ്ട, യുവാക്കള്‍ പട നയിക്കും

October 04, 2011

0 പ്രതികരണങ്ങള്‍


യുവാക്കള്‍ വഴിതെറ്റിപ്പോകുന്നു, വിവര സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഫലമായി പുതുതലമുറ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക്‌ കൂപ്പുകുത്തുന്നു, കാമ്പസുകളില്‍ അരാചകത്വം പടരുന്നു തുടങ്ങിയ പ്രലപനങ്ങള്‍ മതപ്രസംഗ വേദികളിലെ അനുപേക്ഷ്യ പല്ലവിയാണിന്നും. സമൂഹത്തെ മൊത്തത്തില്‍ ഗ്രസിക്കുന്ന അധാര്‍മികതകള്‍ യുവസമൂഹത്തെയും ബാധിക്കുന്നുണ്ടെന്നത്‌ ശരിയാണെങ്കിലും ചെറുപ്പക്കാരെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌ വസ്‌തുതാപരമാണോ? ലോകത്ത്‌ നടക്കുന്ന മാറ്റങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവര്‍ക്ക്‌ അങ്ങനെ വിധിയെഴുതാന്‍ കഴിയില്ല.

മതത്തോടും ധാര്‍മികജീവിതത്തോടുമുള്ള അഭിനിവേശം യുവാക്കളില്‍ മുമ്പത്തേക്കാളധികം വര്‍ധിക്കുകയാണെന്ന്‌ മിഡിലീസ്റ്റില്‍ നടക്കുന്ന വിപ്ലവ പോരാട്ടങ്ങളുടെ അടിവേരുകള്‍ ചികയുമ്പോള്‍ ബോധ്യമാകും. തുനീഷ്യയിലും ഈജിപ്‌തിലും യമനിലുമൊക്കെ പതിറ്റാണ്ടുകളായി ഭരണം നടത്തിവരുന്ന ഏകാധിപതികള്‍, അള്‍ട്രാ സെക്യുലറിസത്തിന്റെ പ്രണേതാക്കളായിരുന്നു. മഹാഭൂരിപക്ഷം മുസ്‌ലിംകള്‍ ജീവിക്കുന്ന ഈ രാജ്യങ്ങളില്‍ ഇസ്‌ലാമിക സംസ്‌കാരത്തെ മരവിപ്പിക്കാന്‍ ശ്രമിച്ച അവര്‍ പാശ്ചാത്യസംസ്‌കാരത്തെ ആശ്ലേഷിക്കുന്നതില്‍ മത്സരിക്കുകയും ചെയ്‌തു. അഴിമതിയും അനീതികളും അരാചകത്വവും അപ്രതിരോധ്യമായ ഒരവസ്ഥയിലെത്തി അവിടങ്ങളില്‍. മതാടിസ്ഥാനത്തില്‍ സംഘടിക്കുന്നതിന്റെയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും ആത്മീയ ജീവിതശൈലിയും വളരുന്നതിനെയും ഭരണാധികാരികള്‍ കര്‍ശനമായി വിലക്കി. ഇസ്‌ലാമിക പാര്‍ട്ടികളുടെ നേതാക്കള്‍ക്കും മതപണ്ഡിതന്മാര്‍ക്കും മറ്റു രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയാനോ തടവറയില്‍ ജീവിതം ഹോമിക്കാനോ ആയിരുന്നുവിധി. `അരാഷ്‌ട്രീയമായി' മതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും സാമൂഹ്യക്ഷേമ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും പോലും രഹസ്യപ്പോലീസ്‌ പൊക്കിക്കൊണ്ടുപോയി ജയിലിലടക്കുന്ന അനുഭവങ്ങള്‍ തുനീഷ്യയില്‍ പതിവാണെന്ന്‌ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പരാതിപ്പെട്ടുകൊണ്ടിരുന്നു.


ഈ ഗര്‍ഹനീയ സാഹചര്യത്തെ നേരിടാന്‍ നാല്‍പതിനു താഴെ പ്രായമുള്ള യുവാക്കളാണ്‌ രണ്ടും കല്‍പിച്ച്‌ പോരാട്ടത്തിനിറങ്ങിയത്‌. അവരെ നയിക്കുന്ന പ്രചോദനം ഇസ്‌ലാമികമായ ആവേശം കൂടിയാണ്‌. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള വിമോചന സമരം, മതമനുസരിച്ച്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള സ്വാതന്ത്ര്യവും വകവെച്ചുകിട്ടണമെന്ന മുദ്രാവാക്യം അലിഞ്ഞുചേര്‍ന്നതാണ്‌. തഹ്‌രീര്‍ സ്‌ക്വയറിലെ ജുമുഅ നമസ്‌കാരവും സമരവേദികളിലെ പ്രാര്‍ഥനകളും യുവാക്കള്‍ ഏതു ദിശയില്‍ ചിന്തിക്കുന്നു എന്നതിന്റെ സൂചന നല്‍കുന്നുണ്ട്‌. ഇന്റര്‍നെറ്റിനെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും ചൊല്ലി ബേജാറാകുന്നവര്‍ അതേ മീഡിയ തന്നെയാണ്‌ യുവാക്കളില്‍ പുതിയ സമരജ്വാല പടര്‍ത്തുന്നത്‌ എന്ന മറുവശം കാണാതെ പോകുകയാണ്‌.


സെക്യുലറിസത്തിന്‌ മതനിരാസം കല്‍പിക്കുന്ന സാക്ഷാല്‍ സര്‍ക്കോസിയുടെ ഫ്രാന്‍സില്‍ ഏറ്റവുമൊടുവില്‍ നടന്ന ഒരു സര്‍വേ ഇവിടെ ചേര്‍ത്തുവെക്കാവുന്നതാണ്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ മെച്ചപ്പെട്ട മുസ്‌ലിം സാന്നിധ്യമുള്ള രാജ്യമാണ്‌ ഫ്രാന്‍സ്‌. ഫ്രാന്‍സിന്റെ പൊതുജീവിതത്തില്‍, മതചിഹ്നങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയത്‌ സെക്യുലറിസ്റ്റ്‌ ഭരണാധികളെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട്‌ കുറച്ചുകാലമായി. ആ വെപ്രാളമാണ്‌ ശിരോവവസ്‌ത്രം നിരോധിക്കാനുള്ള ശ്രമങ്ങളിലും മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക്‌ ഭീകരമുദ്ര നല്‍കി പീഡിപ്പിക്കാനുള്ള നീക്കങ്ങളിലുമൊക്കെ തെളിഞ്ഞുവരുന്നത്‌. മതസ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള ശക്തമായ നടപടികള്‍ ഫ്രാന്‍സിലെ മുസ്‌ലിംകളെ കൂടുതല്‍ മതാഭിമുഖ്യമുള്ളവരാക്കി മാറ്റാനാണ്‌ ഉപകരിച്ചിട്ടുള്ളതെന്നാണ്‌ പുതിയ സര്‍വേ വെളിപ്പെടുത്തുന്നത്‌. മതവിശ്വാസത്തിന്റെ കാര്യത്തില്‍ വയോവൃദ്ധന്മാരല്ല, ചെരുപ്പക്കാരാണ്‌ മുന്‍പന്തിയിലേക്ക്‌ വരുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്‌.


ഫ്രാന്‍സിലെ പ്രശസ്‌തമായ മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ ആന്റ്‌ ഒപ്പീനിയന്‍ പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആയ (IFOP) നടത്തിയ സര്‍വേ, 1989നും 2011നുമിടയില്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ പ്രവണതാ മാറ്റത്തെയാണ്‌ പഠനവിധേയമാക്കിയത്‌. ഫ്രഞ്ച്‌ മുസ്‌ലിംകളില്‍ 41 ശതമാനവും വിശ്വാസ ആചാരങ്ങള്‍ കണിശമായി പുലര്‍ത്തുന്നവരും 34 ശതമാനം അനുഷ്‌ഠാന കാര്യങ്ങളില്‍ കണിശതയില്ലാത്ത വിശ്വാസികളും 22 ശതമാനം നാമമാത്ര മുസ്‌ലിംകളുമാണെന്ന്‌ സര്‍വേ പറയുന്നു. അഞ്ചു നേരത്തെ നമസ്‌കാരം കണിശമായി നിര്‍വഹിക്കുന്നവര്‍ 1989ല്‍ 41 ശതമാനമുണ്ടായിരുന്നെങ്കിലും 1994ല്‍ അത്‌ 31 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും 39 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. വെള്ളിയാഴ്‌ച ജുമുഅയില്‍ പങ്കെടുക്കാന്‍ ഒട്ടേറെ തടസ്സങ്ങളുണ്ട്‌ ഫ്രാന്‍സില്‍; പ്രത്യേകിച്ച്‌ തൊഴിലാളികള്‍ക്ക്‌. എന്നിട്ടും ജുമുഅ കൃത്യമായി നിര്‍വഹിക്കുന്നവരുടെ തോത്‌ 25 ശതമാനം ഉയര്‍ന്നിരിക്കുന്നു. ഏറെ ശ്രദ്ധേയമായത്‌, ഇക്കാര്യത്തില്‍ 7 ശതമാനമായിരുന്ന യുവാക്കളില്‍ 23 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നു എന്നതാണ്‌. ലോകത്തുടനീളം സ്‌ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത്‌ തുലോം കുറവാണ്‌. എന്നാല്‍ ഫ്രാന്‍സ്‌ മുസ്‌ലിം സ്‌ത്രീകളില്‍ പതിനാറ്‌ ശതമാനവും ജുമുഅയില്‍ സംബന്ധിക്കുന്നു. 71 ശതമാനം പേരും റമദാനില്‍ മുഴുവന്‍ നോമ്പും പിടിക്കുന്നു. 9 ശതമാനം പൂര്‍ണമല്ലാതെയും നോമ്പെടുക്കുന്നു. നോമ്പെടുക്കുന്നില്ലെന്ന്‌ പരസ്യമാക്കുന്നവരുടെ തോത്‌ ഈ കാലയളവില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു.


ശിരോവസ്‌ത്രത്തിനെതിരെ ഫ്രാന്‍സില്‍ കടുത്ത നീക്കങ്ങള്‍ നടക്കുന്നതിനിടയിലും അത്‌ സ്ഥിരമായി ധരിക്കുന്ന മുസ്‌ലിംകളുടെ എണ്ണം 26 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. സ്ഥിരമല്ലാത്ത ശിരോവസ്‌ത്രധാരികള്‍ 6 ശതമാനം വേറെയും. മദ്യോപയോഗം, സ്വവര്‍ഗരതി തുടങ്ങിയ തിന്മകള്‍ വര്‍ജിക്കുന്ന കാര്യത്തിലും വമ്പിച്ച മുന്നേറ്റം മുസ്‌ലിം യുവാക്കളില്‍ കാണുന്നതായി സര്‍വേ വെളിപ്പെടുത്തുന്നു.


ചുരുക്കത്തില്‍ മുസ്‌ലിം രാജ്യങ്ങളിലും സെക്യുലര്‍ രാജ്യങ്ങളിലും മതധാര്‍മിക മണ്ഡലങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക്‌ ചുക്കന്‍ പിടിക്കുന്നത്‌ യുവാക്കളാണ്‌. ശാസ്‌ത്ര സാങ്കേതിക വളര്‍ച്ചയ്‌ക്കൊത്ത്‌ ഈ പ്രവണത ഭാവിയില്‍ കൂടാനാണ്‌ സാധ്യത. അതിനാല്‍ ചെറുപ്പക്കാരെ ചൊല്ലി അത്ര നിരാശപ്പെടാനൊന്നുമില്ല. അവരാണ്‌ അടുത്ത അങ്കം ജയിക്കാന്‍ പോകുന്നത്‌.


-മുജീബ് റഹ്മാന്‍‌ കിനാലൂര്‍
Related Posts with Thumbnails

feedback comments