ആഗോള ഭീകരതയെക്കുറിച്ച് കഴിഞ്ഞ ഒരു ദശാബ്‌ദമായി ലോകത്ത് നടക്കുന്ന
ചര്‍ച്ചകളുടെ ദിശ തിരിക്കുന്നതാണ് ജൂലൈ 22 ന് നോര്‍വെയില്‍ നടന്ന
തീവ്രവാദ പ്രവര്‍ത്തനം. ഓസ്‌ലോ നഗരത്തില്‍ ഉണ്ടായ സ്‌ഫോടനത്തിലും
തൊട്ടുടനെ നഗരത്തിനടുത്തുള്ള ഒട്ടോയ ദ്വീപിലുണ്ടായ വെടിവെപ്പിലുമായി
എഴുപത്താറു പേരാണ് കൊല്ലപ്പെട്ടത്. നോര്‍വെയുടെ ചരിത്രത്തില്‍
അഭൂതപൂര്‍വമായ ഈ കൂട്ടക്കൊല അമേരിക്കയെയും യൂറോപ്പിനെയും
നടുക്കിയിരിക്കുന്നു. മരണസംഖ്യ എഴുപത്തിയാറ് ആണെങ്കിലും നോര്‍വെയിലെയും
(നാല് മില്യണ്‍) ഓസ്‌ലോ നഗരത്തിലെയും (1/2 മില്യണ്‍) ജനസംഖ്യ
പരിഗണിക്കുമ്പോള്‍ ആക്രമണം ചെറുതായി കാണാനാകില്ല.
ആക്രമണമുണ്ടായ ഉടനെ പ്രമുഖ ലോകമാധ്യങ്ങള്‍ കണ്ണും പൂട്ടി, അതിന്റെ
ഉത്തരവാദിത്തം അല്‍ഖാഇദയില്‍ ചാര്‍ത്തി. എന്നാല്‍ ആ സംശയത്തെ
ബലപ്പെടുത്തുന്ന ഒരു കച്ചിത്തുരുമ്പുപോലും കിട്ടാതായപ്പോള്‍ മനോനില
തെറ്റിയ ഒരു ബഹിഷ്‌കൃത യുവാവിന്റെ അഴിഞ്ഞാട്ടമായി ഈ ഭീകരസംഭവം
ലഘൂകരിക്കാനാണ് തിടുക്കത്തില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിച്ചത്.
ഒടുവില്‍ പതുക്കെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദിയുടെ
പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായതോടെ,
ഭീകരതയെക്കുറിച്ചുള്ള പഠനം നടത്തിവരുന്ന `എക്‌സ്‌പേര്‍ട്ടുകള്‍'
മാളത്തില്‍ ഒളിച്ചിരിക്കുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിക്കഴിഞ്ഞ
ഉടനെ പാശ്ചാത്യ ചാനലുകളിലും പത്രങ്ങളിലും പതിവുള്ള `ഭീകരതയുടെ
മത'ത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും തുടര്‍ ചര്‍ച്ചകളും ഇത്തവണ കണ്ടില്ല.
കാരണം മറ്റൊന്നുമല്ല, ഓസ്‌ലോ ഭീകരവാദി എ ക്ലാസ് ക്രൈസ്‌തവ വലതുപക്ഷ
തീവ്രവാദി ആണ് എന്നതുതന്നെ!
ബ്രെവികിന്റെ കുറ്റസമ്മതം
`ഭീകരാക്രമണ'ത്തിനു പിന്നിലെ നിഗൂഢ ശക്തികളെക്കുറിച്ച്
ഊഹാപോഹങ്ങള്‍ക്ക് ഒട്ടും വക നല്‌കാന്‍ നോര്‍വെ ഭീകരന്‍ ആന്‍ഡേഴ്‌സ്
ബെഹ്‌റിംഗ് ബ്രെയ്‌വിക്കിന് താല്‌പര്യമുണ്ടായിരുന്നില്ല. തന്റെ
മത-രാഷ്‌ട്രീയ പശ്ചാത്തലവും ഈ മുപ്പത്തിരണ്ടുകാരന്‍ മറച്ചുവെച്ചില്ല.
കൃത്യത്തിനു ഏതാനും മണിക്കൂറുകള്‍ മുമ്പ് ഇന്റര്‍നെറ്റിലൂടെ
പുറത്തുവിട്ട തന്റെ മാനിഫെസ്റ്റോയില്‍ ഭീകരാക്രമണത്തിന്റെ ലക്ഷ്യവും
തത്വശാസ്‌ത്രവും വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടോയ ദ്വീപില്‍ നടന്ന,
ലേബര്‍ പാര്‍ട്ടിയുടെ സമ്മര്‍ കേമ്പില്‍ പങ്കെടുത്ത യുവാക്കളെയാണ്
ഇയാള്‍ വെടിവെച്ചിട്ടത്. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും
മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യം നല്‌കുകയും ബഹുസ്വരത അംഗീകരിക്കുകയും
ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് അടിത്തറയുള്ള ലേബര്‍ പാര്‍ട്ടി ഭാവിയില്‍
നിലനില്‌ക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഭാവി വാഗ്‌ദാനങ്ങളായ യുവാക്കളെ
ഇയാള്‍ ഉന്നം വെച്ചത്. വെടിവെപ്പിനു ശേഷം ബലപ്രയോഗത്തിനു മുതിരാതെ
ബ്രെയ്‌വിക് പൊലീസിനു പിടികൊടുത്തു.
കോടതിയിലും അയാള്‍ കുറ്റസമ്മതം നടത്തി, ഖേദമില്ലെന്നു തുറന്നു പറഞ്ഞു.
നോര്‍വെയെയും പാശ്ചാത്യ യൂറോപ്പിനെയും രക്ഷിക്കാനാണ് ഈ സാഹസം
ചെയ്‌തതെന്നാണ് അയാള്‍ കോടതിയെ ബോധിപ്പിച്ചത്. പരമാവധി മരണം
ഉദ്ദശിച്ചുതന്നെയാണ് വെടിയുതിര്‍ത്തതെന്നും നോര്‍വെയുടെ സംസ്‌കാരത്തെ
മലിനപ്പെടുത്തുന്ന രാഷ്‌ട്രീയ നയം സ്വീകരിച്ച് വന്‍തോതില്‍
മുസ്‌ലിംകള്‍ക്ക് പൗരാനുമതി നല്‌കുന്നതിലുള്ള പ്രതിഷേധമാണ്
ആക്രമണമെന്നും ബ്രെയ്‌വിക് കോടതിയോടു തുറന്നടിച്ചു.
നവ നാസിസത്തിന്റെ മതം
`നവനാസി' എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ബ്രെയ്‌വികിനെ
വിശേഷിപ്പിച്ചത്. എന്നാല്‍ നാസികളെപ്പോലെ ഇയാള്‍ ജൂതവിരോധി
അല്ലെന്നതാണ് സത്യം. ഇസ്‌ലാം വിരോധമാണ് ഇയാളുടെ രാഷ്‌ട്രീയം. വലതുപക്ഷ
ക്രൈസ്‌തവ പശ്ചാത്തലമുള്ള ബ്രെയ്‌വിക് ജൂത സയണിസ്റ്റുകളുമായി
കൈകോര്‍ത്ത് മുസ്‌ലിം കുടിയേറ്റക്കാരെ തുരത്തി യൂറോപ്പിനെ
വിമോചിപ്പിക്കണമെന്നും പാശ്ചാത്യ സംസ്‌കാരത്തെ ശുദ്ധീകരിക്കണമെന്നും
കരുതുന്നു. 2083 ല്‍ പൂര്‍ത്തിയാക്കുമെന്ന് ഇയാള്‍ കരുതുന്ന ഈ
`ശുദ്ധീകരണ പദ്ധതി' യുടെ നാന്ദി കുറിക്കുന്നതാണ് ഇപ്പോഴത്തെ
ഭീകരകൃത്യമെന്ന് തന്റെ പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.
മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന് നോര്‍വേയില്‍ ചുക്കാന്‍ പിടിക്കുന്ന
പ്രോഗ്രസ് പാര്‍ട്ടിയിലൂടെയാണ് ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെയ്‌വിക്
വളര്‍ന്നത്. 1997 മുതല്‍ 2007 വരെ ഇയാള്‍ പ്രോഗ്രസീവ് പാര്‍ട്ടി
മെമ്പറായിരുന്നു. 2005 ലും 2009ലും പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ 20
ശതമാനത്തോളം വോട്ടുനേടിയ ഈ പാര്‍ട്ടി രാജ്യത്തെ രണ്ടാമത്തെ പ്രധാന
പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സിജേഴ്‌സന്‍
ഇസ്‌ലാമിനെ നിശിതമായി വിമര്‍ശിക്കുകയും ഇസ്‌ലാം അനുകൂല സമീപനമാരോപിച്ച്
2009 ല്‍ ലേബര്‍ പാര്‍ട്ടിയെ കഠിനമായി കുറ്റപ്പെടുത്തുകയും
ചെയ്‌തിരുന്നു. വംശീയ വെറിയന്മാരുടെ പാര്‍ട്ടി, ലേബര്‍ പാര്‍ട്ടിയെ
നിലയ്‌ക്കു നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍
പ്രോഗ്രസീവ് പാര്‍ട്ടിക്ക് തീവ്രത പോരെന്ന് പറഞ്ഞാണ് ബ്രെയ്‌വിക്
പാര്‍ട്ടി വിട്ടത്. ഇസ്‌ലാമോഫോബിയയുടെ വക്താക്കളായ ഇംഗ്ലീഷ് ഡിഫന്‍സ്
ലീഗുമായി ഇയാള്‍ അടുത്തു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാള്‍
2002 ല്‍ ബ്രിട്ടണില്‍ ഒരു വലതുപക്ഷ സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തതായി
ബ്രിട്ടീഷ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. വിവിധ
വംശീയവാദ- ഇസ്‌ലാം വിരുദ്ധ സംഘടനകളുമായും `സ്റ്റോപ്പ് ഇസ്‌ലാമൈസേഷന്‍
ഓഫ് യൂറോപ്പ്' പോലുള്ള കാംപയ്‌നുകളുമായും ഇയാള്‍ സഹകരിച്ചു
പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബ്രെയ്‌വികിനു പിന്നില്‍?
ബെഹ്‌റിംഗ് ബ്രെയ്‌വിക് എന്ന ഈ തീവ്രവാദി കേവലം ഒരു വ്യക്തി മാത്രമാണോ?
ലോകത്തുടനീളം വേരുകളുള്ള ഏതെങ്കിലും നെറ്റ് വര്‍ക്കുകളില്‍ കണ്ണിയാണോ
ഇയാള്‍? അല്‍ഖാഇദയെക്കുറിച്ച് പര്‍വതീകരിച്ചു പ്രചരിപ്പിക്കുന്ന
നുണക്കഥകള്‍ ബ്രെയ്‌വിക്കിന്റെ കാര്യത്തില്‍ മാധ്യമങ്ങളില്‍
കണ്ടില്ലെന്നതില്‍ അതിശയിക്കാനില്ല. എന്നാല്‍, ലോകത്തുടനീളം
വന്‍വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാം വിരുദ്ധ ഭീകരവാദ
നെറ്റ്‌വര്‍ക്കിലെ ഒരു കണ്ണിയാണ് ബ്രെയ്‌വിക് എന്നത്
മൂടിവെക്കപ്പെടുന്ന ഒരു സത്യമാണ്.
തീര്‍ത്തും ആസൂത്രിതമായിരുന്നു നോര്‍വെ ആക്രമണം എന്ന് സംഭവം സംബന്ധിച്ച
റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. മാര്‍ച്ച് മാസത്തില്‍
തന്നെ ഇയാള്‍ സ്‌ഫോടന വസ്‌തുക്കള്‍ സമാഹരിച്ചു തുടങ്ങിയതിനു രേഖകളുണ്ട്.
മാത്രമല്ല, നോര്‍വെക്കു പുറത്തു നിന്ന് വാങ്ങിയ സ്‌ഫോടനവസ്‌തുക്കളും
തോക്കുകളും ഇയാള്‍ ഉപയോഗിച്ചിട്ടുണ്ട്. ചെക്ക് അധോലോകത്തില്‍ നിന്നാണ്
താന്‍ തോക്കുകള്‍ വാങ്ങിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മിതിച്ചിരുന്നു.
ലൈസന്‍സില്ലാത്ത ധാരാളം മറ്റ് ആയുധങ്ങളും ഇയാളുടെ ഫാമില്‍ നിന്ന്
കണ്ടെടുക്കുകയുണ്ടായി. സംഭവ ശേഷം ആറുപേരെ ഇയാളുടെ കൃഷിയിടത്തില്‍ നിന്ന്
പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒട്ടോയ ദ്വീപില്‍ ലിബറല്‍
പാര്‍ട്ടി ക്യാമ്പ് നടക്കുന്ന ദിവസം അനുയോജ്യമായ സന്ദര്‍ഭം നോക്കിയാണ്
ആക്രമണം ആസൂത്രണം ചെയ്‌തത്. മാത്രമല്ല, പൊലീസ് വേഷത്തിലാണ് ഇയാള്‍
ദ്വീപില്‍ പ്രവേശിച്ചത്. ഈ സാഹചര്യങ്ങള്‍ ഇയാള്‍ക്കു പിന്നില്‍ നിഗൂഢമായ
കേന്ദ്രങ്ങളുടെ പിന്തുണയും ആസൂത്രണവുമുണ്ടെന്ന സംശയത്തിലേക്ക് വിരല്‍
ചൂണ്ടുന്നുണ്ട്. രാഷ്‌ട്രീയമായ പിന്തുണയും ഇയാള്‍ക്കു ലഭിച്ചിട്ടുണ്ടോ
എന്ന സംശയങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.
നോര്‍വെ ഇത്ര അരക്ഷിതമോ?
ഓസ്‌ലോ നഗരത്തില്‍ ബോംബുസ്‌ഫോടനം നടത്തിയ ശേഷമാണ് ഇയാള്‍ ഒട്ടോയ
ദ്വീപിലെത്തി കൂട്ടക്കൊല ചെയ്‌തത്. ഓസ്‌ലോയില്‍ നിന്ന് കേവലം
ഇരുപത്തഞ്ച് മൈല്‍ മാത്രമേ ദ്വീപിലേക്കുള്ളൂ. എന്നാല്‍ ഒട്ടോയ ദ്വീപില്‍
പൊലീസ് എത്തിയത് സംഭവം നടന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ്! തങ്ങളുടെ
പക്കല്‍ അപ്പോള്‍ ഹെലിക്‌പോറ്റര്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ
വിശദീകരണം. നഗരത്തില്‍ ഒരു സ്‌ഫോടനം നടന്നിട്ടും ജാഗ്രത പുലര്‍ത്താന്‍
നോര്‍വീജിയന്‍ പൊലീസിന് മണിക്കൂറുകള്‍ വേണ്ടിവന്നു എന്നു വിശ്വസിക്കാന്‍
കഴിയുമോ? ഓസ്‌ട്രേലിയയില്‍ വെച്ചുതന്നെ താന്‍ പൊലീസ്
പിടിയിലായേക്കുമെന്നാണ് ഭയപ്പെട്ടിരുന്നതെന്നും എന്നാല്‍ തനിക്ക്
നിഷ്‌പ്രയാസം ഒട്ടോയയിലെത്താനായി എന്നും ബ്രെയ്‌വിക് പറയുകയുണ്ടായി.
ഇയാള്‍ക്ക് എവിടെ നിന്നാണ് പൊലീസ് യൂണിഫോം കിട്ടിയത്? ഇയാളുടെ
അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പിടികൂടിയ ആറുപേരെ പൊലീസ് വെറുതെ
വിട്ടതെന്തുകൊണ്ട്? ഇന്റര്‍പോളും നോര്‍വീജിയന്‍ വാച്ചും ലിസ്റ്റില്‍
പെടുത്തിയ ഇയാള്‍ക്ക് ആറ് ടണ്ണിലധികം സ്‌ഫോടനവസ്‌തുക്കളും
വിദേശനിര്‍മിത ആയുധങ്ങളും ശേഖരിക്കാനും സൂക്ഷിക്കാനും സാധിച്ചതെങ്ങനെ?
വിദേശത്തു നിന്നും സ്‌ഫോടന വസ്‌തുക്കള്‍ കടത്തിക്കൊണ്ടു വന്നിട്ട്
കസ്റ്റംസ് അധികൃതര്‍ സംശയിക്കാതിരുന്നതെന്തുകൊണ്ട്? റോയിട്ടര്‍
റിപ്പോര്‍ട്ട് പ്രകാരം ഇയാളുടെ ഫാം രണ്ടു വര്‍ഷം മുമ്പുതന്നെ
വാടകയ്‌ക്കെടുത്തിട്ടുണ്ട്. അതാകട്ടെ, രണ്ടായിരം ബറ്റാലിയന്‍മാര്‍
അടങ്ങുന്ന ഒരു മിലിട്ടറി ബേസിന്റെ മൂക്കിനു താഴെയുമാണ്. രാജ്യത്തിന്റെ
ഏറ്റവും വലിയ മിലിട്ടറി ബേസിനു തൊട്ടടുത്ത് താന്‍ ആക്രമണത്തിനുള്ള
സന്നാഹം നടത്തിയിട്ടും സുരക്ഷാ വിഭാഗത്തിന് കണ്ടെത്താനായില്ലെന്ന്
ബ്രെയ്‌വിക്ക് തന്നെ പരിഹസിക്കുകയുണ്ടായി. ഈ വസ്‌തുതകള്‍ വിരല്‍
ചൂണ്ടുന്നത് ഒന്നുകില്‍ നോര്‍വെയുടെ അരക്ഷിതാവസ്ഥയിലേക്കാണ്.
അല്ലെങ്കില്‍, അധികാര രാഷ്‌ട്രീയ കേന്ദ്രങ്ങളുടെയും പോലീസിന്റെയുമൊക്കെ
രഹസ്യമായ സഹായം ബ്രെയ്‌വികിന്റെ പ്രവര്‍ത്തനത്തിനു ലഭിക്കുന്നുണ്ട്
എന്നതിലേക്ക്. രണ്ടായാലും ബ്രെയ്‌വിക് ഒരു ഒറ്റയാള്‍
പ്രസ്ഥാനമല്ലെന്ന് കരുതാനേ ന്യായമുള്ളൂ. ബാഹ്യ വേരുകളുള്ള ഇയാളുടെ ഭീകര
പ്രസ്ഥാനത്തിന് എവിടെ നിന്നൊക്കെയോ സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍
ലഭിക്കുന്നുണ്ടാവണം.
പൊളിഞ്ഞുവീഴുന്ന മിഥ്യ
ഭീകരവാദത്തിന്റെയും ഹിംസയുടെയും പ്രഭവവും പ്രചോദന കേന്ദ്രവും ഇസ്‌ലാണെന്ന
പ്രചണ്ഡമായ പാശ്ചാത്യമിഥ്യയാണ് ഓസ്‌ലോയില്‍ തകര്‍ന്നു
പാളീസായിരിക്കുന്നത്. ക്രൂരവും ഭീകരവുമായ ആക്രമണം നടത്തുകയും
ഒളികേന്ദ്രങ്ങളിലെ ടേപ്പുകളിലൂടെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും
(അതോ അവരുടെ മേല്‍ ആരോപിക്കുകയോ?!) ചെയ്യുന്ന അല്‍ഖാഇദക്കാരെ
ലജ്ജിപ്പിക്കും വിധം, കൂട്ടക്കശാപ്പു നടത്തി നെഞ്ചുവിരിച്ച് കീഴടങ്ങിയ
ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെയ്‌വിക് ക്രൈസ്‌തവനാണെന്ന് അഭിമാനപൂര്‍വം
അവകാശപ്പെടുന്ന ആളാണ്! സ്വര്‍ഗത്തില്‍ ഹൂറിയെ ലഭിക്കുമെന്ന
ആഗ്രഹത്തിലല്ല, ഇഹലോകത്ത് ഇസ്‌ലാമിനെ തുടച്ചുനീക്കണമെന്ന
അത്യാവേശത്തിലാണിയാള്‍ കൃത്യം ചെയ്‌തത്. ഇസ്‌ലാമാണ് അന്തിമ
ലക്ഷ്യമെന്നും അതിന്റെ ആദ്യപടിയാണ് അവര്‍ക്ക് ഒത്താശ ചെയ്യുന്ന
യൂറോപ്യന്‍ കമ്യൂണിസ്റ്റുകളെയും പ്ലൂരലിസ്റ്റുകളെയും ലേബര്‍
പാര്‍ട്ടിയെയും ഉന്നമിടുന്നതെന്നും ഈ ഭീകരന്‍ തന്നെ പറയുകയുണ്ടായി.
ഇയാള്‍ക്ക് പിന്തുണയുമായി പ്രത്യക്ഷവും പരോക്ഷവുമായി യൂറോപ്പിലെയും
അമേരിക്കയിലെയും നിരവധി ഇസ്‌ലാം വിരുദ്ധ-ക്രൈസ്‌തവ വലതുപക്ഷ
തീവ്രവാദികള്‍ രംഗത്തുവന്നു എന്നതാണ് ഏറെ ഭയാനകമായത്. ബിന്‍ലാദിനോ
അല്‍ഖാഇദക്കോ മുസ്‌ലിംകളില്‍ നിന്ന് കാര്യമായ പിന്തുണ
കിട്ടിയിരുന്നില്ലെന്ന് ഓര്‍ത്തുവെക്കണം.
ഇസ്‌ലാം വിരുദ്ധ, നിയോ നാസിസ്റ്റ്, ക്രൈസ്‌തവ വലതുപക്ഷ, നവയാഥാസ്ഥിതിക
കക്ഷികളും ജൂത സയണിസ്റ്റുകളും വംശവെറിയന്മാരും കമ്യൂണിസ്റ്റു വിരുദ്ധരും
ഉള്‍ക്കൊള്ളുന്ന ഒരു പുതിയ `ഭീകരവാദ' ചേരിയുടെ ഉദയമാണ് ഈ
പതിറ്റാണ്ടിന്റെ തുടക്കത്തില്‍ ഓസ്‌ലോയില്‍ സംഭവിച്ചിരിക്കുന്നത്.
ഹൈന്ദവ തീവ്രവാദത്തെ പോലും ബ്രെയ്‌വിക് ആരാധനയോടെയാണ് കാണുന്നതെന്ന്
അയാളുടെ മാനിഫെസ്റ്റോയില്‍ വിശദീകരിക്കുന്നുണ്ട്. ഈ പുതിയ
ഭീകരവാദത്തിന് വെള്ളവും വളവും നല്‍കിയത് അമേരിക്കന്‍
സാമ്രാജ്യത്വമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. 2001 സപ്‌തംബര്‍ 11നു
ശേഷം ലോകത്തു പരക്കെ ഇസ്‌ലാം വിരുദ്ധ വികാരം വളര്‍ത്തിയതില്‍
അമേരിക്കയാണ് ഒന്നാം പ്രതി. `ഇസ്‌ലാം ഭീകരത'യെക്കുറിച്ചുള്ള ഇല്ലാകഥകള്‍
കേട്ടു വിശ്വസിച്ചാണിപ്പോള്‍ ലോകത്ത് ഇസ്‌ലാം വിരുദ്ധ ഭീകരവാദം
മുളപൊട്ടുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ആസ്‌ട്രിയ, ഇറ്റലി,
നെതര്‍ലാന്റ്, ഡെന്‍മാര്‍ക്ക്, ഹംഗറി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍
രാജ്യങ്ങളില്‍ ഇസ്‌ലാംഭീതി ഒരു കൊടുങ്കാറ്റുപോലെയാണ് കൊണ്ടുനടത്തിയത്.
പ്രവാചക കാര്‍ട്ടൂണ്‍ വിവാദവും പര്‍ദാ വിവാദവും ശരീഅത്ത് വിവാദവുമെല്ലാം
ആ ഭീതി നിര്‍മാണത്തിന്റെ ഉപകരണങ്ങള്‍ മാത്രമായിരുന്നു. അതിന്റെ ശരിയായ
പ്രതികരണമാണ് പാശ്ചാത്യര്‍ക്കു തന്നെ കടുത്ത തലവേദന സൃഷ്‌ടിക്കാന്‍
പോകുന്നത്. പാശ്ചാത്യലോകത്ത് വംശീയവാദവും നാസിസവും ശക്തിപ്പെടുമ്പോള്‍
ഇസ്‌ലാമിക ലോകത്ത് ജനാധിപത്യത്തിനും ബഹുസ്വരതയ്‌ക്കും വേണ്ടിയുള്ള
മുറവിളികളാണ് ഉയരുന്നത് എന്നതും ചരിത്രത്തിലെ കൗതുകകരമായ
വിരോധാഭാസമാണ്.
മതിയാക്കരുതോ, യുദ്ധം?
`ഭീകരതയുടെ അച്ചുതണ്ടിനെതിരെ' 2001ല്‍ ജോര്‍ജ് ബുഷ് തുടങ്ങിയ യുദ്ധം
കൊടും നാശങ്ങള്‍ വിതച്ച് പത്തുവര്‍ഷം പിന്നിടുകയാണ്. ആ യുദ്ധത്തില്‍
പങ്കാളിയാണ് നേര്‍വെയും. അഫ്‌ഗാനിലേക്ക് നോര്‍വെ ട്രൂപ്പിനെ
അയച്ചിരുന്നു. ഏറ്റവുമൊടുവില്‍ ലിബിയയിലേക്കു പോലും `ഭീകരവാദത്തിനെതിരെ'
യു എസ്-നാറ്റോ സഖ്യത്തെ അയച്ചപ്പോള്‍ അതിലും നോര്‍വെയുടെ
പങ്കാളിത്തമുണ്ട്. `ഇസ്‌ലാമിക ഭീകരത' അടിച്ചമര്‍ത്തി, ബിന്‍ലാദിനെ
വകവരുത്തി വാള്‍ ഉറയിലിടാന്‍ നേരമായപ്പോള്‍ ഇതാ സ്വന്തം നാട്ടില്‍
`ഭീകരവാദം' തുടങ്ങിയിരിക്കുന്നു. `ഭീകരത' ഇസ്‌ലാമിന്റെ മാത്രം
സൃഷ്‌ടിയാണെന്നു ധരിച്ചുവശായ പാശ്ചാത്യര്‍ക്ക് ഇനിയെങ്കിലും
യാഥാര്‍ഥ്യബോധം വരുമോ? അഫ്‌ഗാനിലെയും ഇറാഖിലെയും ശേഷിച്ച പട്ടാളക്കാരെ
നോര്‍വെയിലും മറ്റും നിയോഗിക്കുമോ? അല്‍ഖാഇദ പോലുള്ള ജിഹാദികളുടെ
ലിസ്‌റ്റില്‍ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിനെയും നിയോ നാസി മൂവ്‌മെന്റിനെയും
ക്രിസ്‌ത്യന്‍ ഫണ്ടമെന്റലിസ്റ്റുകളെയും എഴുതിച്ചേര്‍ക്കുമോ?
ഭൗമ-രാഷ്‌ട്രീയ താല്‌പര്യങ്ങള്‍ക്കുവേണ്ടി സൃഷ്‌ടിച്ച ഇസ്‌ലാമിക
ഭീകരതയുടെ ബോംബുകള്‍ ബൂമറാങ് പോലെ തിരിച്ചു ചെല്ലുന്നതാണോ ഓസ്‌ലോ
സംഭവത്തില്‍ വായിക്കാവുന്നത്? വൈകാതെ കാലം അതിനു മറുപടി പറയും.
-മുജീബ് റഹ്മാന്‍ കിനാലൂര്‍



