ആണ്‍മക്കളെ ചൊല്ലിയും ബേജാറു വേണം

July 30, 2011

0 പ്രതികരണങ്ങള്‍

മരപ്പൊത്തിനുള്ളില്‍ നിന്ന്‌ പുറത്തെടുക്കപ്പെട്ട ശ്രീജ എന്ന കൊച്ചു പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത നിങ്ങള്‍ മറന്നിട്ടുണ്ടാകില്ല. ക്രൂരമായി ബലാല്‍സംഗം ചെയ്‌തു കൊന്ന ശേഷം ആ കുഞ്ഞിനെ മരപ്പൊത്തില്‍ ഒളിപ്പിക്കുകയായിരുന്നു. സ്‌ത്രീപീഡനത്തെക്കുറിച്ച്‌ ഉയരുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഈ വാര്‍ത്ത നമ്മെ ഏറെ നൊമ്പരപ്പെടുത്തുകയുണ്ടായി. പക്ഷെ, ഈ സംഭവത്തിലെ ഇരയെപ്പോലെ തന്നെ നമ്മെ ഞെട്ടിക്കേണ്ടതാണ്‌ കൃത്യം ചെയ്‌ത പ്രതിയും; വെറും പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള ബാലനാണ്‌ ഈ കേസ്സിലെ പ്രതി. ഇത്രയും കുഞ്ഞു പ്രായത്തില്‍ അവന്റെ ഹൃദയം കടുത്തുപോയത്‌ എന്തെന്ന ചിന്ത നമ്മെ ആകുലപ്പെടുത്തേണ്ടതില്ലേ?



കേരളത്തില്‍ സ്‌ത്രീപീഡനമടക്കമുള്ള കേസ്സുകളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പ്രതിചേര്‍ക്കപ്പെടുന്ന പ്രവണത വര്‍ധിച്ചു വരികയാണ്‌. ഒട്ടേറെ ലൈംഗിക പീഡന കേസുകളില്‍ പന്ത്രണ്ടു മുതല്‍ പതിനാറു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ ഇതിനകം കേരളത്തില്‍ പിടിയിലാകുകയുണ്ടായി. ഇങ്ങനെ പിടിക്കപ്പെട്ട കുട്ടികള്‍ നല്‍കിയ മൊഴികളാണ്‌ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടത്‌. അവരുടെ വീട്ടിലെ സാഹചര്യവും മാതാപിതാക്കളുടെ അശ്രദ്ധയുമാണ്‌ അവരെ കുഞ്ഞുനാളിലെ കുറ്റവാളികളാക്കിയത്‌ എന്ന്‌ അത്തരം മൊഴികളില്‍ വായിച്ചെടുക്കാം.


സ്‌കൂള്‍ വിട്ടുപോകുന്ന കൊച്ചു പെണ്‍കുട്ടിയെ പൂ പറിച്ചു കൊടുക്കാമെന്നു പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ബാലന്‍ പൊലീസിനോട്‌ പറഞ്ഞത്‌, വീട്ടില്‍ പിതാവ്‌ കൊണ്ടുവെച്ച നീലച്ചിത്രങ്ങളില്‍ നിന്നാണ്‌ ലൈംഗിക കാര്യങ്ങള്‍ കണ്ടുപഠിച്ചത്‌ എന്നാണ്‌. ഇവിടെ ഈ പിതാവല്ലേ യഥാര്‍ഥ പ്രതി? സ്വന്തം മക്കള്‍ കാണെ വഴിവിട്ട ബന്ധങ്ങള്‍ പുലര്‍ത്തുന്ന മാതാപിതാക്കള്‍ പിന്നീട്‌ മക്കളും ആ വഴിക്കു വരുന്നതില്‍ വിലപിച്ചിട്ടു കാര്യമുണ്ടോ? പെണ്‍കുട്ടികള്‍ക്ക്‌ കൗമാരത്തില്‍ സംഭവിക്കുന്ന ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ച്‌ അച്ഛനമ്മമാര്‍ ബോധവാന്മാരാകുന്ന പോലെ, ആണ്‍കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും ഉണ്ടാകാറില്ല.
``അവള്‍ പ്രായപൂര്‍ത്തിയാകാന്‍ പോകുന്ന പെണ്ണാണ്‌'' എന്ന ഒരുള്‍ക്കിടിലം പെണ്‍മക്കളെ ശ്രദ്ധിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ പുലര്‍ത്തുമ്പോള്‍ ``അവന്‍ ഒരാണല്ലേ'' എന്ന ധൈര്യവും ആത്മവിശ്വാസവുമാണ്‌ ആണ്‍കുട്ടികളുടെ കാര്യത്തില്‍. ചീത്തപ്പേരുണ്ടാക്കുന്നതും ഭാവിയില്‍ സ്വന്തം ജീവിതം തകര്‍ക്കുന്നതുമായ ഒട്ടേറെ അപകടങ്ങളില്‍ ചെന്നുചാടാനുള്ള സാധ്യതകള്‍ കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കു മുന്നിലുണ്ടെന്ന യാഥാര്‍ഥ്യം മാതാപിതാക്കാള്‍ മറന്നുപോകുകയാണ്‌.


ഹൈസ്‌കൂള്‍ പ്രായത്തില്‍ എത്തുമ്പോഴേക്കും ആണ്‍കുട്ടികള്‍ക്ക്‌ കണക്കിലധികം സ്വാതന്ത്ര്യം വകവെച്ചു കിട്ടുന്നുണ്ട്‌. മലബാറിലെ കുടുംബങ്ങളില്‍ ഇതു കൂടുതലാണ്‌. പിതാവ്‌ വീട്ടിലില്ലാത്ത പ്രവാസി കുടുംബങ്ങളില്‍ മിക്കവാറും പതിമൂന്നു വയസ്സോടെ ആണ്‍കുട്ടികളുടെ മേലുള്ള പിടുത്തം വിട്ടുപോകുന്നു. സന്ധ്യ പിന്നിട്ടാലും അവര്‍ കൂടണയാറില്ല. അവര്‍ ആരോടൊക്കെ കൂട്ടുകൂടുന്നു, ബന്ധപ്പെടുന്നു, ചങ്ങാത്തം സ്ഥാപിക്കുന്നു എന്നൊന്നും വീട്ടുകാര്‍ അന്വേഷിക്കുന്നില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ മുതിര്‍ന്ന യുവാക്കളുമായി ചങ്ങാത്തം കൂടുമ്പോള്‍ പോലും വീട്ടുകാര്‍ അതില്‍ അസ്വാഭാവികത കാണാറില്ല. വീട്ടില്‍ പല സഹായങ്ങളുമായി, സ്‌നേഹം നടിച്ചു അടുത്തുകൂടുന്ന മുതിര്‍ന്നവര്‍ ഈ കുട്ടികളെ എങ്ങോട്ടു കൂട്ടിക്കൊണ്ടുപോയാലും, അവരോടൊപ്പം രാത്രികാലങ്ങള്‍ ചെലവഴിച്ചാല്‍ പോലും സംശയിക്കാത്ത അമ്മമാര്‍ പിന്നീട്‌, അവരില്‍ സ്വഭാവ വൈകൃതങ്ങള്‍ ഉറച്ചു കഴിഞ്ഞ ശേഷം കരഞ്ഞതു കൊണ്ടു കാര്യമുണ്ടോ?


കൗമാര പ്രായക്കാരായ ആണ്‍കുട്ടികളുടെ കൈയില്‍ പണം വന്നു ചേരുമ്പോള്‍, അതിന്റെ വഴിയേതെന്ന്‌ രക്ഷിതാക്കള്‍ അന്വേഷിച്ചു ഉറപ്പുവരുത്താറില്ല. കുടുംബത്തില്‍ പ്രാരാബ്‌ധമൊന്നുമില്ലാത്ത കുട്ടികള്‍ ചെറുപ്രായത്തില്‍ തൊഴിലെടുക്കാന്‍ താല്‌പര്യം കാണിക്കുമ്പോള്‍, പണം നേടാന്‍ വ്യഗ്രത കാട്ടുമ്പോള്‍, അവരെ സൂക്ഷ്‌മമായി നിരീക്ഷിക്കാറില്ല. സ്രോതസ്സ്‌ എന്തെന്നന്വേഷിക്കാതെ കുട്ടികള്‍ കൊണ്ടുവരുന്ന പണത്തില്‍ നിങ്ങളും പങ്കുപറ്റുകയാണെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക്‌ അവരെ ശാസിക്കാനുള്ള അര്‍ഹത നഷ്‌ടപ്പെടുമെന്ന്‌ മറക്കേണ്ട.


ബാലപീഡനങ്ങളെക്കുറിച്ച്‌ രാജ്യത്ത്‌ നടന്നിട്ടുള്ള പഠനങ്ങളിലെല്ലാം, പെണ്‍കുട്ടികളെ പോലെയോ അതില്‍ കൂടുതലോ ആണ്‍കുട്ടികള്‍ പീഡനത്തിന്‌ ഇരയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. കുടുംബാംഗങ്ങളാലും അയല്‍ക്കാരാലും അധ്യാപകരാലുമൊക്കെ പീഡനത്തിനിരയാകുന്ന ആണ്‍കുട്ടികള്‍ സാമൂഹ്യ വിരുദ്ധരോ പലതരം മനോവൈകല്യങ്ങളുടെ ഉടമകളോ ആയിമാറുന്നു. ഇത്തരം കുട്ടികള്‍ ഭാവിയില്‍ പീഡകരായും മാറിയേക്കാമെന്ന്‌ മനശ്ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പു നല്‌കുന്നുണ്ട്‌.


പെണ്‍കുട്ടികള്‍ വഴിതെറ്റിക്കപ്പെടുകയും അവരുടെ ചാരിത്ര്യശുദ്ധി കളങ്കപ്പെടുകയും ചെയ്യുന്ന പോലെ പ്രധാനമാണ്‌ ആണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതും അക്രമോത്സുകരായിത്തീരുന്നതും. പെണ്‍പീഡനത്തേക്കാള്‍ കുറേക്കൂടി സാമൂഹ്യ പ്രതിഫലനങ്ങള്‍ സൃഷ്‌ടിക്കുന്നതും ആണ്‍കുട്ടികളില്‍ വളരുന്ന അക്രമ മനോഭാവമായിരിക്കും. അതിനാല്‍, നമ്മുടെ ആണ്‍കുട്ടികളെ കുറിച്ച്‌ ഉറക്കെ ആലോചിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണരേണ്ടിയിരിക്കുന്നു. 

-മുജീബ് റഹ്മാന്‍‌ കിനാലൂര്‍

തോക്കേന്തിയ സന്യാസിമാര്‍ !

July 20, 2011

2 പ്രതികരണങ്ങള്‍


ഇസ്‌ലാം=ഭീകരത, ബുദ്ധിസം=ശാന്തി. ഏറെക്കുറെ ലോകമനസ്സില്‍ ആഴത്തില്‍ തറച്ച
ഒരു സമവാക്യമാണിത്‌. മുംബൈ നഗരത്തില്‍ വീണ്ടും സ്‌ഫോടനപരമ്പര
ഉണ്ടായപ്പോഴും പതിവുപോലെ യാതൊരു തെളിവും ലഭിക്കും മുമ്പ്‌ തന്നെ
ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള `മുസ്‌ലിം ഗ്രൂപ്പുകളെ' ചുറ്റിപ്പറ്റി
അന്വേഷണോദ്യോഗസ്ഥര്‍ വട്ടംകറങ്ങുന്നത്‌ ആ ധാരണയുടെ പുറത്താണ്‌. എങ്കിലും
ഇസ്‌ലാം സമം ഭീകരത എന്ന സമവാക്യം ഒരു സര്‍വകാല ശരിയല്ലെന്ന്‌ ഈയടുത്തായി
അപൂര്‍വം ചിലര്‍ വിളിച്ചുപറയാന്‍ തുടങ്ങിയിട്ടുണ്ട്‌. വര്‍ഗീയ
സംഘര്‍ഷങ്ങളുടെ പേരില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ സമുന്നത
നേതാക്കളും സ്വാമിമാരും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ഈയിടെ
പിടിക്കപ്പെട്ടത്‌ ഒരു മറുചിന്തയ്‌ക്ക്‌ കാരണമായതാവാം കാരണം. എന്തായാലും
ആശ്വാസകരമാണിത്‌.

ഇസ്‌ലാമിനെ ഭീകരവാദവുമായി സമീകരിക്കുന്നതു പോലെ തന്നെ ബുദ്ധമതത്തെ
എക്കാലവും ശാന്തിയുമായി ചേരുംപടി ചേര്‍ക്കുന്നതിലുമുണ്ട്‌ ഒരു
യുക്തിഭംഗം. ബുദ്ധമതത്തെ ലോകശാന്തിയുടെയും സമാധാനത്തിന്റെയും പര്യായമെന്ന
നിലയില്‍ പരിചയപ്പെടുത്തുന്ന പഠനങ്ങളും പുസ്‌തകങ്ങളും ആയിരക്കണിക്കിന്‌
വരും. ബുദ്ധഭിക്ഷുക്കള്‍ പരമസാത്വികന്മാരും അഹിംസാവാദികളും
ലളിതജീവിതത്തിന്റെ ഉത്‌കൃഷ്‌ട മാതൃകകളുമാണെന്നാണ്‌ ലോകം പൊതുവില്‍
വിശ്വസിക്കുന്നത്‌. ബുദ്ധ പാരമ്പര്യത്തിലെ ശാന്തി മന്ത്രങ്ങളും
ജീവിതരീതിയും ആചാരക്രമങ്ങളും ആഗ്രഹചിന്തകള്‍ വെടിയാനുള്ള
അനുശാസനങ്ങളുമൊക്കെ അങ്ങനെ ചിന്തിക്കാനേ സഹായിക്കുകയുമുള്ളൂ. എന്നാല്‍
ബുദ്ധമതത്തിന്‌ ഇത്തരത്തില്‍ ഒരു `വെജിറ്റേറിയന്‍' പ്രതിനിധാനം മാത്രമേ
സാധിക്കൂ എന്നുണ്ടോ?


മൈക്കള്‍ ജെറിസണ്‍ എന്ന ഗവേഷകന്‍ 2003ല്‍ തായ്‌ലന്റില്‍ ചെന്നത്‌
ബുദ്ധമതം വിശ്വസമാധാനത്തിന്‌ നല്‍കുന്ന സംഭാവനകളെക്കുറിച്ച്‌
അടുത്തറിയാനാണ്‌. ബുദ്ധമതം ഔദ്യോഗിക മതമായിട്ടുള്ള രാജ്യമാണല്ലോ
തായ്‌ലന്റ്‌. അതിനാല്‍ ബുദ്ധസന്യാസിമാരും ബുദ്ധവിഹാരങ്ങളും ബുദ്ധമത
ഗ്രൂപ്പുകളും ചെയ്‌തുവരുന്ന ശാന്തിപ്രവര്‍ത്തനങ്ങളും അഹിംസാധിഷ്‌ഠിത
ആക്‌ടിവിസവുമൊക്കെ പഠനവിധേയമാക്കുകയായിരുന്നു ജെറിസന്റെ ലക്ഷ്യം.
വനഭൂമികള്‍ സ്വകാര്യസ്വത്താക്കുകയും ആപല്‍കരമായ കീടനാശിനി പ്രയോഗം
നടത്തുകയുമൊക്കെ ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം നയിക്കുന്ന
ദമ്മാനന്ത ബിക്കുനി പോലുള്ള ബുദ്ധ സന്യാസിമാരെക്കുറിച്ച്‌ അദ്ദേഹം
പഠിക്കുകയും എഴുതുകയും ചെയ്‌തു.

2004ല്‍ തായ്‌ലന്റിന്റെ ദക്ഷിണ പ്രവിശ്യകളില്‍ ചില വര്‍ഗീയ
അസ്വാസ്ഥ്യങ്ങളുണ്ടായി. ഏറെ കലുഷിതമായിരുന്നു ആ സാഹചര്യം. മതവര്‍ഗീയത
ക്രൂരഭാവം പുറത്തുകാട്ടുന്ന ഒരു ഘട്ടത്തില്‍ സഹനസിദ്ധാന്തത്തിലൂന്നി
ബുദ്ധഭിക്ഷുക്കളും വിശ്വാസികളും ഏറ്റെടുക്കുന്ന സമാധാന
ശ്രമങ്ങളെക്കുറിച്ച്‌ പഠിക്കാനായിരുന്നു പിന്നീട്‌ മൈക്കള്‍ ജെറിസന്റെ
നീക്കം. ഹിംസയുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുമ്പോള്‍ ബുദ്ധമതം സംയമനം
നിലനിര്‍ത്തുന്നതെങ്ങനെ എന്നറിയുകയായിരുന്നു അദ്ദേഹത്തിന്റെ ജിജ്ഞാസ.
എന്നാല്‍ ജെറിസന്റെ അന്വേഷണം തന്നെ വഴിതിരിച്ചുവിടുന്ന അനുഭവത്തിന്നാണ്‌
അദ്ദേഹം സാക്ഷിയായത്‌. സമാധാനപുനസ്ഥാപനത്തിന്‌ ബുദ്ധമത സന്യാസിമാര്‍
യാതൊന്നും ചെയ്‌തില്ലെന്നു മാത്രമല്ല, ഹിംസയ്‌ക്ക്‌ അവര്‍ പരസ്യമായി
നേതൃത്വം നല്‍കുകയുമായിരുന്നു. ഈ കടുത്ത അനുഭവത്തിന്റെ പശ്ചാത്തലത്തില്‍
മാര്‍ക്ക്‌ ജര്‍ഗന്‍സ്‌ മേയറുമായി ചേര്‍ന്ന്‌ എഡിറ്റുചെയ്‌ത ജെറിസന്റെ
ബുദ്ധിസ്റ്റ്‌ വാര്‍ഫെയര്‍ (ഓക്‌സ്‌ഫോര്‍ഡ്‌ 2010) എന്ന പുസ്‌തകം
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. കളിത്തോക്കും ചൂണ്ടിനില്‍ക്കുന്ന യുവ
ബുദ്ധ സന്യാസിയുടെ മുഖചിത്രത്തോടെ പുറത്തിറങ്ങിയ ബുദ്ധിസ്റ്റ്‌
വാര്‍ഫെയര്‍ ബുദ്ധിസം സമം ശാന്തി എന്ന സര്‍വകാല സമവാക്യത്തെയാണ്‌
പൊളിച്ചിടുന്നത്‌. 2006 മുതല്‍ 2008 വരെ ദക്ഷിണ തായ്‌ലന്റില്‍ നടന്ന
ബുദ്ധ ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരുണ്ട അറകളാണ്‌ പുസ്‌തകത്തില്‍ അനാച്ഛാദനം
ചെയ്യുന്നത്‌. മറ്റെവിടെയും പോലെ അഴിമതി, ലഹരി വ്യപാരം, അധോലോകം
തുടങ്ങിയവയുമായി ബന്ധപ്പെട്ടു തന്നെയാണ്‌ ബുദ്ധ സന്യാസിമാരുടെ അറിവോടെയും
പങ്കാളിത്തത്തോടെയും ആസൂത്രിത ഹിംസകള്‍ തായ്‌ലന്റില്‍ അരങ്ങേറിയതെന്ന്‌
ജെറിസണ്‍ വിവരിക്കുന്നു. ഹിംസയ്‌ക്കു വേണ്ടി പ്രത്യേകമായി
പരിശീലിപ്പിക്കപ്പെട്ട `സന്യാസിപ്പട്ടാളത്തെ' കുറിച്ചും പുസ്‌തകം
വിവരങ്ങള്‍ നല്‍കുന്നുണ്ട്‌. ഇതേക്കുറിച്ച്‌ ബുദ്ധ സന്യാസിമാരുമായി
നടത്തിയ അഭിമുഖത്തില്‍ അവര്‍ സ്വയം ന്യായീകരിക്കുന്നത്‌, ദക്ഷിണ
പ്രവിശ്യകളിലെ മുസ്‌ലിം തീവ്രവാദികളുടെ ആക്രമണത്തെ പ്രതിരോധിക്കാനാണ്‌
തങ്ങള്‍ ഹിംസയുടെ വഴി തേടുന്നത്‌ എന്നാണ്‌. സമാധാനത്തിനു വേണ്ടി
ചെയ്യുന്ന യുദ്ധം എന്നു തന്നെ!

തായ്‌ലന്റിലെ അനുഭവം ഒരു അപവാദം മാത്രമാണെന്ന്‌ കരുതാനും ന്യായമില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ലോകത്തിന്റെ പല ഭാഗത്തും
ബുദ്ധമതക്കാര്‍ ഹിംസയുടെ വഴിയിലേക്ക്‌ നീങ്ങിയിട്ടുണ്ട്‌. മംഗോളിയ,
തിബറ്റ്‌, ജപ്പാന്‍, ചൈന, കൊറിയ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ
രാജ്യങ്ങളിലും ബുദ്ധമതക്കാര്‍ ആയുധമേന്തിയ ചരിത്രമുണ്ടെന്ന്‌ മൈക്കള്‍
ജെറിസണ്‍ ചൂണ്ടിക്കാട്ടുന്നു. 


പറഞ്ഞുവരുന്നത്‌, ബുദ്ധമത സിദ്ധാന്തങ്ങള്‍
ഹിംസയുടെ പാഠപുസ്‌തകങ്ങളാണെന്നോ ബുദ്ധസന്യാസിമാരും വിശ്വാസികളും
മൊത്തത്തില്‍ അക്രമകാരികളാണെന്നോ അല്ല. ആ മതത്തെ അവമതിക്കുക ഈ
കുറിപ്പിന്റെ ഉദ്ദേശ്യമേ അല്ല. മറിച്ച്‌, ബുദ്ധമത തത്വങ്ങള്‍ എന്തുതന്നെ
ആകട്ടെ, അതിന്റെ അനുയായികളും മനുഷ്യരാണ്‌. അതിനാല്‍ മനുഷ്യരുടെ
സ്വാഭാവികമായ അതിരുകവിച്ചിലുകള്‍ ആ മതത്തിനുള്ളിലും നടക്കും. പക്ഷേ,
അതിന്‌ ശ്രീബുദ്ധനെയോ ബുദ്ധ ദര്‍ശനങ്ങളെയോ കുറ്റപ്പെടുത്തുന്നതില്‍
അര്‍ഥമില്ല. ഇത്‌ ഇസ്‌ലാമിനും ബാധകമാണ്‌. റെഡിമെയ്‌ഡ്‌ സമവാക്യങ്ങള്‍
കൊണ്ട്‌ മതങ്ങളെയും മതസമൂഹങ്ങളെയും മഹത്വപ്പെടുത്തുകയോ അവമതിക്കുകയോ
ചെയ്യുന്നത്‌ യാഥാര്‍ഥ്യങ്ങള്‍ക്ക്‌ നിരക്കുന്നതല്ലെന്ന പാഠമാണ്‌
തോക്കേന്തിയ ഭിക്ഷുക്കള്‍ ലോകത്തിന്‌ നല്‍കുന്നത്‌. l

-മുജീബ് റഹ്മാന്‍‌ കിനാലൂര്‍
Related Posts with Thumbnails

feedback comments