സ്‌ത്രീകള്‍ അന്യഗ്രഹത്തില്‍ പോകേണ്ടിവരുമോ?

June 28, 2011

2 പ്രതികരണങ്ങള്‍

എവിടെ സ്‌ത്രീകള്‍ സുരക്ഷിതരാണോ അവിടെ ജനങ്ങള്‍
സംസ്‌കാരമുള്ളവരായിരിക്കുമെന്ന്‌ പറയാറുണ്ട്‌. എങ്കില്‍ ലോകത്തിലെ
ഏറ്റവും സംസ്‌കാരശൂന്യര്‍ അധിവസിക്കുന്ന പ്രദേശങ്ങളിലൊന്നായി നമ്മുടെ
മലയാളരാജ്യം മാറിക്കഴിഞ്ഞിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍.
കേരളത്തില്‍ നിന്ന്‌ ദിനേന പത്രമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന
റിപ്പോര്‍ട്ടുകള്‍ സ്‌ത്രീപീഡനത്തിന്റെ ഏറ്റവും ഭീകരമായ ചിത്രങ്ങളാണ്‌
അനാവരണം ചെയ്യുന്നത്‌. അടിമത്വം നിലനിന്ന കാലത്തെ ഓര്‍മിപ്പിക്കുന്ന
തരത്തില്‍ ലൈംഗികോപയോഗത്തിന്‌ സ്‌ത്രീകളെ വിലപേശി വില്‍ക്കുന്ന മാഫിയാ
സംസ്‌കാരം നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു.

സ്വന്തം ഭാര്യയെ പതിനയ്യായിരം രൂപയ്‌ക്ക്‌ മറ്റൊരാള്‍ക്ക്‌ വിറ്റതിന്റെ
പേരില്‍ കാഞ്ഞങ്ങാട്ട്‌ ഈയിടെ ഒരാളെ പോലീസ്‌ പിടികൂടുകയുണ്ടായി.
നൊന്തുപെറ്റ മകളെ നിരവധി പുരുഷന്മാര്‍ക്ക്‌ കാണിക്ക നല്‍കി പണം
സമ്പാദിച്ച നിരവധി സ്‌ത്രീകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നാം
വായിച്ചു തള്ളുന്നു. പ്രമാദമായ ഷാര്‍ജ പെണ്‍വാണിഭ കേസില്‍ പ്രധാന പ്രതി
ഒരു മുസ്‌ലിംസ്‌ത്രീ തന്നെയാണെന്നതാണ്‌ വിരോധാഭാസം. അച്ഛനാലും
സഹോദരന്മാരാലും ബന്ധുക്കളാലും പീഡിപ്പിക്കപ്പെടുയും ഗര്‍ഭംധരിക്കുകയും
കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം
കഴിഞ്ഞ ഒരു ദശാബ്‌ദത്തിനകം കുതിച്ചുയര്‍ന്നിട്ടുണ്ടെന്നാണ്‌ കണക്കുകള്‍
വ്യക്തമാക്കുന്നത്‌.

ബലാല്‍സംഗം, ഭര്‍ത്താവിന്റെയും ഭര്‍തൃഗൃഹത്തിലെയുംപീഡനം, പൊതുസ്ഥലത്ത്‌
അപമാനിക്കപ്പെടല്‍, തട്ടിക്കൊണ്ട്‌ പോക്ക്‌ തുടങ്ങി
സ്‌ത്രീകള്‍ക്കെതിരിലുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ ഗുരുതരമായി
പെരുകിവരുന്നതായി ക്രൈംറിക്കാര്‍ഡ്‌ ബ്യൂറോയുടെ കണക്കുകള്‍
ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം വരെ പ്രതിദിനം രണ്ട്‌ ബലാല്‍സംഗങ്ങള്‍
റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം മൂന്നായി ഉയര്‍ന്നു. ഈ
വര്‍ഷം ഏപ്രില്‍ വരെ കാസര്‍കോട്‌ ജില്ലയില്‍ മാത്രം 81 ബലാല്‍സംഗ
കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയുണ്ടായി. സ്‌ത്രീകള്‍ക്കെതിരിലുള്ള
ലൈംഗികപീഡനങ്ങള്‍ പത്തിലൊന്നു പോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയോ
കേസെടുക്കുകയോ ചെയ്യുന്നില്ലെന്ന വസ്‌തുതയും ചേര്‍ത്തുവെച്ചാലേ യഥാര്‍ഥ
ചിത്രം ഊഹിച്ചെടുക്കാനാവൂ.

ഭര്‍തൃപീഡന കേസുകളില്‍ മുമ്പില്‍ മലപ്പുറം ജില്ലയാണ്‌. നാല്‌ മാസത്തിനകം
227 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിഭാഗത്തില്‍
സംസ്ഥാനത്ത്‌ 2010ല്‍ 4788 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ കൊണ്ട്‌ തന്നെ 1738 കേസുകള്‍ റിപ്പോര്‍ട്ട്‌
ചെയ്യപ്പെട്ടു കഴിഞ്ഞു. മാനഭംഗം പ്രതിദിനം എട്ട്‌ എന്ന നിരക്കില്‍
നിന്ന്‌ ഇപ്പോള്‍ പത്തായി ഉയര്‍ന്നിരിക്കുന്നു. സെക്‌സ്‌ റാക്കറ്റുമായി
ബന്ധപ്പെട്ടുള്ള കേസുകളും മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടിവരുന്നതായി
കണക്കുകള്‍ വ്യക്തമാക്കുന്നു. ഭര്‍തൃപീഡനത്തില്‍ മുന്നില്‍
മലപ്പുറമാണെങ്കില്‍ മാനഭംഗത്തില്‍ തിരുവനന്തപുരവും സ്‌ത്രീകളെ പരസ്യമായി
അപമാനിക്കുന്ന കേസുകളില്‍ കോഴിക്കോടും റിക്കാര്‍ഡ്‌ മുന്നേറ്റം
നടത്തിക്കൊണ്ടിരിക്കുന്നു.

സ്‌ത്രീകള്‍ക്കെതിരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ കടുത്ത നിയമങ്ങളും
വനിതാപോലീസ്‌ അടക്കമുള്ള നിയമപാലക സേനയും വനിതാകമ്മീഷനും ജാഗ്രത്തായ ഒരു സിവില്‍ സമൂഹവുമൊക്കെയുള്ള കേരളത്തില്‍ സ്‌ത്രീകള്‍ക്കെതിരെ പീഡനങ്ങള്‍
വര്‍ധിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ കാര്യമായി പഠിക്കേണ്ടിയിരിക്കുന്നു.
നൂറ്‌ ശതമാനം സാക്ഷരരും വിദ്യാസമ്പന്നരുമാകുമ്പോള്‍ നൂറ്റൊന്ന്‌ ശതമാനം
സ്‌ത്രീവിരുദ്ധരാവുമെന്ന സമവാക്യമാണോ കേരളം ലോകത്തിന്‌ നല്‍കുന്നത്‌.
പ്രൈമറി സ്‌കൂള്‍ മുതല്‍ യൂനിവേഴ്‌സിറ്റി തലം വരെ ഇപ്പോള്‍
സ്‌ത്രീകള്‍ക്കെതിരിലുള്ള കയ്യേറ്റങ്ങളും വിവേചനങ്ങളും നിലനില്‍ക്കുന്നു
എന്ന യാഥാര്‍ഥ്യം വിളിച്ചോതുന്നത്‌ നമ്മുടെ വിദ്യാഭ്യാസ
സമ്പ്രദായത്തിന്റെയും കരിക്കുലത്തിന്റെയും പരാജയമല്ലേ.

മതവിശ്വാസികള്‍ കൂടുതലുള്ള നാടാണ്‌ നമ്മുടേത്‌. മതാചാരങ്ങളും
മതചിഹ്നങ്ങളും പൊതുജീവിതത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്‌. ഇവിടെ
സ്വാധീനമുള്ള ഹിന്ദു മതമാകട്ടെ, ഇസ്‌ലാമാകട്ടെ, ക്രിസ്‌തുമതമാകട്ടെ,
സ്‌ത്രീകളുടെ അഭിമാനത്തിന്‌ വമ്പിച്ച പ്രാധാന്യം നല്‍കുന്നു. ലൈംഗിക
സദാചാരത്തിന്‌ കടുത്ത പെരുമാറ്റ ചട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു.
എന്നാല്‍ ആ ചട്ടങ്ങളുടെ കാവല്‍ക്കാരായ മതാചാര്യന്മാരും ആത്മീയനേതാക്കളും
മതഭക്തിയുടെ ബാഹ്യരൂപങ്ങള്‍ സ്വീകരിച്ച വിശ്വാസികളും തന്നെയാണ്‌
പലപ്പോഴും വൃത്തികെട്ട കേസുകളില്‍ പിടിക്കപ്പെടുന്നത്‌ എന്നതാണ്‌ ഏറെ
ലജ്ജാകരം. ഇത്തരമൊരു സാഹചര്യത്തില്‍ മതം പോലും അവമതിക്കപ്പെടുന്നതില്‍
അതിശയിക്കാനില്ല.

മലയാളിയുടെ മനസ്സാക്ഷിയെ കാര്‍ന്നുകൊണ്ടിരിക്കുന്ന ഈ മാരകരോഗത്തെ എങ്ങനെ
തളയ്‌ക്കാമെന്ന്‌ രാഷ്‌ട്രീയ, ഭരണ നേതൃത്വവും സാമൂഹ്യശാസ്‌ത്രജ്ഞന്മാരും
മതനേതാക്കളുമെല്ലാം കൂട്ടായി ചര്‍ച്ച ചെയ്യേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു. സ്‌ത്രീവിരുദ്ധതയിലേക്കും ലൈംഗിക
അധാര്‍മികതയിലേക്കും നയിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെന്തൊക്കെ എന്ന്‌
കണ്ടെത്തി അവ തടയാതെ സ്‌ത്രീപീഡനം തടയാനാവില്ല. മദ്യം, ലഹരി, സ്‌ത്രീധനം
പോലുള്ള തിന്മകളും മാറിയ ഗാര്‍ഹിക സാഹചര്യങ്ങളും ദൃശ്യമാധ്യമങ്ങളുടെ
വ്യാപനഫലമായി വന്നുചേര്‍ന്ന ലൈംഗിക ഉദാരതയും തകര്‍ന്നുകൊണ്ടിരിക്കുന്ന
സാമ്പത്തിക ബന്ധങ്ങളുമൊക്കെ മുന്നില്‍ വെച്ചുകൊണ്ടല്ലാതെ കേവലം
ഉല്‍ബോധനങ്ങള്‍ കൊണ്ട്‌ മാത്രം ഈ അപകടാവസ്ഥയെ മറികടക്കാനാവില്ല. ഈ
രംഗത്ത്‌ വിശദമായ പഠനവും ദീര്‍ഘവീക്ഷണത്തോടെയുള്ള നിവാരണ പദ്ധതികളും
ആവിഷ്‌കരിക്കാന്‍ നാം വൈകിയാല്‍ ഇനിയൊരിക്കലും രക്ഷപ്പെടുത്താന്‍
കഴിയാത്ത വിധം സമൂഹം മരണക്കയത്തില്‍ ആഴ്‌ന്നുപോകുമെന്ന കാര്യത്തില്‍
സംശയം വേണ്ട!



യുക്തിയും ശാസ്‌ത്രവും വെറുക്കപ്പെട്ടതിന്റെ ഗുട്ടന്‍സ്‌!

June 03, 2011

0 പ്രതികരണങ്ങള്‍



കേരളത്തിലെ ഉഗ്രയാഥാസ്ഥിതിക വിഭാഗത്തിന്‌ അടുത്തകാലം വരെ കേട്ടാല്‍ ഹാലിളകുന്ന പദമായിരുന്നു `നവോത്ഥാനം.' നവോത്ഥാനത്തിന്‌ അവര്‍ `മതപരിഷ്‌കരണം' എന്ന്‌ അര്‍ഥം പറഞ്ഞു. കാലത്തിനൊപ്പിച്ച്‌ മതനിയമങ്ങളെ ചെത്തിമിനുക്കുന്ന പണിയാണ്‌ നവോത്ഥാനം എന്നവര്‍ എഴുതിപ്പിടിപ്പിച്ചു. പ്രൊട്ടസ്റ്റന്റുകള്‍ ക്രിസ്‌തുമതത്തെ നവീകരിച്ച പോലെ ഇസ്‌ലാം മതത്തെ നവീകരിക്കുകയാണ്‌ `ഒഹ്‌ഹാബി'കള്‍ ചെയ്‌തതെന്നും അതിനാല്‍ `ഒഹ്‌ഹാബിസം' പടിഞ്ഞാറു നിന്നുള്ള ഇറക്കുമതിയാണെന്നും സിദ്ധാന്തങ്ങള്‍ ചമച്ചു. കേരളത്തില്‍ മുസ്‌ലിം ജീവിതത്തെ ആധുനികീകരിക്കാന്‍ നടത്തപ്പെട്ട ശ്രമങ്ങള്‍ കൊടിയ അപരാധമായിരുന്നുവെന്നാണ്‌ പുതിയ വെളിപാടുണ്ടായത്‌. മുസ്‌ലിം ഐക്യസംഘത്തെ `കൊടുങ്ങല്ലൂര്‍ പ്രസ്ഥാനം' എന്നവര്‍ ആക്ഷേപിച്ചു. പള്ളിദര്‍സുകള്‍ പൂട്ടിച്ചവര്‍, അറബി മലയാളത്തെ കുത്തിക്കീറിയവര്‍, മാലപ്പാട്ടുകളെ ഭേദ്യം ചെയ്‌തവര്‍ എന്നു തുടങ്ങി നവോത്ഥാന പ്രസ്ഥാനത്തിനെതിരെ തയ്യാറാക്കിയ കുറ്റപത്രം നീണ്ടതാണ്‌.

`നവോത്ഥാന'ത്തിനെതിരെ വാളെടുത്ത്‌ കോമരം തുള്ളുന്നതിന്റെ ചേതോവികാരമെന്താണ്‌? നവോത്ഥാന ആശയങ്ങളോടുള്ള എതിര്‍പ്പോ? നവോത്ഥാന പ്രസ്ഥാനം നട്ടുവളര്‍ത്തിയ ആശയങ്ങള്‍ ഈ സമൂഹത്തെ ഉണര്‍ത്തുന്നതിനുള്ളതായിരുന്നു. മുന്നോട്ടു നടക്കുന്ന ഒരു കൂട്ടര്‍ക്കും ആ ആശയങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ സാധിക്കില്ല. സ്‌കൂളില്‍ ചേര്‍ന്നുപഠിക്കുന്നതും കോളെജുകള്‍ സ്ഥാപിച്ചു നടത്തുന്നതും ഇംഗ്ലീഷ്‌ ഭാഷയും ശാസ്‌ത്രവിഷയങ്ങളും സ്വായത്തമാക്കുന്നതും ഖുര്‍ആനും ഹദീസുമൊക്കെ മലയാളീകരിക്കുന്നതും സ്‌ത്രീകള്‍ക്ക്‌ വ്യക്തിത്വത്തോടെ ജീവിക്കാന്‍ അവസരം നല്‍കുന്നതുമൊക്കെ `നവോത്ഥാന ആശയങ്ങള്‍' ആണെങ്കില്‍, ആ നവോത്ഥാനത്തെ പിന്തുടരാത്ത ഒരു വിഭാഗവും ഇന്ന്‌ കേരളത്തിലില്ല. മാത്രമല്ല, ഈ വക മതപരിഷ്‌കരണങ്ങളെല്ലാം ഉഗ്രയാഥാസ്ഥിതികതയുടെ തലപ്പാവിനു ചുവട്ടിലാണ്‌ ഇന്ന്‌ അസ്സലായി നടന്നുപോകുന്നതും!

നവോത്ഥാനത്തിന്റെ ആശയങ്ങളെ കെട്ടിപ്പുണരുകയും അത്‌ ഉയര്‍ത്തിയ പ്രസ്ഥാനത്തെ തെറി വിളിക്കുകയും ചെയ്യുന്നതിന്‌ കാരണം വേറെയാണ്‌. മതത്തില്‍ പൗരോഹിത്യവും ആത്മീയചൂഷണവും നടത്തുന്നതിനെതിരെ നവോത്ഥാന വാദികള്‍ നടത്തുന്ന ശക്തമായ സമരമാണത്‌. മതകാര്യങ്ങളെ പ്രമാണങ്ങളും സാമാന്യയുക്തിയും മുന്നില്‍വെച്ച്‌ വിശകലനം ചെയ്‌താല്‍ പുരോഹിതന്മാരുടെ ചൂഷണം നടക്കില്ല. അന്ധവിശ്വാസങ്ങളെയും അത്യാചാരങ്ങളെയും ആത്മീയതട്ടിപ്പുകളെയും ജനങ്ങള്‍ ചോദ്യംചെയ്യും. അതിനാലാണ്‌ യുക്തിയും ശാസ്‌ത്രവുമൊക്കെ അട്ടത്തുവെച്ച്‌ ഉസ്‌താദുമാര്‍ ഓതിത്തരുന്നത്‌ ഹര്‍ഫ്‌ തെറ്റാതെ എഴുതിക്കുടിച്ചാല്‍ മതിയെന്ന്‌ തിട്ടൂരമുണ്ടാകുന്നത്‌.

മലബാറില്‍ `തിരുമുടി' വിവാദം കൊഴുക്കുന്ന സന്ദര്‍ഭമാണിത്‌. സത്യത്തില്‍ നവോത്ഥാന യുക്തികളുടെ മേക്കിട്ടുകയറി വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു കാമ്പയിന്റെ അന്ത്യമാണ്‌ ഈ `തിരുമുടിയാട്ടം.' ശാസ്‌ത്രവും യുക്തിയുമൊക്കെ മഹാപാപമെന്ന്‌ പറഞ്ഞുവെച്ചത്‌, ഈ വ്യാജരോമം വെച്ച്‌ കച്ചവടം നടത്തുന്നതിനെ ആരും ചോദ്യം ചെയ്യാതിരിക്കാന്‍ മുന്‍കൂട്ടി ഒപ്പിച്ച ഒരു വേല മാത്രമായിരുന്നു. `ശഅ്‌റെ മുബാറക്‌' സമുച്ചയത്തില്‍ പ്രധാനമായുള്ളത്‌ നോളെജ്‌ സിറ്റിയാണെന്ന്‌ ഉസ്‌താദവര്‍കള്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. മെഡിക്കല്‍ കോളെജും അതിലുണ്ട്‌. ഇത്തരം ആധുനിക വിജ്ഞാനകേന്ദ്രങ്ങളില്‍ ശാസ്‌ത്രവും യുക്തിയും വെച്ചാണ്‌ കാര്യങ്ങള്‍ പഠിപ്പിക്കുക. മൊയ്‌തീന്‍മാലയുടെ കിതാബ്‌ വെച്ചാണോ ഇവിടെ ചികിത്സ പഠിക്കുക? അതോ ലാബറട്ടറികള്‍ ഉപയോഗിച്ചോ? എങ്കില്‍ ഇതേ ലാബറട്ടറികള്‍ ഉപയോഗിച്ച്‌ `തിരുമുടി'യുടെ ആധികാരികത പരിശോധിക്കണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍, അത്‌ `യുക്തിവാദ'മാകുന്നതെങ്ങനെ?

പൗരോഹിത്യം സാമാന്യബോധത്തെ കൊഞ്ഞനംകുത്തുന്നതിന്റെ കൂര്‍ത്ത ഉദാഹരണമാണ്‌ ഈ `വിശുദ്ധ മുടി' പ്രചാരണം. ആളെ പറഞ്ഞുപറ്റിക്കുന്ന ഈ `സേക്രട്ട്‌ ട്രേഡി'ന്‌ പശ്ചാത്തലമൊരുക്കിക്കൊടുത്ത നവോത്ഥാന പുനര്‍വായന പണ്ഡിറ്റുകള്‍ക്ക്‌ ഇപ്പോഴെങ്കിലും തങ്ങള്‍ അകപ്പെട്ട അക്കിടി മനസ്സിലായിക്കാണുമോ ആവോ?!


Related Posts with Thumbnails

feedback comments