മധ്യപൂര്‍വേഷ്യയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ്
ആഞ്ഞുവീശിക്കൊണ്ടിരിക്കുകയാണ്. തുനീഷ്യയില്‍ നിന്ന് ആരംഭിച്ച
ശക്തമായ കാറ്റ് ഇതെഴുതുമ്പോള്‍ ഈജിപ്‌തിനു മേല്‍ ചുഴറ്റി വീശുകയാണ്.
അവിടെ ഇപ്പോള്‍ ഭരണവിരുദ്ധ കലാപത്തില്‍ നൂറിനടുത്ത് ആളുകള്‍
കൊല്ലപ്പെട്ടിരിക്കുന്നു. ഈ കാറ്റ് ഇനി എങ്ങോട്ടൊക്കെ പരക്കുമെന്ന്
വ്യക്തമായി ഊഹിക്കാന്‍ കഴിയാത്ത വിധം സാഹചര്യങ്ങള്‍
മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഇരുപത്തി മൂന്ന് വര്‍ഷമായി തുനീഷ്യയെ
അടക്കിഭരിച്ചുകൊണ്ടിരിക്കുന്ന സൈനുല്‍ ആബിദീന്‍ ബിന്‍
അലിയ്‌ക്കെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചതു മുതലാണ് കലാപം തുടങ്ങുന്നത്.തൊഴില്‍രഹിതനും അഭ്യസ്‌തവിദ്യനും തെരുവുകച്ചവടക്കാരനുമായ
ഒരു ചെറുപ്പക്കാരന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്‌തതു മുതലാണ് തുനീഷ്യയില്‍
കലാപം പൊട്ടിപ്പുറപ്പെട്ടത്. അത്, ഏകാധിപത്യ വാഴ്‌ച നടത്തുന്ന ബിന്‍
അലിക്കെതിരായ രാഷ്‌ട്രീയ പ്രക്ഷോഭമായി പെട്ടെന്ന് രൂപം മാറി. കലാപം
കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് ബിന്‍ അലിക്ക് സുഊദി അറേബ്യയിലേക്ക്
നാടുവിടേണ്ടിവന്നു. ബിന്‍ അലിയുടെ പാര്‍ട്ടിയെക്കൂടാതെ ജനകീയ സര്‍ക്കാര്‍
നിവലില്‍ വരാതെ പ്രക്ഷോഭം അവസാനിക്കില്ലെന്ന സന്ദേശമാണ്
തുനീഷ്യയില്‍ നിന്നുവരുന്നത്.
തൊട്ടുടനെ യമനിന്റെ തലസ്ഥാനമായ സന്‍ആയിലും സമാനമായ
ജനകീയ വികാരം അണപൊട്ടുകയുണ്ടായി. മൂന്ന് പതിറ്റാണ്ടായി യമന്‍ ഭരിക്കുന്ന
അലി അബ്‌ദുല്ല സ്വാലിഹിനെതിരിലാണ് അവിടെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.
ഏറ്റവുമൊടുവില്‍ ഈജിപ്‌തിലെ വിപ്ലവം രക്തരൂക്ഷിതമാവുകയാണ്. ഏതാണ്ട്
മൂന്ന് പതിറ്റാണ്ടായി ഭരണം കൈപ്പിടിയിലൊതുക്കിയ ഹുസ്‌നി മുബാറക്
തല്‍സ്ഥാനമൊഴിയണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
ഇതിനിടെ അദ്ദേഹത്തിന്റെ പുത്രന് നാടുവിടേണ്ടിവന്നു.
മധ്യപൗരസ്‌ത്യദേശത്തെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഒരു പ്രത്യേകമായ
താളപ്പൊരുത്തം കാണാം. പതിറ്റാണ്ടുകളായി ഏകാധിപത്യ ഭരണം നടത്തുകയും
ജനവികാരം അവഗണിക്കുകയും ചെയ്‌തുവരുന്ന ഭരണാധികാരികള്‍ക്കെതിരിലുള്ള
ജനരോഷമാണ് പൊതുവായ കാര്യം. അഴിമതി, ഭീകരമായ വിധം വളരുന്ന
അസമത്വം,ഭരണാധികാരികളുടെ ധൂര്‍ത്ത്, ദുര്‍വ്യയം, കടുത്ത വിലക്കയറ്റം,
തൊഴിലില്ലായ്‌മ തുടങ്ങിയവയാണ് മറ്റ് കാരണങ്ങള്‍. ഇത്തരം സമരങ്ങളുടെ
സുപ്രധാനമായ ഉള്ളടക്കം, അതിന് ഒരു സാമ്രാജ്യത്വ വിരുദ്ധ മുഖം കൂടി
ഉണ്ടെന്നതാണ്.
മധ്യപൂര്‍വ അറബ് രാജ്യങ്ങളിലെ നിലവിലെ ഭരണാധികാരികളിലധികം
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആശ്രിതവത്സലരാണെന്നത് രഹസ്യമല്ല. സപ്‌തംബര്‍ 11 സംഭവത്തെതുടര്‍ന്ന് അമേരിക്ക ആരംഭിച്ച യുദ്ധപരമ്പരയുടെ
പ്രധാന ആശയവും ലക്ഷ്യവുമായി പറഞ്ഞിരുന്നത്, സ്വാതന്ത്ര്യവും വിമോചനവും ജനാധിപത്യവും പുനസ്ഥാപിക്കുക എന്നതായിരുന്നുവല്ലോ. എന്നാല്‍, തങ്ങളുടെ ആശ്രിതരായ ഏകാധിപതികളായ ഒരൊറ്റ ഭരണാധികാരിയെയും മാറ്റാന്‍ അമേരിക്ക തുനിഞ്ഞില്ല. ഇറാഖിലെ സദ്ദാമിനെ പിഴുതുമാറ്റി, അവിടെ നടപ്പാക്കിയ `ജനാധിപത്യ'ത്തിന്റെ സ്ഥിതി നമുക്കറിയാം. അമേരിക്കയുടെ പാവഭരണകൂടം
മിഡ്‌ല്‍ ഈസ്റ്റില്‍ എല്ലായിടത്തം ഉണ്ടാക്കുക എന്നതാണ് തങ്ങളുടെ യഥാര്‍ഥ ലക്ഷ്യമെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ, മധ്യപൂര്‍വേഷ്യയിലെ
ഭരണാധികാരികള്‍ അമേരിക്കന്‍ ദാസ്യത്തിന് രാജ്യത്തെ വിട്ടുകൊടുക്കുകയാണ്
ചെയ്യുന്നതെന്ന് ആ നാടുകളിലെ ജനങ്ങള്‍ തിരിച്ചറിയുന്നു. ആ
തിരിച്ചറിവിന്റെ പ്രത്യക്ഷമായ വിസ്‌ഫോടനമാണ് പുതിയ സംഭവവികാസങ്ങള്‍.
ജനാധിപത്യത്തിന്റെ അപ്പോസ്‌തലന്മാരായ സാമ്രാജ്യാധിപതികള്‍,
മിഡ്‌ല്‍ഈസ്റ്റിലെ പുതിയ പോരാട്ടങ്ങളെ തുണയ്‌ക്കുന്നില്ലെന്നത്
ശ്രദ്ധേയമാണ്. മാത്രമല്ല, കയ്‌റോയിലും തുനീഷ്യയിലും സന്‍ആയിലുമൊക്കെ
പ്രക്ഷോഭകാരികളെ ചെറുക്കാന്‍ ഉപയോഗിക്കുന്ന ടിയര്‍ഗ്യാസും
വെടിയുണ്ടകളുമൊക്കെ യു എസ് നിര്‍മിതവുമാണ്. അതെങ്ങനെ
സംഭവിക്കാതിരിക്കും? ഹുസ്‌നി മുബാറകിന് അമേരിക്ക ഒരു വര്‍ഷം 1.3
ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയല്ലേ, അദ്ദേഹത്തിന്റെ ഭരണകൂടം
നിലനിര്‍ത്തിപ്പോരുന്നത്.
ഈ ജനകീയ സമരങ്ങളുടെ ഗതി കാത്തിരുന്നു കാണാം. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ
രാജ്യങ്ങളില്‍ ഇസ്‌ലാമികമായ അടയാളങ്ങളെ വെറുക്കുകയും ജനങ്ങളുടെ
വികാരങ്ങള്‍ ഹനിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ക്കെതിരിലുള്ള
താക്കീത് കൂടിയായിരിക്കുമിത്. എന്നാല്‍, ഏകാധിപത്യ വാഴ്‌ച അവസാനിച്ചു
കഴിഞ്ഞാല്‍ പിന്നീട് എന്ത് എന്ന ചോദ്യം പ്രസക്തമാണ്. ശക്തമായ
രാഷ്‌ട്രീയ നേതൃത്വത്തിന്റെ അഭാവമുണ്ടായാല്‍ ഇതിനെക്കാള്‍ കൊടിയ
അസ്ഥിരതയാവും വന്നുചേരുന്നത്. അതുണ്ടാവാതിരിക്കട്ടെ എന്ന്
പ്രാര്‍ഥിക്കുകയേ ഇപ്പോള്‍ നിര്‍വാഹമുള്ളൂ.
-മുജീബു റഹ്മാന്‍ കിനാലൂര്‍



