ആമിനാവദൂദും അലിജുമുഅയും പിന്നെ കാന്തപുരം ഉസ്‌താദും

January 19, 2011

10 പ്രതികരണങ്ങള്‍
ആഗോള ഇസ്‌ലാമിക നേതൃത്വവുമായി അടുത്ത ബന്ധമുള്ള പണ്ഡിതന്മാരും
സംഘടനകളുമുള്ള നാടാണ്‌ നമ്മുടേത്‌. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ആശയ
തലത്തില്‍ വൈവിധ്യം പുലര്‍ത്തുന്നതുകൊണ്ട്‌, ലോകത്ത്‌ നിലവിലുള്ള
ഇസ്‌ലാമിന്റെ ഒട്ടമിക്ക ആശയ പ്രതിനിധാനങ്ങളുമായി പരിചയിക്കാനും അവരുടെ
നേതാക്കളെയും പണ്ഡിതരെയും കുറിച്ച്‌ അറിയാനും നമുക്ക്‌ അവസരം
ലഭിക്കുന്നു. വിവിധ സംഘടനകള്‍ വര്‍ഷംതോറും നടത്താറുള്ള ഇസ്‌ലാമിക
സമ്മേളനങ്ങള്‍കൊണ്ട്‌ മുസ്‌ലിം പൊതുസമൂഹത്തിന്‌ ലഭിക്കുന്ന ഒരു
നേട്ടമാണിത്‌. ഇന്നിപ്പോള്‍, ആധുനിക മാധ്യമങ്ങള്‍ പ്രചാരത്തില്‍
വന്നുകഴിഞ്ഞതുകൊണ്ട്‌ സമ്മേളനങ്ങളില്‍ നേരിട്ട്‌ പങ്കെടുക്കാതെ തന്നെ അവ
വീക്ഷിക്കാനും കഴിയുന്നുണ്ട്‌.
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍കസ്‌ സ്ഥാപന
സമുച്ചയങ്ങളുടെ ഒരു സനദ്‌ദാന സമ്മേളനം ഈയിടെ കോഴിക്കോട്ട്‌ നടന്നു.
ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തുമുള്ള ഒട്ടേറെ വി ഐ പികള്‍ സമ്മേളനത്തില്‍
പങ്കെടുത്തിരുന്നു.

 
ഈ വര്‍ഷത്തെ വിശിഷ്‌ടാതിഥി ഈജിപ്‌തിലെ ഗ്രാന്റ്‌്‌ മുഫ്‌തി അലി ജുമുഅ
ആയിരുന്നു. ജീവിച്ചിരിക്കുന്ന ആധുനിക പണ്ഡിതന്മാരില്‍ പ്രമുഖനായ ഒരാള്‍
എന്ന നിലയില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ അദ്ദേഹത്തെ പരിചയപ്പെടാനുള്ള
ഒന്നാന്തരം അവസരമായിരുന്നു ഇത്‌. എന്നാല്‍, അലി ജുമുഅയുമായി ആശയവിനിമയം
നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ നാട്ടിലെ പണ്ഡിതന്മാര്‍ക്കോ അവസരം
ലഭിക്കാതെ പോയത്‌ ദൗര്‍ഭാഗ്യകരം തന്നെ.
 
ലോകോത്തര ഇസ്‌ലാമിക സര്‍വകലാശാലയായ ജാമിഅല്‍ അസ്‌ഹറില്‍ പഠിക്കുകയും
ഗവേഷണം നടത്തുകയും അവിടെ തന്നെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌ത
അലി ജുമുഅ 2003ലാണ്‌ ഈജിപ്‌തിലെ ഗ്രാന്റ്‌ മുഫ്‌തിയായി
നിയമിക്കപ്പെടുന്നത്‌. പരമ്പരാഗതമായ ദാറുല്‍ ഇഫ്‌തയെ, ഫത്‌വ കൗണ്‍സില്‍
എന്ന ആധുനിക സ്ഥാപനമാക്കി മാറ്റുന്നതിന്‌ വിപ്ലവകരമായ നേതൃത്വം വഹിക്കുക
വഴി അലി ജുമുഅ ഈജിപ്‌തില്‍ ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല, ആധുനിക
സാങ്കേതിക വിദ്യകളെ മതരംഗങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും
അദ്ദേഹം മുമ്പേ നടന്നു. സര്‍വോപരി, ആധുനിക പ്രശ്‌നങ്ങളില്‍ വിവാദം
വിളിച്ചുവരുത്തിയ പുരോഗമനപരമായ നിരവധി ഫത്‌വകള്‍ നല്‍കിക്കൊണ്ടും അദ്ദേഹം
മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന
മനുഷ്യര്‍ക്ക്‌ സ്വീകാര്യമാകുന്ന വിധത്തില്‍ മതനിയമങ്ങളെയും വിധികളെയും
സമീപിച്ചു എന്നതാണ്‌ ഒരു മുഫ്‌തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സുപ്രധാന
സംഭാവന.
 
മതനിയമങ്ങളില്‍ അലി ജുമുഅ സ്വീകരിക്കുന്ന ഉദാര നിലപാടിന്റെ ഏറ്റവും
മികച്ച മാതൃകയാണ്‌, ഏറെ ലോകശ്രദ്ധ പിടിച്ചുപറ്റിയ `സ്‌ത്രീകള്‍ക്ക്‌
ജുമുഅക്ക്‌ നേതൃത്വം നല്‍കാമോ?' എന്ന വിഷയത്തില്‍ അദ്ദേഹം നല്‍കിയ ഫത്‌വ.
2005 മാര്‍ച്ച്‌ 24ന്‌ ആമിന വദൂദ്‌ ജുമുഅ ഖുതുബ നിര്‍വഹിക്കുകയും
നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കുകയും ചെയ്‌ത സന്ദര്‍ഭത്തിലാണ്‌ അലി ജുമുഅ
അതിന്‌ അനുകൂലമായ ഫത്‌വ നല്‍കിയത്‌. യൂസുഫുല്‍ ഖറദാവിപോലും ആമിന
വദൂദിന്റെ നടപടിക്ക്‌ ഇസ്‌ലാമിക സാധൂകരണമില്ലെന്ന്‌ ഫത്‌വ
നല്‍കിയപ്പോഴാണ്‌ പുരുഷന്മാരും സ്‌ത്രീകളും ഇടകലര്‍ന്ന ജുമുഅയ്‌ക്ക്‌
സ്‌ത്രീകള്‍ ഇമാമത്ത്‌ നിര്‍വഹിക്കുന്നതില്‍ തെറ്റില്ലെന്ന്‌ അലി ജുമുഅ
പറഞ്ഞത്‌. `അല്‍അറേബ്യ' ചാനലിന്‌ അന്ന്‌ അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍,
സ്‌ത്രീകള്‍ക്ക്‌ ജുമുഅ നേതൃത്വം പാടില്ലെന്ന വിഷയത്തില്‍ പണ്ഡിതന്മാരുടെ
ഏകോപിച്ച അഭിപ്രായമില്ലെന്നും ഇമാം ത്വബ്‌രിയും ഇബ്‌നു അറബിയുമടക്കമുള്ള
പൂര്‍വിക പണ്ഡിതര്‍ അനുവദനീയമാക്കിയിട്ടുണ്ടെന്നും പ്ര സ്‌താവിച്ചു. ഈ
റിപ്പോര്‍ട്ട്‌ അറബ്‌ ന്യൂസ്‌ (25 മാര്‍ച്ച്‌, 2005) പ്രാധാന്യത്തോടെ
പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.
 
ഇത്രയേറെ വിപ്ലവകാരിയായ ഒരു ഈജിപ്‌ഷ്യന്‍ പണ്ഡിതനെ കേരളത്തിലേക്ക്‌
വിളിച്ചുവരുത്തിയിട്ട്‌, അദ്ദേഹത്തെ നേരാംവണ്ണം ഒന്നു കാണാന്‍പോലും
നാട്ടുകാര്‍ക്ക്‌ അവസരം നല്‍കാതെ തിരിച്ചയച്ചത്‌ ഏതായാലും ശരിയായില്ല.
അദ്ദേഹത്തിന്റെ പ്രഭാഷണം മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വന്നതുമില്ല.
അദ്ദേഹം കേരളത്തില്‍ വന്ന വിവരം നാട്ടുകാരറിഞ്ഞത്‌, സമസ്‌ത ഔദ്യോഗിക
വിഭാഗത്തിന്റെ സമ്മേളനത്തിനും അദ്ദേഹത്തെ വിട്ടുകൊടുക്കാമെന്ന്‌
കാന്തപുരം വാഗ്‌ദത്തം ചെയ്‌തിരുന്നുവെന്നും എന്നാല്‍ ഒടുവില്‍, അത്‌
അദ്ദേഹം ലംഘിക്കുകയായിരുന്നുവെന്നുമുള്ള വിവാദത്തിലൂടെയാണ്‌. അതിന്റെ
സത്യാവസ്ഥ എന്താണെന്ന്‌ നമുക്ക്‌ അറിയില്ല. എന്നാല്‍, സമസ്‌ത ഔദ്യോഗിക
വിഭാഗം, കാന്തപുരം അലി ജുമുഅയ്‌ക്ക്‌ തങ്ങളുടെ സ്ഥാപനം
സന്ദര്‍ശിക്കാനുള്ള അവസരം നിഷേധിച്ചു എന്ന്‌ പത്രപ്രസ്‌താവന നടത്തിയ
സ്ഥിതിക്ക്‌ അവര്‍ക്കും അദ്ദേഹത്തോട്‌ വെറുപ്പൊന്നുമില്ലെന്ന്‌
വ്യക്തമാണല്ലോ. അതേതാ യാലും ഐക്യസൂചനയാണ്‌!
 
സ്‌ത്രീകള്‍ക്ക്‌ ജുമുഅക്കുപോലും നേതൃത്വം നല്‍കാമെന്ന്‌ വാദമുള്ള
പണ്ഡിതന്മാരെ തങ്ങളുടെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ഇരു സുന്നി
വിഭാഗങ്ങളും തയ്യാറാണെങ്കില്‍, പുരോഗമനവാദികളുമായി വേദി പങ്കിട്ടു എന്ന
കാരണത്തിന്മേല്‍ അവര്‍ ഇനിയും പരസ്‌പരം കലഹിച്ചു
കഴിയേണ്ട കാര്യമുണ്ടോ? മുസ്‌ലിംലീഗ്‌ ഇടപെടാതെ തന്നെ അവര്‍ക്കിടയില്‍ ഒരു
ഐക്യം സാധ്യമാകില്ലേ? അലി ജുമുഅയെ സ്വീകരിക്കാമെങ്കില്‍, സമസ്‌തയുടെ
പള്ളികളില്‍ എന്തിന്‌ ഇനിയും സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിക്കണം?
എന്തിന്‌ അവര്‍ക്ക്‌ ജുമുഅ വിലക്കണം? 
അലി ജുമുഅയുടെ അത്രയൊന്നും
`പുരോഗമിച്ചിട്ടില്ലാത്ത' ജമ-മുജകളെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചുകൂടേ?
പോട്ടെ, അവര്‍ക്ക്‌ സലാം പറഞ്ഞ്‌ കൈ കൊടുക്കുകയെങ്കിലും ചെയ്‌തുകൂടേ?
പത്രക്കാര്‍ ഈ മാതിരി `വേണ്ടാത്ത' ചോദ്യങ്ങളൊക്കെ ചോദിച്ചുകളയുമെന്ന്‌
ഭയപ്പെട്ടാണോ ഈജിപ്‌ഷ്യന്‍ മുഫ്‌തിയെ കോഴിക്കോട്‌ കാണിക്കാതെ ധൃതിയില്‍
കയറ്റിവിട്ടത്‌?

റോഡിലിറക്കരുതായിരുന്നു, വക്കം മൗലവിയെ

January 06, 2011

0 പ്രതികരണങ്ങള്‍


`കേരള നവോത്ഥാനവും വക്കം മൗലവിയും' എന്ന വിഷയം കേന്ദ്രമാക്കി ഐ എസ്‌ എം
നേതൃത്വത്തിലുള്ള അക്കാദമി ഫോര്‍ സ്റ്റഡീസ്‌ ആന്റ്‌ റിസര്‍ച്ച്‌ 2010
ഡിസംബര്‍ 29,30 തിയ്യതികളില്‍ തിരുവനന്തപുരത്ത്‌ `കേരള ഇസ്‌ലാമിക്‌
സെമിനാര്‍' സംഘടിപ്പിക്കുകയുണ്ടായി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ
ദശാബ്‌ദത്തിന്റെ അവസാന ദിനങ്ങളില്‍ നടന്ന ഈ സെമിനാര്‍, കേരള
നവോത്ഥാനത്തെക്കുറിച്ച്‌ പൊതുവായും മുസ്‌ലിം സമുദായ
നവോത്ഥാനത്തെക്കുറിച്ച്‌ പ്രത്യേകിച്ചും ഗൗരവമായി ഒരു പുനരാലോചനക്ക്‌
അവസരം ഒരുക്കുകയായിരുന്നു.
കേരളം എന്ന ആശയത്തെ രൂപപ്പെടുത്തുന്നതില്‍, ശ്രീനാരായണഗുരുവിനും സഹോദരന്‍
അയ്യപ്പനും അയ്യങ്കാളിക്കും ഡോ. പല്‍പ്പുവിനും വി ടി
ഭട്ടതിരിപ്പാടിനുമൊക്കെ സമാനമായ നേതൃപരമായ പങ്കുവഹിച്ച മഹാനായിരുന്നു
വക്കം മൗലവി. 
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും ഉടമയുമായ മൗലവിയാണ്‌
മലയാളത്തില്‍ വൃത്താന്ത പത്രപ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചത്‌.

രാമകൃഷ്‌ണപിള്ളയെ കണ്ടെടുക്കുകയും സര്‍വ സ്വാതന്ത്ര്യം നല്‌കി തന്റെ
പത്രാധിപരാക്കുകയും അതിന്റെ പേരില്‍ ഒട്ടേറെ യാതനകള്‍ അനുഭവിക്കുകയും
ചെയ്‌ത വക്കം മൗലവിയോട്‌, പക്ഷെ ഇപ്പോഴും മലയാള നാട്‌ നീതി
കാണിച്ചിട്ടുണ്ടോ? 
കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ്‌, വക്കം മൗലവിയെ പഠന
വിധേയമാക്കാന്‍ എന്തെങ്കിലും ചെയ്‌തോ? 
മലയാള ഭാഷയെ അങ്ങേയറ്റം
സ്‌നേഹിക്കുകയും ആ ഭാഷയെ പോഷിപ്പിക്കന്‍ പത്രപ്രസിദ്ധീകരണങ്ങളും
സാഹിത്യങ്ങളും പുറത്തിറക്കുകയും ഇതര ഭാഷാകൃതികള്‍ മലയാളത്തിനു
പരിചയപ്പെടുത്തുകയും ചെയ്‌ത മൗലവിയെ, നമ്മുടെ ഭാഷാപഠന വകുപ്പുകളോ ഭാഷാ
ഇന്‍സ്റ്റിറ്റിയൂട്ടോ ഓര്‍മിച്ചോ? 
കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ
നേതാക്കളുടെയെല്ലാം ജീവചരിത്രങ്ങള്‍ പുറത്തിറക്കിയ ഔദ്യോഗിക
പ്രസിദ്ധീകരണ ശാലകളൊന്നും അദ്ദേഹത്തെ ഓര്‍ക്കുക പോലും ചെയ്‌തിട്ടില്ല.

അദ്ദേഹത്തിന്റെ ജീവചരിത്രമോ സമ്പൂര്‍ണ കൃതികളോ പ്രസിദ്ധീകരിച്ചിട്ടില്ല.

അതിനാല്‍ മലയാളികള്‍ വക്കം മൗലവിയോട്‌ അനീതി കാണിച്ചു എന്നു പറഞ്ഞാല്‍
വളരെ ലഘുവായിപ്പോകും; നന്ദികേടു കാട്ടി എന്നു തന്നെ പറഞ്ഞേ പറ്റൂ.

തിരുവനന്തപുരം സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച ഒരു പണ്ഡിതന്‍ വളരെ
വികാരഭരിതമായി പറഞ്ഞ വാക്കുകള്‍ മറക്കാനാവുന്നില്ല. 
തിരുവനന്തപുരത്തെ ഒരു
ചെറിയ പോക്കറ്റ്‌ റോഡിനു `വക്കം മൗലവി റോഡ്‌' എന്നു പേരിട്ടതില്‍
അവസാനിച്ചു അദ്ദേഹത്തോടുള്ള നമ്മുടെ കടമ! 
അക്ഷരാര്‍ഥത്തില്‍ നാം മൗലവിയെ
റോട്ടില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണദ്ദേഹം പരിതപിച്ചത്‌. 
ആധുനിക കേരള
നിര്‍മാണത്തിന്‌ സാംസ്‌കാരിക മണ്ഡലമൊരുക്കിയ മൗലവിയോട്‌ ഇനിയെന്നാണ്‌ നാം
കാരുണ്യം കാണിക്കുക?

വക്കം മൗലവി, നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക്‌ ചിന്തിക്കാന്‍ ശേഷിയുള്ള
ക്രാന്തദര്‍ശിയായിരുന്നു. 
മുസ്‌ലിം സമുദായം ഒരു നൂറ്റാണ്ടിനു ശേഷം എങ്ങനെ
മാറിയിരിക്കണം എന്ന്‌ മുന്‍കൂട്ടി കണ്ട്‌ പദ്ധതികളും പരിപാടികളും
തയ്യാറാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
വിദ്യാഭ്യാസ, തൊഴില്‍
രംഗങ്ങളിലുള്ള സമുദായത്തിന്റെ ശോച്യാവസ്ഥ ഭരണകൂടത്തെയും സമുദായത്തെയും
ബോധ്യപ്പെടുത്താന്‍ ഇന്നത്തെ ശാസ്‌ത്രീയ സംവിധാനങ്ങളെ പോലും
അമ്പരപ്പിക്കുന്ന സര്‍വേകളും പഠനങ്ങളും അദ്ദേഹം നടത്തുകയുണ്ടായി.

മുസ്‌ലിംകള്‍ പൊതുധാരയുടെ ഭാഗമാകണമെന്നാഗ്രഹിച്ച മൗലവി ആധുനിക
വിദ്യാഭ്യാസവും ഭാഷാപഠനവും അവര്‍ക്കു ലഭ്യമാക്കാന്‍ ഭരണകൂടവുമായി
ചേര്‍ന്നും സ്വന്തം നിലയിലും പരിഷ്‌കരണപദ്ധതികള്‍ നടപ്പാക്കി.

സമുദായത്തിന്‌, ആധുനിക രീതിയിലുള്ള സംഘടിത വിദ്യാഭ്യാസവും സംഘടനയും
പ്രസിദ്ധീകരണരംഗവും സമരവഴികളുമെല്ലാം പരിചയപ്പെടുത്തിയതും ശീലിപ്പിച്ചതും
മൗലവിയായിരുന്നു. 
എന്നാല്‍ മുസ്‌ലിം സമുദായം അദ്ദേഹത്തോട്‌ നീതി
കാണിച്ചോ? ഇല്ലെന്നു മാത്രമല്ല ക്രൂരത കാട്ടുകയും ചെയ്‌തു. 
രാജഭരണ
കാലത്ത്‌, പൊതുഖജനാവിന്റെ തണലില്‍ കേരളത്തില്‍ ആദ്യമായി അറബി ഭാഷാപഠന
സൗകര്യം ഒരുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ മൗലവിയെ അറബി ഭാഷാ
പാഠപുസ്‌തകത്തില്‍ നിന്നു പോലും അപമാനിച്ച്‌ ഇറക്കി വിട്ടവരാണ്‌
കേരളത്തിലെ ഒരു പറ്റം മുസ്‌ലിംകള്‍.
മൗലവിയുടെ നവോത്ഥാനം മുസ്‌ലിം
പാരമ്പര്യങ്ങളെ തച്ചു തകര്‍ത്തു എന്ന തിസീസ്‌ എഴുന്നള്ളിക്കാന്‍ മാത്രം
ഹൃദയശൂന്യത കാണിക്കാനും നവ മുസ്‌ലിം ബുജികള്‍
വളര്‍ന്നുകഴിഞ്ഞിരിക്കുന്നു!

വക്കം മൗലവിയുടെ പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ ഇന്ന്‌ ജീവിക്കുന്നുണ്ടോ?

മുസ്‌ലിം സമൂഹത്തില്‍ ശേഷിക്കുന്നുണ്ടോ? നിശിതമായ ആത്മ വിമര്‍ശനം
നടത്തേണ്ട കാര്യമാണിത്‌. 
ജാതിയും മതാന്ധതയും മദ്യാസക്തിയും കക്ഷിവഴക്കും
കുടിലതകളും അഴിമതിയും നാടുവാഴുന്ന ഒരു സന്ദര്‍ഭത്തില്‍ വക്കം മൗലവിയുടെ
പ്രസ്ഥാനം നിലനില്‌ക്കുന്നു എന്ന്‌ എങ്ങനെ പറയാനാകും?
വിശുദ്ധ
പ്രമാണങ്ങളുടെ വെളിച്ചത്തിലല്ലാതെ അന്ധമായി പണ്ഡിതാഭിപ്രായങ്ങളെ
സ്വീകരിക്കരുതെന്നും സ്വതന്ത്ര ഗവേഷണപഠനങ്ങള്‍ മതപഠന രംഗത്ത്‌
അനിവാര്യമാണെന്നും വാദിച്ച വക്കം മൗലവി ഇന്നത്തെ മുസ്‌ലിം സംഘടനകള്‍ക്ക്‌
സ്വീകാര്യമാകുമോ?

കേരളത്തില്‍ ഒരു മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം ഉണ്ടെന്ന പ്രതീതിയെങ്കിലും
സൃഷ്‌ടിക്കാന്‍ കഴിയണമെങ്കില്‍, അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍
എന്നവകാശപ്പെടുന്നവര്‍ അദ്ദേഹത്തെ വീണ്ടും വായിച്ചു പഠിക്കണം. 
പുതിയ
ജീവിതത്തെയും മാറിയ ലോകത്തെയും കാണാതെ, ചൊല്ലിപ്പഠിച്ചത്‌ ഉരുവിട്ടു
നടക്കുന്നവര്‍ വക്കം മൗലവിയെക്കുറിച്ച്‌ മേനി പറയുന്നത്‌ ആത്മവഞ്ചനയാണ്‌.

വക്കം മൗലവിയുടെ ചരിത്രം പാടിപ്പുകഴ്‌ത്തുന്ന പ്രസ്ഥാനത്തിന്റെ പേരല്ല
നവോത്ഥാനം എന്നത്‌. 
അദ്ദേഹം ഇന്നായിരുന്നു ജീവിക്കുന്നതെങ്കില്‍
ചെയ്യുമായിരുന്നത്‌ ചെയ്യുന്ന പ്രസ്ഥാനത്തിന്റെ വിശേഷണമാണ്‌.

തിരുവനന്തപുരം സെമിനാര്‍ ഈ വക ചിന്തകളുണര്‍ത്തി കണ്ണുതുറപ്പിക്കാനുള്ള
ഒരു ചരിത്ര നിയോഗമായിരുന്നു എന്നു പറയണം.
-മുജീബ്റഹ്മാന്‍ കിനാലൂര്‍

നവോത്ഥാനമൂല്യങ്ങളെ അട്ടിമറിക്കുന്നത്‌ മാധ്യമങ്ങള്‍

0 പ്രതികരണങ്ങള്‍


വക്കം മൗലവിയുടെ പേരില്‍ നടക്കുന്ന സെമിനാറിന്റെ അവിഭാജ്യഘടകമാണ്‌
മാധ്യമങ്ങളെ നിരൂപിക്കുന്ന ഒരു സംവാദം. കേരളപ്പിറവിയുടെ സാഹചര്യത്തില്‍
കേരളത്തിലുണ്ടായിരുന്ന സാമൂഹികാവസ്ഥയും ഇപ്പോള്‍ നാമനുഭവിക്കുന്ന
സാമൂഹികാവസ്ഥയും തമ്മിലുള്ള വ്യത്യാസം പരിശോധിച്ചാല്‍ നമ്മുടെ
മാധ്യമങ്ങളുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ മനസ്സിലാകും. കേരളപ്പിറവിയുടെ
സാഹചര്യത്തില്‍ മലയാളത്തില്‍ രണ്ടോ മൂന്നോ പ്രധാന പത്രങ്ങള്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന്‌ അച്ചടിരംഗത്തും ദൃശ്യരംഗത്തും
ഡസന്‍കണക്കിന്‌ മാധ്യമങ്ങളുണ്ട്‌. നമ്മുടെ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌
സജീവമായ, വളരെ വേഗതയിലുള്ള പുരോഗതി ആര്‍ജിച്ച ഈ കാലഘട്ടത്തില്‍
സ്വാഭാവികമായും നമ്മുടെ സാമൂഹ്യരംഗത്തെ മൂല്യങ്ങള്‍ കൂടി
വളരേണ്ടതായിരുന്നു. മാധ്യമങ്ങള്‍ അവയുടെ യഥാര്‍ഥ ദൗത്യം
നിര്‍വഹിച്ചിരുന്നെങ്കില്‍ മാധ്യമങ്ങളുടെ എണ്ണത്തിന്നാനുപാതികമായി
നമ്മുടെ സാമൂഹ്യമായ മൂല്യങ്ങള്‍ കൂടി വളരേണ്ടതായിരുന്നു


വക്കം മൗലവി, ശ്രീനാരായണ ഗുരു, ഡോ. പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍,
കറുപ്പന്‍ തുടങ്ങിയ നവോത്ഥാന നായകന്മാര്‍ ഉഴുതുമറിച്ച നമ്മുെട
സാമൂഹികമണ്ഡലം സജീവമായിരുന്ന ഒരു കാലഘട്ടത്തിന്റെ പരിണതി കൂടിയായിട്ടാണ്‌
കേരളത്തില്‍ ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും ശക്തിപ്പെടുന്നതും
രാജ്യം സ്വാതന്ത്ര്യം നേടുന്നതും പിന്നീട്‌ ആദ്യമായി ഒരു ഇടതുപക്ഷ
സര്‍ക്കാര്‍ ഇവിടെ നിലവില്‍ വരുന്നതും. എന്നാല്‍ ഇക്കാലത്ത്‌
ആര്‍ജിച്ചെടുത്ത സാമൂഹികമുന്നേറ്റത്തിന്റെ പശ്ചാത്തലം പിന്നീട്‌
വളരുകയാണോ അതോ തളരുകയാണോ ചെയ്‌തത്‌ എന്ന ചോദ്യം പ്രസക്തമാണ്‌.
കേരളപ്പിറവിയുടെ സാഹചര്യത്തില്‍ എവിടെയും കാണാന്‍ കഴിയുമായിരുന്ന ഒരു
കാര്യം, ഫ്യൂഡല്‍ വ്യവസ്ഥയ്‌ക്കും ജാതിവ്യവസ്ഥയ്‌ക്കുമെതിരെയുള്ള
പോരാട്ടമായിരുന്നു. 1970കള്‍ ഒരു വസന്തത്തിന്റെ ഇടിമുഴക്കം സമൂഹത്തെ
കേള്‍പ്പിച്ചിരുന്നു. ഫ്യൂഡല്‍വ്യവസ്ഥിതിയിലധിഷ്‌ഠിതമായ
സാമൂഹ്യവ്യവസ്ഥയില്‍ അസന്തുഷ്‌ടരായ ഒരു വിഭാഗം സമൂഹത്തിലുണ്ടായിരുന്നു.
കോളെജ്‌ കാമ്പസുകളില്‍ നിന്ന്‌ ചെറുപ്പക്കാര്‍ നക്‌സല്‍
പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട കാലമായിരുന്നു അത്‌.
ജാതിയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്ന ഒരു കാലഘട്ടം. അന്നത്തെ
തലമുറയിലുള്ള പല നേതാക്കളുടെയും മക്കള്‍ സെക്യുലര്‍ പേരുകളാണ്‌
സ്വീകരിച്ചിരുന്നത്‌. ആ തലമുറയില്‍ പെട്ട പല മാര്‍ക്‌സിസ്റ്റ്‌
നേതാക്കളുടെയും മക്കളെ അവരുടെ പേരുകൊണ്ട്‌ അവരുടെ ജാതിയും മതവും
തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇന്ന്‌ പത്രങ്ങള്‍ നല്‍കുന്ന ബൈലൈനില്‍
പേരിന്റെ കൂടെ പിള്ള, നായര്‍ എന്നിങ്ങനെയുള്ള ജാതിപ്പേര്‌ കാണാം.
വാസ്‌തവത്തില്‍ കേരളത്തില്‍ ജാതീയത വളരുകയാണ്‌ ചെയ്യുന്നത്‌.
മാധ്യമങ്ങള്‍ സമൂഹത്തിന്റെ തിരുത്തല്‍ശക്തിയാണ്‌ എന്നാണ്‌ പൊതുവെ
പറയപ്പെടാറ്‌. എന്നാല്‍ ആ ശക്തിസാധ്യത മാധ്യമങ്ങള്‍
പ്രയോഗിച്ചിരുന്നെങ്കില്‍ സമൂഹത്തിന്റെ അവസ്ഥ മാറേണ്ടതായിരുന്നു. സാമൂഹ്യ
നവോത്ഥാനരംഗത്ത്‌ ഒരട്ടിമറി തന്നെ സംഭവിക്കേണ്ടതായിരുന്നു. പക്ഷേ, നേരെ
വിപരീതമാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.


ദൃശ്യമാധ്യമങ്ങളുടെ വരവോടെയാണ്‌ നമ്മുടെ രാഷ്‌ട്രീയ, സാമൂഹ്യമേഖല കലശലായ മൂല്യച്യുതിക്കു
വിധേയമായത്‌. മാര്‍ക്കറ്റിംഗ്‌ സ്ഥാപനങ്ങള്‍ ഉപഭോക്താവിനെ കണ്ടെത്താന്‍
എക്‌സിക്യുട്ടീവിനെ വിടുന്നതുപോലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടര്‍മാരെ
കയറൂരി വിടുകയാണിന്ന്‌. ഡസന്‍ കണക്കായ മാധ്യമങ്ങള്‍ക്കിടയില്‍ മത്സരം
മുറുകിയപ്പോള്‍ ഓരോ മണിക്കൂറിലും പുതിയ വാര്‍ത്തകള്‍
വേട്ടയാടിപ്പിടിക്കാന്‍ നിയോഗിക്കപ്പെടുകയാണ്‌ റിപ്പോര്‍ട്ടര്‍മാര്‍.
അവരുടെ ടാര്‍ജറ്റ്‌ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിനിടെ കണ്ടെത്തുന്ന
വാര്‍ത്തകളിലെ സത്യവും അസത്യവും വേര്‍തിരിക്കാന്‍ അവര്‍ക്ക്‌ സമയമില്ല.
കൂടുതല്‍ സെന്‍സേഷനല്‍ ആയ വാര്‍ത്തകളാണ്‌ പത്രങ്ങള്‍ക്കാവശ്യം.
കേരളത്തിലെ മാധ്യമരംഗം ഇത്ര വഷളാകാനുള്ള കാരണം ദൃശ്യമാധ്യമങ്ങളുടെ
മാത്സര്യം തന്നെയാണ്‌. അച്ചടി മാധ്യമങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി
ദൃശ്യമാധ്യമങ്ങള്‍ക്ക്‌ ഓരോ മണിക്കൂറിലും വാര്‍ത്തകള്‍ അപ്‌ഡേറ്റ്‌
ചെയ്‌തുകൊണ്ടിരിക്കണം. എന്നാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍
അവര്‍ക്കാവശ്യമായത്ര വാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. ഈ സന്ദര്‍ഭത്തിലാണ്‌
വാര്‍ത്തകള്‍ സൃഷ്‌ടിക്കുക എന്നതിലേക്ക്‌ റിപ്പോര്‍ട്ടര്‍മാര്‍
എത്തിച്ചേരുന്നത്‌. സമൂഹത്തില്‍ ഒരുപാട്‌ ജീര്‍ണതകള്‍
നിലനില്‍ക്കുന്നുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ അന്ധവിശ്വാസ കേന്ദ്രമായി
മാറിക്കൊണ്ടിരിക്കുകയാണ്‌ നമ്മുടെ സംസ്ഥാനം. ഇവിടെ സാമ്പത്തിക
കേന്ദ്രീകരണങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും
തമ്മിലുള്ള വിടവ്‌ വലുതായിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഈ
മേഖലകളിലേക്കൊന്നും ഒരിക്കലും റിപ്പോര്‍ട്ടറുടെ കാമറ ഫോക്കസ്‌
ചെയ്യുന്നില്ല. അതേസമയം വ്യക്തികേന്ദ്രീകൃതമായി ചുരുങ്ങുകയാണ്‌ അവരുടെ
റിപ്പോര്‍ട്ടിംഗ്‌.


ദൃശ്യമാധ്യമങ്ങളുടെ പുതിയ ട്രെന്‍ഡ്‌ ബോഡിലാംഗ്വേജ്‌
പിന്തുടരുന്നതിലാണ്‌. ഒരാളുടെ ചിരി, മുഖഭാവം, നടത്തം തുടങ്ങിയവ തെറ്റായ
അര്‍ഥങ്ങള്‍ സൃഷ്‌ടിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നു.
ഉപരിവര്‍ഗത്തെയും മധ്യവര്‍ഗത്തെയും തൃപ്‌തിപ്പെടുത്തുന്ന
വാര്‍ത്തകള്‍ക്ക്‌ മാത്രമാണ്‌ മാധ്യമങ്ങളില്‍ സ്ഥാനമുള്ളത്‌.
ലോകാടിസ്ഥാനത്തില്‍ വിശകലനംചെയ്‌താല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍
നടക്കുന്ന പട്ടിണിമരണങ്ങളും ആഭ്യന്തരകലാപങ്ങളുമൊന്നും ഫസ്റ്റ്‌പേജ്‌
വാര്‍ത്തയാകാറില്ല. സെന്‍സെക്‌സ്‌ തകര്‍ച്ചയും സിനിമ സെലിബ്രിറ്റികളുടെ
വിവാഹാര്‍ഭാടങ്ങളും മന്ത്രിമാരുടെ ഉല്ലാസയാത്രകളുമൊക്കെ ഏറ്റവും പ്രധാന
വാര്‍ത്തകളായാണ്‌ പലപ്പോഴും നമ്മുടെ പത്രങ്ങളുടെ ആദ്യപേജുകളില്‍
സ്ഥാനംപിടിക്കുക. തങ്ങളുടെ വിരോധികളായ രാഷ്‌ട്രീയനേതാക്കള്‍
വാര്‍ത്താസമ്മേളനത്തിലോ പ്രസംഗങ്ങളിലോ അബദ്ധത്തില്‍ പറഞ്ഞുപോയ
വാക്കുകള്‍ക്ക്‌ വന്‍പ്രചാരം നല്‍കി, ദുരര്‍ഥം ദ്യോതിപ്പിച്ച്‌ കാലാകാലം
അവരെ വേട്ടയാടുന്ന ദുഷിച്ചു നാറിയ റിപ്പോര്‍ട്ടിംഗ്‌ രീതിയും
നിലവിലുണ്ട്‌. സമൂഹത്തിന്റെ തിന്മകളെയും ജീര്‍ണതകളെയും കാണുന്നതിനു പകരം
വ്യക്തിപരമായ തേജോവധങ്ങളിലാണ്‌ മാധ്യമസമൂഹം അഭിരമിക്കുന്നത്‌ എന്നത്‌
ഖേദകരമാണ്‌.

ദൃശ്യമാധ്യമങ്ങള്‍ക്ക്‌ സ്റ്റുഡിയോയും ബ്യൂറോയും ഉള്ള സ്ഥലങ്ങളിലെ
വാര്‍ത്തകള്‍ മാത്രമേ അവര്‍ കവര്‍ചെയ്യുന്നുള്ളൂ. മലബാര്‍
ഭാഗങ്ങളിലുണ്ടാകുന്ന സംഭവങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടാറാണ്‌.
തിരുവനന്തപുരത്തെക്കാളും എറണാകുളത്തെക്കാളും സാംസ്‌കാരികരംഗം
സജീവമായിക്കൊണ്ടരിക്കുന്നത്‌ ഉത്തരകേരളത്തിലാണ്‌. പക്ഷേ,
ദൃശ്യമാധ്യമങ്ങളില്‍ അത്തരം വാര്‍ത്തകള്‍ അപൂര്‍വമാണ്‌. കാരണം അവരുടെ
സ്റ്റുഡിയോകളുള്ളത്‌ ദക്ഷിണകേരളത്തിലാണ്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന
വാര്‍ത്തകളുടെ അത്രതന്നെ പ്രാധാന്യവും രാഷ്‌ട്രീയവും റിപ്പോര്‍ട്ട്‌
ചെയ്യപ്പെടാതെ പോകുന്ന വാര്‍ത്തകള്‍ക്കുമുണ്ട്‌ എന്ന്‌ പലപ്പോഴും
തിരിച്ചറിയപ്പെടുന്നില്ല. വാര്‍ത്തകളില്‍ ഉപയോഗിക്കപ്പെടുന്ന ഓരോ
പദത്തിനും രാഷ്‌ട്രീയമുണ്ട്‌. അഫ്‌ഗാനിസ്‌താനിലെ യുദ്ധവാര്‍ത്തകള്‍
നമുക്ക്‌ എത്തിച്ചുതരുന്ന അന്താരാഷ്‌ട്ര ന്യൂസ്‌ ഏജന്‍സികളുടെ
റിപ്പോര്‍ട്ടുകളില്‍ യു എസ്‌ സൈനികരെ പ്രതിരോധിക്കുന്ന സാധാരണക്കാരെ
കുറിക്കാന്‍ ഉപയോഗിക്കുന്നത്‌ ടെററിസ്റ്റ്‌ എന്ന പദമാണ്‌. സ്വന്തം
ദേശത്തേക്ക്‌ അധിനിവേശം നടത്തിയവരെ ചെറുത്തുനില്‍ക്കുന്നവര്‍ എങ്ങനെയാണ്‌
തീവ്രവാദികളാകുന്നത്‌? ഇത്തരം പദങ്ങളെ പദാനുപദം പരിഭാഷപ്പെടുത്തി
അവതരിപ്പിക്കലാണ്‌ മലയാളി മാധ്യമപ്രവര്‍ത്തകന്റെ ജേര്‍ണലിസ്റ്റ്‌
മിടുക്ക്‌! (എന്നാല്‍ ഏജന്‍സി വാര്‍ത്തയിലെ `ടെററിസ്റ്റി'ന്‌ ചില മലയാള
പത്രങ്ങളെങ്കിലും പോരാളി എന്ന അര്‍ഥം നല്‍കിവരുന്നുണ്ട്‌.) അതേസമയം
അധിനിവേശം സ്ഥാപിക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്ന അമേരിക്കന്‍
സൈന്യത്തെപ്പറ്റി എക്‌സ്‌ട്രീമിസ്റ്റ്‌ മിലിറ്ററി എന്ന്‌ ഒരു
റിപ്പോര്‍ട്ടറും പറയാറുമില്ല.


റിപ്പോര്‍ട്ടിംഗിന്റെ ഭാഷയിലെ രാഷ്‌ട്രീയത്തെ മനസ്സിലാക്കാന്‍ കെല്‍പില്ലാത്തവരാണ്‌ പലപ്പോഴും
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെന്ന്‌ പറയേണ്ടിവരുന്നു.
മാധ്യമ നൈതികതയുടെ അതിരുകള്‍ ലംഘിക്കുന്നതാണ്‌ യുദ്ധറിപ്പോര്‍ട്ടുകള്‍.
യുദ്ധത്തിന്നായി അഫ്‌ഗാനിലേക്കും ഇറാക്കിലേക്കും മിലിട്ടറിയെ
അയക്കമ്പോള്‍, അവര്‍ക്കൊപ്പം യുദ്ധറിപ്പോര്‍ട്ടിംഗിന്‌ അയക്കുന്ന കൂലി
പത്രപ്രവര്‍ത്തകരെക്കുറിച്ച്‌ ലോകത്തിന്‌ അധികമൊന്നുമറിയില്ല. `എംബഡ്ഡഡ്‌
ജേര്‍ണലിസ്റ്റുകള്‍' എന്നാണിവര്‍ക്കു പറയുന്ന പേര്‌. സംഭവങ്ങളുടെ നഗ്നമായ
വക്രീകരണവും തമസ്‌കരണവുമാണ്‌ അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. ആ
റിപ്പോര്‍ട്ടുകളാണ്‌ ആഗോള ന്യൂസ്‌ ഏജന്‍സികള്‍ക്ക്‌ ആശ്രയം.
`യുദ്ധത്തില്‍ ആദ്യം മരിക്കുന്നത്‌ സത്യമാണെന്ന' ആപ്‌തവാക്യം അത്തരം
വാര്‍ത്തകള്‍ ശരിവെക്കുന്നു. സദ്ദാമിനെക്കുറിച്ചും താലിബാനെക്കുറിച്ചും
ലോകമാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്‌ത ക്രൂരചിത്രം സത്യത്തില്‍ നിന്ന്‌ വളരെ
വിദൂരമാണെന്ന്‌ അധികമാര്‍ക്കും അറിയില്ല.

ദേശീയ വാര്‍ത്തകളുടെ സ്ഥിതിയും ഭിന്നമല്ല. ഉത്തരേന്ത്യന്‍ ഉലമാക്കളുടെ
ഫത്‌വകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉദാഹരണം. ദയൂബന്ദ്‌
പണ്ഡിതന്മാരെക്കുറിച്ച്‌ എപ്പോഴും വാര്‍ത്തകള്‍ വരുന്നു. മുത്വലാഖ്‌
സംബന്ധമായോ സ്‌ത്രീകളെ പാര്‍ശ്വവല്‍കരിക്കുന്നതുമായോ ബന്ധപ്പെട്ട
വാര്‍ത്തകള്‍. വാര്‍ത്തകള്‍ കാണുമ്പോള്‍ നാം വിചാരിക്കും; പണ്ഡിതന്മാര്‍
വാര്‍ത്താസമ്മേളനം നടത്തി പിന്തിരിപ്പന്‍ ഫത്‌വകള്‍ നല്‍കിയതാവുമെന്ന്‌!
എന്നാല്‍ സത്യമതല്ല. വ്യക്തിപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
ദയൂബന്ദ്‌ വെബ്‌സൈറ്റിലോ മറ്റോ വന്നിരിക്കാം. ഇത്തരം റിപ്പോര്‍ട്ടുകളെ
പര്‍വതീകരിച്ചും മാധ്യമങ്ങളുടെ രാഷ്‌ട്രീയത്തെക്കുറിച്ച്‌ ധാരണയില്ലാത്ത
പണ്ഡിതന്മാരെ സ്വകാര്യമായി ഇന്റര്‍വ്യൂ ചെയ്‌ത്‌ തങ്ങള്‍ക്കാവശ്യമുള്ളത്‌
പൊക്കിയെടുത്തുമാണ്‌ മാധ്യമപ്രവര്‍ത്തകര്‍ വിവാദം സൃഷ്‌ടിക്കുന്നത്‌.
ഇതിന്റെ വാസ്‌തവം മനസ്സിലാകാത്ത കേരളത്തിലെ പത്രപ്രവര്‍ത്തകരും വെണ്ടക്ക
നിരത്തുന്നു. ഒരു സമുദായത്തിന്റെ മുഖം കൃത്യമായി വികൃതമാക്കപ്പെടുകയാണ്‌
ഇത്തരം റിപ്പോര്‍ട്ടിംഗിലൂടെ. മുസ്‌ലിം തീവ്രവാദം, ഇസ്‌ലാമിക തീവ്രവാദം
തുടങ്ങിയ സംജ്ഞയുടെ പേരില്‍ മുസ്‌ലിംകള്‍ മൊത്തത്തില്‍
തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിന്റെയെല്ലാം ഉത്തരവാദികള്‍ പ്രധാനമായും
മാധ്യമങ്ങള്‍ തന്നെയാണ്‌.

വിക്കിലീക്‌സ്‌ ഇന്ന്‌ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്‌. ചില
രാഷ്‌ട്രങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ പൊതുസമൂഹത്തില്‍
എത്തിക്കുക എന്നതാണ്‌ വിക്കിലീക്‌സ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.
ഏതെങ്കിലും ഒരു രാഷ്‌ട്രത്തിന്റെ ഔദ്യോഗികമായ രഹസ്യ വിവരങ്ങള്‍
ചോര്‍ത്തിയെടുക്കാന്‍ പാടുണ്ടോ എന്നത്‌ സംബന്ധിച്ച്‌ സംവാദങ്ങള്‍
നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. ജനങ്ങള്‍ക്ക്‌ ആവശ്യമായ,
തടഞ്ഞുവെക്കപ്പെട്ട വിവരങ്ങള്‍ ലോകത്തിന്റെ നന്മ ഉദ്ദേശിച്ച്‌
പുറത്തുകൊണ്ടുവരിക എന്നത്‌ ഒരുപക്ഷേ മാധ്യമധാര്‍മികതയുമായി
പൊരുത്തപ്പെടുന്നതാണ്‌ എന്നാണ്‌ എന്റെ പക്ഷം. എന്നാല്‍ ഏതെങ്കിലും ഒരു
ഭരണാധികാരിയെയോ രാഷ്‌ട്രീയനേതാവിനെയോ വ്യക്തിപരമായ തേജോവധത്തിന്‌
വിധേയമാക്കാന്‍ വേണ്ടി നടത്തുന്ന മാധ്യമ ചാരപ്രവര്‍ത്തനം ഈ രീതിയില്‍
ന്യായീകരിക്കപ്പെടാന്‍ പാടില്ല.

ജീര്‍ണിച്ച മാധ്യമസംസ്‌കാരത്തെ അതിജയിക്കാന്‍ എന്താണ്‌ വഴി?
ആള്‍ട്ടര്‍നേറ്റീവ്‌ മാധ്യമങ്ങളിലേക്ക്‌ വഴിമാറുകയാണ്‌ നൈതികത
കാത്തുസൂക്ഷിക്കുന്ന മാധ്യമസംസ്‌കാരം കൊണ്ടുവരാനുള്ള ഏകവഴി. അത്‌
അസാധ്യമല്ല. സിറ്റിസണ്‍ ജേര്‍ണലിസം കേരളത്തിലും പുതിയ പരീക്ഷണങ്ങള്‍
തുടങ്ങിക്കഴിഞ്ഞത്‌ പ്രതീക്ഷാനിര്‍ഭരമാണ്‌. ബഗ്‌ദാദിന്റെ ആകാശത്തു
നിന്ന്‌ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം വീട്ടിന്റെ
ജനലഴികളിലൂടെ അതു നോക്കിക്കണ്ട്‌ ബ്ലോഗുകളിലൂടെ ലോകത്തിന്‌ സത്യവാര്‍ത്ത
നല്‍കിക്കൊണ്ടിരുന്ന ബ്ലോഗര്‍മാര്‍ നമുക്ക്‌ ആവേശം നല്‍കണം.
കോര്‍പ്പറേറ്റു കുത്തകകളെ ഭയക്കാതെ, പരസ്യഭീമന്മാരെ പേടിക്കാതെ,
എഡിറ്റര്‍മാരുടെ നീലപ്പെന്‍സില്‍ വകവെക്കാതെ സത്യം വെട്ടിത്തുറന്നു
പറയാന്‍ നമുക്കിന്ന്‌ സാധിക്കും. ബ്ലോഗിന്റെയും സോഷ്യല്‍
നെറ്റ്‌വര്‍ക്കുകളുടെയും സാധ്യതകള്‍ സമര്‍ഥമായി പ്രയോജനപ്പെടുത്തി
ജനങ്ങള്‍ക്കു തന്നെ മാധ്യമനൈതികത തിരിച്ചുപിടിക്കാന്‍ സാധിക്കും. സാമൂഹിക
പ്രസ്ഥാനങ്ങള്‍ ഈ വഴിക്കു ചിന്തിക്കട്ടെ.

-മുജീബ്റഹ്മാന്‍ കിനാലൂര്‍
(തിരുവനന്തപുരത്ത് നടന്ന മാധ്യമ സംവാദത്തില്‍ ചെയ്ത  പ്രസംഗം) 

മറന്നോ, ഡോക്‌ടര്‍ ഹനീഫിനെ?

January 01, 2011

1 പ്രതികരണങ്ങള്‍
മുഹമ്മദ്‌ ഹനീഫ്‌ എന്ന ഇന്ത്യന്‍ യുവഡോക്‌ടര്‍ ഒരിക്കല്‍കൂടി ആസ്‌ത്രേലിയയുടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ വന്നു. കുമ്പസരിക്കാനല്ല, തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി കരയാനുമല്ല. നിരപരാധിത്വം തെളിയിക്കപ്പെട്ടതിന്റെ സന്തോഷം പങ്കിടാന്‍; ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ നിരുപരാധികം മാപ്പു പറയുകയും തനിക്ക്‌ തൊഴില്‍ വിസയും നഷ്‌ടപരിഹാരത്തുകയും നല്‍കിയതിലുള്ള സന്തോഷമറിയിക്കാന്‍.
മുഹമ്മദ്‌ ഹനീഫയെ മറന്നുകാണില്ല. ആസ്‌ത്രേലിയയിലെ ഗോള്‍ഡ്‌ കോസ്റ്റില്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്‌ത്‌ അവിടെ കുടുംബസമേതം ജീവിച്ചുകൊണ്ടിരിക്കെ, 2007 ജൂലൈയിലെ ഗ്ലാസ്‌ഗോ ബോംബാക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ പിടിയിലായ ബാംഗ്ലൂര്‍ സ്വദേശി. ഹനീഫിനെ അറസ്റ്റുചെയ്‌ത ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലീസ്‌, തുടക്കം മുതല്‍തന്നെ ഹനീഫിന്‌ ഗ്ലാസ്‌ഗോ കാര്‍ സ്‌ഫോടനത്തില്‍ നേര്‍ക്കുനേരെ പങ്കുണ്ടെന്ന്‌ ആരോപിച്ചിരുന്നില്ല. ഒരു തീവ്രവാദിക്ക്‌ ഉണ്ടായിരിക്കേണ്ട മിനിമം `യോഗ്യത'കളും ലക്ഷണങ്ങളും മുഹമ്മദ്‌ ഹനീഫില്‍ കണ്ടെത്തിയതാണ്‌ അറസ്റ്റിന്റെ പ്രധാന ന്യായം.

താടി വളര്‍ത്തി, ഇസ്‌ലാമിക രീതിയില്‍ ജീവിക്കുന്ന ചെറുപ്പക്കാരനായ ഇന്ത്യന്‍ പ്രഫഷണലായിരുന്നു ഹനീഫ്‌. മാത്രമല്ല, അയാളുടെ ചില അടുത്ത ബന്ധുക്കള്‍ ബ്രിട്ടനില്‍ തീവ്രവാദ സംഘടനകളുമായി ബന്ധമാരോപിക്കപ്പെട്ടവര്‍; സബീല്‍ അഹ്‌മദും കഫീല്‍ അഹ്‌മദും. ബ്രിട്ടനില്‍ ഡോക്‌ടറായ സബീല്‍ അഹ്‌മദ്‌ വകയില്‍ ഹനീഫിന്റെ മച്യുനനായി വരും. സബീലാണ്‌ തീവ്രവാദ സംഘടനയുമായി ബന്ധം ആരോപിക്കപ്പെട്ട വ്യക്തി. സബീല്‍ ഗ്ലാസ്‌ഗോ സ്‌ഫോടനമുണ്ടായ തൊട്ടുടനെ കഫീലിന്‌ ഒരു ഇമെയില്‍ അയച്ചുവത്രെ; ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ ഒരു സ്‌ഫോടനം നടക്കാന്‍ പോകുന്ന വിവരമറിയിച്ച്‌. ഹനീഫിന്റെ സഹോദരനാണ്‌ കഫീല്‍. കഫീലില്‍ നിന്ന്‌ ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ വെച്ച്‌ ഹനീഫിന്റെ ഒരു പഴയസിംകാര്‍ഡ്‌ കണ്ടെടുക്കുകയും ചെയ്‌തുവത്രെ. ഇത്‌ ചേര്‍ത്തുവെച്ചാണ്‌ ഹനീഫിനെ തീവ്രവാദിയായി ചിത്രീകരിച്ച്‌ ആസ്‌ത്രേലിയന്‍ പോലീസ്‌അറസ്റ്റു ചെയ്‌തത്‌. വിചാരണയൊന്നുമില്ലാതെ 12 ദിവസം ജയിലിലിട്ട്‌ പീഡിപ്പിക്കുകയും ചെയ്‌തു, ഈ ഡോക്‌ടറെ.

ആസ്‌ത്രേലിയയിലെ ബെയ്‌ല്‍ കോടതിയില്‍ കേസ്‌ വിചാരണക്കുവന്നു. ഹനീഫിന്‌ `തീവ്രവാദി' മുദ്ര നല്‍കിയ ആസ്‌ത്രേലിയന്‍ പോലീസിന്റെ കൈവശം വാദിച്ചുജയിക്കാനുള്ള തെളിവൊന്നുമില്ലായിരുന്നു. മജിസ്‌ട്രേറ്റ്‌ ഹനീഫിനെ വെറുതെവിട്ടു. പക്ഷേ, ഇമിഗ്രേഷന്‍ മന്ത്രാലയം അയാളുടെ വര്‍ക്ക്‌ വിസ നിഷേധിച്ചു. ഹനീഫ്‌ അതിന്നെതിരെ അഭിഭാഷകനെ വെച്ചു; കോടതിയില്‍ പോയി. അതിനെതുടര്‍ന്നാണ്‌ കോടതിക്കുപുറത്ത്‌ മുന്‍ജഡ്‌ജി ടോണി ഫിറാള്‍ഡിന്റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയിലൂടെ, ഹനീഫിനോട്‌ മാപ്പ്‌ പറയാനും ഹനീഫിന്‌ ഉണ്ടായ മാനനഷ്‌ടത്തിലും കരിയര്‍ നഷ്‌ടത്തിനും 10 ലക്ഷം ആസ്‌ത്രേലിയന്‍ ഡോളര്‍(നാലര കോടി ഇന്ത്യന്‍ രൂപ) നഷ്‌ടപരിഹാരം നല്‍കാനും ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ തയ്യാറായത്‌.

ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലീസ്‌, ഹനീഫിന്റെ അറസ്റ്റ്‌ ന്യായീകരിക്കാനുള്ള തെളിവ്‌ കണ്ടെത്താന്‍ സര്‍വ ശ്രമങ്ങളും നടത്തിനോക്കിയിരുന്നു. പോലീസിന്റെ കൈവശമുള്ള `തെളിവുകള്‍' ശുദ്ധ അസംബന്ധമാണെന്ന്‌ ഹനീഫിന്റെ അഭിഭാഷകന്‍ റോഡ്‌ഹോഡ്‌സെന്‍ വാദിച്ചു. ഹനീഫിന്റെ ഒരു പഴയ സിംകാര്‍ഡ്‌ സഹോദരന്‍ കഫീലില്‍ നിന്ന്‌ കണ്ടെടുത്തതാണ്‌ ഏക കച്ചിത്തുരുമ്പ്‌. പക്ഷേ, ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ടില്‍ നിന്നാണ്‌ കഫീലില്‍ നിന്ന്‌ സിം കാര്‍ഡ്‌ കണ്ടെത്തിയതെന്ന വാദം വ്യാജമായിരുന്നു. ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ നിന്ന്‌ 200 കി.മീ അകലെ ലിവര്‍പൂളില്‍ നിന്നാണ്‌ സിം പോലീസ്‌ പിടിച്ചെടുത്തത്‌. ആ സിം കാര്‍ഡിലാകട്ടെ, തീവ്രവാദവുമായി ബന്ധപ്പെടുത്താവുന്ന യാതൊന്നുമില്ല. തീവ്രവാദ സംഘടനയില്‍ ബന്ധപ്പെടുന്ന ഒരാളുടെ കുടുംബത്തിലോ സമുദായത്തിലോ പെട്ടുപോകുന്നത്‌ തീവ്രവാദമാകുന്നതെങ്ങനെയെന്ന ചോദ്യമാണ്‌ ഹനീഫിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്‌. ഒടുവില്‍, ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ പൊതുസമൂഹത്തിനു മുന്നില്‍ മാപ്പുപറയാന്‍ നിര്‍ബന്ധിതമായി.

പത്തുലക്ഷം ഡോളറാണ്‌ ഹനീഫിന്‌ നഷ്‌ടപരിഹാരം നല്‍കാമെന്ന്‌ ധാരണയായത്‌. ഹനീഫിന്‌ വ്യക്തിപരമായ നഷ്‌ടത്തിന്‌ അത്‌ മതിയായ നഷ്‌ടപരിഹാരമാകുമോ? അതയാള്‍ തീരുമാനിക്കട്ടെ, എന്നാല്‍ ഹനീഫിനെതിരെ തെളിവ്‌ സമ്പാദിക്കാന്‍ ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലീസ്‌ ഇതിനകം 80 ലക്ഷം ആസ്‌ത്രേലിയന്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്‌! ഒമ്പത്‌ ഓഫീസര്‍മാരെയും അഞ്ച്‌ അസിസ്റ്റന്റുമാരെയും വെച്ച്‌ മാസങ്ങള്‍ നീണ്ട അന്വേഷണം നടത്തിയിട്ടും `തെളിവു'ണ്ടാക്കാനാകാത്ത സാഹചര്യത്തിലാണ്‌ കേവലം 1 മില്യന്‍ ഡോളര്‍ നല്‍കി കേസ്‌ ഒതുക്കാമെന്നായത്‌.

ഹനീഫിനെ നിരപരാധിയായി പ്രഖ്യാപിക്കുകയും മാപ്പു പറയുകയും നഷ്‌ടപരിഹാരത്തുക നല്‍കുകയും ചെയ്‌തതിന്റെ പേരില്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാറിനെ വാഴ്‌ത്തുന്നതില്‍ വലിയ കഴമ്പില്ലെന്ന്‌ വ്യക്തമാക്കാനാണ്‌ ഇത്രയും വിശദീകരിച്ചത്‌. ഇന്ത്യയിലെ ചില പത്രങ്ങള്‍ (മലയാള പത്രങ്ങളടക്കം) ആസ്‌ത്രേലിയന്‍ സര്‍ക്കാറിന്റെ മഹാമനസ്‌കതയും സത്യസന്ധതയും `എടുത്തുകാട്ടി' മുഖപ്രസംഗങ്ങള്‍പോലും എഴുതിയത്‌ ഈ വശം കാണാതെയാണോ?

കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ ആഗോള തീവ്രവാദവുമായി ബന്ധപ്പെട്ട്‌ ലോകത്തുണ്ടായ പല കേസുകള്‍ക്കുമുണ്ടായ സ്വാഭാവിക പരിണതിയാണ്‌ ഹനീഫിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്‌. ഹനീഫിന്റെ തീവ്രവാദ വേരുകള്‍ വലിച്ചുപുറത്തിടാന്‍ എന്താവേശമായിരുന്നു പല മാധ്യമങ്ങളും കാണിച്ചത്‌. ആഴ്‌ചകളാണ്‌ ദേശീയ ചാനലുകളില്‍ ഇന്ത്യന്‍ യുവ ഡോക്‌ടറുടെ തീവ്രവാദകഥ ആഘോഷമാക്കിയത്‌. മൂന്നരവര്‍ഷത്തിനു ശേഷം അതെല്ലാം ഒറ്റവരിയില്‍ ഒത്തുതീര്‍പ്പാക്കിയിരിക്കുന്നു. ഹനീഫ എന്ന യുവ ഡോക്‌ടര്‍ മാത്രമായിരുന്നോ ഈ കേസിലെ പ്രതി? ഹനീഫ പ്രതിനിധാനം ചെയ്യുന്ന സമുദായം കൂടി ഈ കേസില്‍ പ്രതിയായിരുന്നില്ലേ? പക്ഷെ, ഹനീഫയുടെ സമുദായം ഇനിയും കുറ്റമുക്തമാക്കപ്പെട്ടിട്ടില്ല! യഥാര്‍ഥത്തില്‍ ഹനീഫയുടെ സമുദായമായിരുന്നു, ഒന്നാം പ്രതിയെന്ന്‌ നിലവിലെ ലോകരാഷ്‌ട്രീയത്തെക്കുറിച്ച്‌ സാമാന്യധാരണയുള്ളവര്‍ സമ്മതിക്കും. `ആഗോള ഭീകരത' ക്കെതിരിലുള്ള യുദ്ധത്തിന്റെ ഭാഗമായാണല്ലോ ഹനീഫും വേട്ടയാടപ്പെട്ടത്‌. ആസ്‌ത്രേലിയയാകട്ടെ, ഭീകരവിരുദ്ധ യുദ്ധത്തിന്റെ അപ്പോസ്‌തലനായ അമേരിക്കയുടെ കൂട്ടുകക്ഷിയും.

2007 നവംബറില്‍ ആസ്‌ത്രേലിയയില്‍ നടന്ന ഫെഡറല്‍ തെരഞ്ഞെടുപ്പുമായി ഹനീഫ സംഭവത്തിനുള്ള ബന്ധം ചേര്‍ത്തുവെക്കേണ്ടതാണ്‌. കടുത്ത അമേരിക്കന്‍ പക്ഷപാതിയും ആസ്‌ത്രേലിയന്‍ വംശീയവാദരാഷ്‌ട്രീയത്തിന്റെ ഉപാസകനുമായ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡ്‌, ഒരു ഇലക്‌ഷന്‍ തുരുപ്പുചീട്ടായി ഇന്ത്യന്‍ ഡോക്‌ടറുടെ അറസ്റ്റ്‌ സംഭവത്തെ ഉപയോഗിച്ചിരുന്നു. രാജ്യത്തെ കുടിയേറ്റക്കാരില്‍ `ഭീകരവാദ' ആഭിമുഖ്യം വളരുന്നതിന്റെ മാതൃകയായി അദ്ദേഹം അതുയര്‍ത്തിക്കാട്ടി. `ആഗോളഭീകരത' ആസ്‌ത്രേലിയയില്‍ വേരുപിടിക്കുന്നുണ്ടെന്നും ഭീകരതയ്‌ക്കെതിരെ രാജ്യം തുടരുന്ന അന്തര്‍ദേശീയ സഖ്യങ്ങളും നയതന്ത്രവും ശക്തമായി മുന്നോട്ടുപോകണമെന്നും അതിന്‌ തന്റെ സഖ്യകക്ഷി വീണ്ടും അധികാരത്തില്‍ വരണമെന്നും ജോണ്‍ ഹൊവാര്‍ഡ്‌ പ്രഖ്യാപിച്ചു.

ലോകത്തെവിടെയും അധികാരരാഷ്‌ട്രീയത്തിന്റെയും ഭരണകൂടത്തിന്റെയും അതിജീവനോപാധിയായിത്തീര്‍ന്നിരിക്കുന്നു, `നാഷണല്‍ സെക്യൂരിറ്റി'യെക്കുറിച്ച്‌ അതിരുവിട്ട ആകുലത. ഈ കുതന്ത്രം പയറ്റിയ ഭരണകൂടത്തെക്കൊണ്ട്‌ ഡോക്‌ടര്‍ ഹനീഫിനോട്‌ മാപ്പ്‌ പറയിച്ചു എന്നതാണ്‌ ആസ്‌ത്രേലിയയിലെ പൗരാവലി നേടിയ വിജയം. അതുകൊണ്ട്‌, ഇന്ത്യന്‍ ഡോക്‌ടറുടെ മനുഷ്യാവകാശത്തിനുവേണ്ടി മുറവിളി കൂട്ടുകയും ശക്തമായി രംഗത്തുവരികയും ചെയ്‌ത നീതിബോധമുള്ള ആസ്‌ത്രേലിയന്‍ പൗരന്മാരോടാണ്‌ ഇന്ന്‌ ലോകം കടപ്പെട്ടിരിക്കുന്നത്‌.

`ഭീകരവിരുദ്ധ' നിയമത്തിന്റെ ചതിയില്‍ പെടുത്തി വര്‍ഷങ്ങളായി കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരക്കണക്കിന്‌ ആളുകള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്‌. ഗ്വാണ്ടനാമോ തടവറയിലും അബൂഗുറൈബിലും മനുഷ്യത്വഹീനമായ ക്രൂരതകള്‍ അനുഭവിക്കുന്ന നിരവധി നിരപരാധികളുണ്ട്‌. അവര്‍ക്കുവേണ്ടി കേസ്സുവാദിക്കാന്‍ ആരുണ്ട്‌? അധിനിവേശശക്തികളുടെ അനീതികള്‍ക്കെതിരെ പൗരശബ്‌ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആരുണ്ട്‌? ആരുമില്ലെന്നു മാത്രമല്ല, പീഡിപ്പിക്കപ്പെടുന്നവര്‍ക്കുവേണ്ടി ഉയരുന്ന ശബ്‌ദം തീവ്രവാദമായി നിര്‍വചിക്കപ്പെടുകയും ചെയ്യുന്ന അനുഭവമാണ്‌ ഇന്നുള്ളത്‌.

കുപ്രസിദ്ധ ലൗ ജിഹാദ്‌ ആരോപണം വ്യാജമാണെന്നും അതുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കണമെന്നും കേരള ഹൈക്കോടതി വിധിപുറപ്പെടുവിച്ചത്‌ ഈയടുത്താണ്‌. പക്ഷേ, അതിന്റെ പേരില്‍ ബലിയാടായ വിദ്യാര്‍ഥികള്‍ക്കുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കും സാമ്പത്തിക നഷ്‌ടത്തിനും നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിട്ടില്ല. ആരും ആവശ്യപ്പെട്ടുമില്ല. പോലീസിനും ഭരണകൂടത്തിനുമെതിരെ പൗരസമൂഹം പ്രതികരിക്കുന്ന സംസ്‌കാരം നമുക്കില്ലല്ലോ. ഭരണകൂടം നേരിട്ടുതന്നെ വംശഹത്യ നടത്തിയ ഗുജറാത്തിലെയോ ഒറീസയിലെയോ ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ ഒരു സമരവും രാജ്യത്തുണ്ടായിട്ടില്ല. ദേശീയ സുരക്ഷാകേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലിലടക്കുകയും കൊടിയ മര്‍ദനങ്ങള്‍ക്ക്‌ ഇരയാവുകയും പിന്നീട്‌ കോടതി മോചിപ്പിക്കുകയും ചെയ്‌ത പ്രഫ. അബ്‌ദുര്‍റഹ്‌മാന്‍ ഗീലാനി മുതല്‍ അബ്‌ദുന്നാസര്‍ മഅ്‌ദനി വരെയുള്ളവര്‍ക്ക്‌ അഞ്ചുപൈസ നമ്മുടെ രാജ്യം നഷ്‌ടപരിഹാരം നല്‍കിയിട്ടില്ല.

അല്ലെങ്കില്‍, ആസ്‌ത്രേലിയക്കാരെ പോലെ ഒരു സെന്റിമെന്‍സ്‌ തോന്നി പോലീസിന്റെയും സൈന്യത്തിന്റെയും അനീതികള്‍ക്ക്‌ ഇരയായവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ തുടങ്ങിയാല്‍ നമ്മുടെ ഖജനാവു മുടിഞ്ഞുപോകും. മലേഗാവ്‌, സംഝോത്ര, ഹൈദരാബാദ്‌, അജ്‌മീര്‍ തുടങ്ങി ഒട്ടേറെ തീവ്രവാദ സ്‌ഫോടന കേസുകളില്‍ അന്വേഷണസംഘം പിടികൂടി വിരട്ടി വെറുതെ വിട്ടവരും ഇനിയും വിടാനിരിക്കുന്നവരും കുറച്ചൊന്നുമാകില്ല. ഹനീഫിന്‌ ആസ്‌ത്രേലിയ നല്‍കിയത്‌ നാലരക്കോടിയാണ്‌. ഒരു നൂറുരൂപ വെച്ച്‌ ഭരണകൂട ഭീകരതയുടെ ബലിയാടുകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ മെനക്കെട്ടാല്‍പോലും നാം കുത്തുപാളയെടുക്കേണ്ടിവരും. ആസ്‌ത്രേലിയയെ പോലെ അനാവശ്യ സെന്റിമെന്‍സ്‌ ഒന്നും കാണിക്കാന്‍ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം അത്ര വിഡ്‌ഢികളൊന്നുമല്ലല്ലോ!
-മുജീബ്റഹ്മാന്‍ കിനാലൂര്‍
Related Posts with Thumbnails

feedback comments