വെറുതെ, ചില വാഗ്‌ദാനങ്ങള്‍

December 09, 2011

യുപി മുഖ്യമന്ത്രി കുമാരി മായാവതിക്ക്‌ ഇപ്പോള്‍ മുസ്‌ലിംകളുടെ ദുസ്ഥിതിയില്‍ കലശലായ ആധി പിടികൂടിയത്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ ആസന്നമായതുകൊണ്ട്‌ മാത്രമാണെന്ന്‌ നാട്ടുകാര്‍ക്കൊക്കെ അറിയാം. മുസ്‌ലിംകള്‍ക്ക്‌ ജനസംഖ്യാനുപാതികമായ സംവരണം നല്‍കണമെന്ന്‌ ഈ പതിനൊന്നാം മണിക്കൂറില്‍ ഉള്‍വിളി ഉണ്ടായ മായാവതി ഇക്കാര്യം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ കത്തെഴുതുകയുണ്ടായി. കത്തെഴുതാന്‍ ആകെ ചെലവ്‌ ഒരു തുണ്ടം കടലാസ്‌. അതുകൊണ്ട്‌ യു പി യിലെ നിര്‍ണായക ശക്തിയായ മുസ്‌ലിംകളുടെ വോട്ട്‌ പെട്ടിയിലാക്കുകയും ചെയ്യാം, മുസ്‌ലിംകള്‍ക്ക്‌ സംവരണാനുകൂല്യം നല്‌കാത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിന്റെ തലയില്‍ വെച്ചുകെട്ടുകയുമാവാം! കഴിഞ്ഞ അമ്പതു വര്‍ഷത്തിലേറെയുള്ള അനുഭവം വെച്ച്‌, കോണ്‍ഗ്രസ്‌ ഈ ആവശ്യത്തോട്‌ എങ്ങനെയാവും പ്രതികരിക്കുക എന്ന്‌ മായാവതിക്ക്‌ അസ്സലായി അറിയാവുന്നതാണ്‌. പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. മുസ്‌ലിംകള്‍ക്ക്‌ പ്രത്യേക സംവരണം നല്‍കാനാവില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും വ്യക്തമാക്കുകയുണ്ടായി. 


മുസ്‌ലിം പിന്നാക്കാവസ്ഥ, ഇന്ത്യയിലെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ എക്കാലത്തും തെരഞ്ഞെടുപ്പുകാലത്ത്‌ ഓര്‍മയില്‍ തെളിയുന്ന ഒരു വിഷയം മാത്രമായിരുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്താണ്‌, 2007ല്‍ ചീഫ്‌ ജസ്റ്റിസ്‌ രംഗനാഥ മിശ്ര അധ്യക്ഷനായുള്ള കമ്മീഷന്‍ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്‌. 1950ലെ സംവരണ നിയമം ഭേദഗതി ചെയ്‌ത്‌, പട്ടികജാതി വിഭാഗത്തില്‍ മുസ്‌ലിം, ക്രൈസ്‌തവ, ജൈന, പാഴ്‌സി വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന്‌ മിശ്രാ കമ്മീഷന്‍ നിര്‍ദേശിക്കുകയുണ്ടായി. വിദ്യാഭ്യാസ പ്രവേശത്തിലും നിയമനങ്ങളിലും ഭരണഘടന അനുശാസിക്കുന്ന സംവരണ വിഭാഗങ്ങളില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്താന്‍ ഈ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. 


എന്നാല്‍, രണ്ടു വര്‍ഷക്കാലം ആ റിപ്പോര്‍ട്ട്‌ വെളിച്ചം കാണിക്കാന്‍ പോലും യു പി എ സര്‍ക്കാര്‍ ഭയപ്പെട്ടു. റിപ്പോര്‍ട്ട്‌ പുറത്തുവന്ന ശേഷമാകട്ടെ, അതാരും തിരിഞ്ഞുനോക്കിയതുമില്ല. അതിനു ശേഷമാണ്‌, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ മുസ്‌ലിം രക്ഷകനായി മാറിയെന്ന ധ്വനി സൃഷ്‌ടിച്ചുകൊണ്ട്‌, മുസ്‌ലിം പ്രശ്‌നം പഠിക്കാന്‍ ജസ്റ്റിസ്‌ രജീന്ദ്ര സച്ചാറിന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മീഷനെ വെച്ചത്‌. ഇന്ത്യാ ചരിത്രത്തില്‍ തന്നെ മുസ്‌ലിംകളെക്കുറിച്ച്‌ ഏറ്റവും വിപുലവും സമ്പൂര്‍ണവുമായി പഠിച്ചു തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടാണ്‌ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌. ന്യൂനപക്ഷ വോട്ടിന്റെ തിണ്ണ ബലത്തില്‍ അധികാരം വാഴുന്ന കോണ്‍ഗ്രസ്‌ കേന്ദ്രം ഭരിക്കുന്ന സന്ദര്‍ഭത്തില്‍ ആ റിപ്പോര്‍ട്ട്‌ പുറത്തുവന്നു. ഇന്ത്യയില്‍ പരക്കെ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലും വിദ്യാഭ്യാസ രംഗങ്ങളിലും പട്ടികജാതി വിഭാഗങ്ങളെക്കാള്‍ താഴ്‌ന്ന നിലയിലാണ്‌ മുസ്‌ലിംകള്‍ എന്ന തിക്ത സത്യം രാഷ്‌ട്രീയ നേതൃത്വത്തിന്‌ ബോധ്യപ്പെട്ടു. മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളിലും രാജ്യത്തിന്റെ സുരക്ഷാ വിഭാഗങ്ങളിലും മുസ്‌ലിംകള്‍ അകറ്റി മാറ്റപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ഥ്യവും സച്ചാര്‍ റിപ്പോര്‍ട്ട്‌ പുറത്തുകാട്ടി. എന്നിട്ടെന്തുണ്ടായി? ഇതാ, ഇപ്പോ ശരിയാക്കിത്തരാം എന്ന സ്റ്റൈലില്‍ ചില വാഗ്‌ദാനങ്ങള്‍ പ്രധാനമന്ത്രി പലപ്പോഴായി തട്ടിവിട്ടു എന്നല്ലാതെ ഒരു ചുക്കും സംഭവിച്ചില്ല.

മായാവതിക്കുള്ള മറുപടിയില്‍ മന്‍മോഹന്‍ സിംഗ്‌ പഴകിയ പല്ലവി ഒന്നുകൂടി ആവര്‍ത്തിച്ചിരിക്കുന്നു. നിലവിലെ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ (ഒ ബി സി) പരിധിയില്‍ മുസ്‌ലിംകളെയും ഉള്‍പ്പെടുത്തി, 27 ശതമാനം സംവരണം പറ്റുന്ന കൂട്ടരില്‍ അവരെയും ചേര്‍ക്കാമെന്നാണിപ്പോള്‍ പറഞ്ഞിരിക്കുന്നത്‌. ഈ രീതിയില്‍, ഒ ബി സി പരിധിയില്‍ ഉള്‍പ്പെടുത്തിയാണ്‌ കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മുസ്‌ലിംകള്‍ക്ക്‌ സംവരണാനുകൂല്യം കിട്ടുന്നത്‌. ഇത്തരം സംസ്ഥാനങ്ങളിലെ ചട്ടങ്ങള്‍ പഠിച്ച്‌ ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ തീരുമാനിക്കാമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ്‌ കോണ്‍ഗ്രസ്‌ നല്‌കിയിരിക്കുന്നത്‌. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ സംവരണമര്‍ഹിക്കുന്നത്ര പരിതോവസ്ഥയിലാണിന്നുള്ളതെന്ന്‌ കോണ്‍ഗ്രസിലെ ചോട്ടാ നേതാക്കള്‍ക്കു വരെ അറിയാം. എന്നിട്ടും നട്ടെല്ലുള്ള ഒരു നടപടി അവര്‍ എടുക്കാന്‍ ധൈര്യപ്പെടാത്തത്‌, അത്‌ മുസ്‌ലിം പ്രീണനമായിപ്പോയാലോ എന്നു പേടിച്ചിട്ടു മാത്രമാണ്‌. അതുവെച്ച്‌ ഹിന്ദു വോട്ടുകള്‍ ബി ജെ പി ഊറ്റിയെടുത്തു കളയുമോ എന്ന്‌ ആശങ്കിച്ചിട്ടും. 

കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്‌ ചങ്കുറപ്പുള്ള ഒരു നിലപാട്‌ ഉണ്ടാവാത്ത കാലത്തോളം മുസ്‌ലിം പിന്നാക്കാവസ്ഥയ്‌ക്കു യാതൊരു പരിഹാരവുമുണ്ടാകാന്‍ പോകുന്നില്ല. കേരളത്തില്‍ മറ്റു പിന്നാക്ക വിഭാഗ (ഒ ബി സി) ലിസ്റ്റിലുണ്ടായിട്ടു പോലും അര്‍ഹമായ സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ട അനുഭവം ഓര്‍മവേണം. മുസ്‌ലിംകള്‍ രാഷ്‌ട്രീയ ജാഗ്രതയുള്ള ഒരു സംസ്ഥാനവും മുസ്‌ലിംലീഗ്‌ ഭരണമുന്നണിയിലെ പ്രധാന കക്ഷിയുമായിട്ടും കേരളത്തില്‍ സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെങ്കില്‍, സവര്‍ണത്തമ്പുരാക്കള്‍ ബ്യൂറോക്രസി അടക്കിവാഴുന്ന ഹിന്ദി ബെല്‍റ്റിലെ സ്ഥിതിയെന്താവുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെയാണ്‌ കോണ്‍ഗ്രസ്സിന്റെ അഴകൊഴമ്പന്‍ നിലപാട്‌ നിരാശ പടര്‍ത്തുന്നത്‌. എക്കാലവും ശാഹി ഇമാമിന്റെ സാരോപദേശം കേട്ട്‌ ഇന്ത്യന്‍ മുസല്‍മാന്മാര്‍ വോട്ടു കുത്തിക്കൊള്ളുമെന്ന്‌ മന്‍മോഹന്‍ സിംഗ്‌ കരുതുന്നുവെങ്കില്‍, വൈകാതെ ആ ധാരണ പരമാബദ്ധമാണെന്ന്‌ അദ്ദേഹത്തിന്‌ തിരിച്ചറിയേണ്ടി വരും.

-മുജീബ് റഹ്മാന്‍‌ കിനാലൂര്‍

0 പ്രതികരണങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പു‌കള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....

Related Posts with Thumbnails

feedback comments