നിരാശരാവേണ്ട, യുവാക്കള്‍ പട നയിക്കും

October 04, 2011



യുവാക്കള്‍ വഴിതെറ്റിപ്പോകുന്നു, വിവര സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഫലമായി പുതുതലമുറ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക്‌ കൂപ്പുകുത്തുന്നു, കാമ്പസുകളില്‍ അരാചകത്വം പടരുന്നു തുടങ്ങിയ പ്രലപനങ്ങള്‍ മതപ്രസംഗ വേദികളിലെ അനുപേക്ഷ്യ പല്ലവിയാണിന്നും. സമൂഹത്തെ മൊത്തത്തില്‍ ഗ്രസിക്കുന്ന അധാര്‍മികതകള്‍ യുവസമൂഹത്തെയും ബാധിക്കുന്നുണ്ടെന്നത്‌ ശരിയാണെങ്കിലും ചെറുപ്പക്കാരെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌ വസ്‌തുതാപരമാണോ? ലോകത്ത്‌ നടക്കുന്ന മാറ്റങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവര്‍ക്ക്‌ അങ്ങനെ വിധിയെഴുതാന്‍ കഴിയില്ല.

മതത്തോടും ധാര്‍മികജീവിതത്തോടുമുള്ള അഭിനിവേശം യുവാക്കളില്‍ മുമ്പത്തേക്കാളധികം വര്‍ധിക്കുകയാണെന്ന്‌ മിഡിലീസ്റ്റില്‍ നടക്കുന്ന വിപ്ലവ പോരാട്ടങ്ങളുടെ അടിവേരുകള്‍ ചികയുമ്പോള്‍ ബോധ്യമാകും. തുനീഷ്യയിലും ഈജിപ്‌തിലും യമനിലുമൊക്കെ പതിറ്റാണ്ടുകളായി ഭരണം നടത്തിവരുന്ന ഏകാധിപതികള്‍, അള്‍ട്രാ സെക്യുലറിസത്തിന്റെ പ്രണേതാക്കളായിരുന്നു. മഹാഭൂരിപക്ഷം മുസ്‌ലിംകള്‍ ജീവിക്കുന്ന ഈ രാജ്യങ്ങളില്‍ ഇസ്‌ലാമിക സംസ്‌കാരത്തെ മരവിപ്പിക്കാന്‍ ശ്രമിച്ച അവര്‍ പാശ്ചാത്യസംസ്‌കാരത്തെ ആശ്ലേഷിക്കുന്നതില്‍ മത്സരിക്കുകയും ചെയ്‌തു. അഴിമതിയും അനീതികളും അരാചകത്വവും അപ്രതിരോധ്യമായ ഒരവസ്ഥയിലെത്തി അവിടങ്ങളില്‍. മതാടിസ്ഥാനത്തില്‍ സംഘടിക്കുന്നതിന്റെയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും ആത്മീയ ജീവിതശൈലിയും വളരുന്നതിനെയും ഭരണാധികാരികള്‍ കര്‍ശനമായി വിലക്കി. ഇസ്‌ലാമിക പാര്‍ട്ടികളുടെ നേതാക്കള്‍ക്കും മതപണ്ഡിതന്മാര്‍ക്കും മറ്റു രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയാനോ തടവറയില്‍ ജീവിതം ഹോമിക്കാനോ ആയിരുന്നുവിധി. `അരാഷ്‌ട്രീയമായി' മതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും സാമൂഹ്യക്ഷേമ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും പോലും രഹസ്യപ്പോലീസ്‌ പൊക്കിക്കൊണ്ടുപോയി ജയിലിലടക്കുന്ന അനുഭവങ്ങള്‍ തുനീഷ്യയില്‍ പതിവാണെന്ന്‌ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പരാതിപ്പെട്ടുകൊണ്ടിരുന്നു.


ഈ ഗര്‍ഹനീയ സാഹചര്യത്തെ നേരിടാന്‍ നാല്‍പതിനു താഴെ പ്രായമുള്ള യുവാക്കളാണ്‌ രണ്ടും കല്‍പിച്ച്‌ പോരാട്ടത്തിനിറങ്ങിയത്‌. അവരെ നയിക്കുന്ന പ്രചോദനം ഇസ്‌ലാമികമായ ആവേശം കൂടിയാണ്‌. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള വിമോചന സമരം, മതമനുസരിച്ച്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള സ്വാതന്ത്ര്യവും വകവെച്ചുകിട്ടണമെന്ന മുദ്രാവാക്യം അലിഞ്ഞുചേര്‍ന്നതാണ്‌. തഹ്‌രീര്‍ സ്‌ക്വയറിലെ ജുമുഅ നമസ്‌കാരവും സമരവേദികളിലെ പ്രാര്‍ഥനകളും യുവാക്കള്‍ ഏതു ദിശയില്‍ ചിന്തിക്കുന്നു എന്നതിന്റെ സൂചന നല്‍കുന്നുണ്ട്‌. ഇന്റര്‍നെറ്റിനെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും ചൊല്ലി ബേജാറാകുന്നവര്‍ അതേ മീഡിയ തന്നെയാണ്‌ യുവാക്കളില്‍ പുതിയ സമരജ്വാല പടര്‍ത്തുന്നത്‌ എന്ന മറുവശം കാണാതെ പോകുകയാണ്‌.


സെക്യുലറിസത്തിന്‌ മതനിരാസം കല്‍പിക്കുന്ന സാക്ഷാല്‍ സര്‍ക്കോസിയുടെ ഫ്രാന്‍സില്‍ ഏറ്റവുമൊടുവില്‍ നടന്ന ഒരു സര്‍വേ ഇവിടെ ചേര്‍ത്തുവെക്കാവുന്നതാണ്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ മെച്ചപ്പെട്ട മുസ്‌ലിം സാന്നിധ്യമുള്ള രാജ്യമാണ്‌ ഫ്രാന്‍സ്‌. ഫ്രാന്‍സിന്റെ പൊതുജീവിതത്തില്‍, മതചിഹ്നങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയത്‌ സെക്യുലറിസ്റ്റ്‌ ഭരണാധികളെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട്‌ കുറച്ചുകാലമായി. ആ വെപ്രാളമാണ്‌ ശിരോവവസ്‌ത്രം നിരോധിക്കാനുള്ള ശ്രമങ്ങളിലും മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക്‌ ഭീകരമുദ്ര നല്‍കി പീഡിപ്പിക്കാനുള്ള നീക്കങ്ങളിലുമൊക്കെ തെളിഞ്ഞുവരുന്നത്‌. മതസ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള ശക്തമായ നടപടികള്‍ ഫ്രാന്‍സിലെ മുസ്‌ലിംകളെ കൂടുതല്‍ മതാഭിമുഖ്യമുള്ളവരാക്കി മാറ്റാനാണ്‌ ഉപകരിച്ചിട്ടുള്ളതെന്നാണ്‌ പുതിയ സര്‍വേ വെളിപ്പെടുത്തുന്നത്‌. മതവിശ്വാസത്തിന്റെ കാര്യത്തില്‍ വയോവൃദ്ധന്മാരല്ല, ചെരുപ്പക്കാരാണ്‌ മുന്‍പന്തിയിലേക്ക്‌ വരുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്‌.


ഫ്രാന്‍സിലെ പ്രശസ്‌തമായ മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ ആന്റ്‌ ഒപ്പീനിയന്‍ പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആയ (IFOP) നടത്തിയ സര്‍വേ, 1989നും 2011നുമിടയില്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ പ്രവണതാ മാറ്റത്തെയാണ്‌ പഠനവിധേയമാക്കിയത്‌. ഫ്രഞ്ച്‌ മുസ്‌ലിംകളില്‍ 41 ശതമാനവും വിശ്വാസ ആചാരങ്ങള്‍ കണിശമായി പുലര്‍ത്തുന്നവരും 34 ശതമാനം അനുഷ്‌ഠാന കാര്യങ്ങളില്‍ കണിശതയില്ലാത്ത വിശ്വാസികളും 22 ശതമാനം നാമമാത്ര മുസ്‌ലിംകളുമാണെന്ന്‌ സര്‍വേ പറയുന്നു. അഞ്ചു നേരത്തെ നമസ്‌കാരം കണിശമായി നിര്‍വഹിക്കുന്നവര്‍ 1989ല്‍ 41 ശതമാനമുണ്ടായിരുന്നെങ്കിലും 1994ല്‍ അത്‌ 31 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും 39 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. വെള്ളിയാഴ്‌ച ജുമുഅയില്‍ പങ്കെടുക്കാന്‍ ഒട്ടേറെ തടസ്സങ്ങളുണ്ട്‌ ഫ്രാന്‍സില്‍; പ്രത്യേകിച്ച്‌ തൊഴിലാളികള്‍ക്ക്‌. എന്നിട്ടും ജുമുഅ കൃത്യമായി നിര്‍വഹിക്കുന്നവരുടെ തോത്‌ 25 ശതമാനം ഉയര്‍ന്നിരിക്കുന്നു. ഏറെ ശ്രദ്ധേയമായത്‌, ഇക്കാര്യത്തില്‍ 7 ശതമാനമായിരുന്ന യുവാക്കളില്‍ 23 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നു എന്നതാണ്‌. ലോകത്തുടനീളം സ്‌ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത്‌ തുലോം കുറവാണ്‌. എന്നാല്‍ ഫ്രാന്‍സ്‌ മുസ്‌ലിം സ്‌ത്രീകളില്‍ പതിനാറ്‌ ശതമാനവും ജുമുഅയില്‍ സംബന്ധിക്കുന്നു. 71 ശതമാനം പേരും റമദാനില്‍ മുഴുവന്‍ നോമ്പും പിടിക്കുന്നു. 9 ശതമാനം പൂര്‍ണമല്ലാതെയും നോമ്പെടുക്കുന്നു. നോമ്പെടുക്കുന്നില്ലെന്ന്‌ പരസ്യമാക്കുന്നവരുടെ തോത്‌ ഈ കാലയളവില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു.


ശിരോവസ്‌ത്രത്തിനെതിരെ ഫ്രാന്‍സില്‍ കടുത്ത നീക്കങ്ങള്‍ നടക്കുന്നതിനിടയിലും അത്‌ സ്ഥിരമായി ധരിക്കുന്ന മുസ്‌ലിംകളുടെ എണ്ണം 26 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. സ്ഥിരമല്ലാത്ത ശിരോവസ്‌ത്രധാരികള്‍ 6 ശതമാനം വേറെയും. മദ്യോപയോഗം, സ്വവര്‍ഗരതി തുടങ്ങിയ തിന്മകള്‍ വര്‍ജിക്കുന്ന കാര്യത്തിലും വമ്പിച്ച മുന്നേറ്റം മുസ്‌ലിം യുവാക്കളില്‍ കാണുന്നതായി സര്‍വേ വെളിപ്പെടുത്തുന്നു.


ചുരുക്കത്തില്‍ മുസ്‌ലിം രാജ്യങ്ങളിലും സെക്യുലര്‍ രാജ്യങ്ങളിലും മതധാര്‍മിക മണ്ഡലങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക്‌ ചുക്കന്‍ പിടിക്കുന്നത്‌ യുവാക്കളാണ്‌. ശാസ്‌ത്ര സാങ്കേതിക വളര്‍ച്ചയ്‌ക്കൊത്ത്‌ ഈ പ്രവണത ഭാവിയില്‍ കൂടാനാണ്‌ സാധ്യത. അതിനാല്‍ ചെറുപ്പക്കാരെ ചൊല്ലി അത്ര നിരാശപ്പെടാനൊന്നുമില്ല. അവരാണ്‌ അടുത്ത അങ്കം ജയിക്കാന്‍ പോകുന്നത്‌.


-മുജീബ് റഹ്മാന്‍‌ കിനാലൂര്‍

0 പ്രതികരണങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പു‌കള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....

Related Posts with Thumbnails

feedback comments