കേരളത്തിലെ ഉഗ്രയാഥാസ്ഥിതിക വിഭാഗത്തിന് അടുത്തകാലം വരെ കേട്ടാല്‍ ഹാലിളകുന്ന പദമായിരുന്നു `നവോത്ഥാനം.' നവോത്ഥാനത്തിന് അവര്‍ `മതപരിഷ്‌കരണം' എന്ന് അര്‍ഥം പറഞ്ഞു. കാലത്തിനൊപ്പിച്ച് മതനിയമങ്ങളെ ചെത്തിമിനുക്കുന്ന പണിയാണ് നവോത്ഥാനം എന്നവര്‍ എഴുതിപ്പിടിപ്പിച്ചു. പ്രൊട്ടസ്റ്റന്റുകള്‍ ക്രിസ്‌തുമതത്തെ നവീകരിച്ച പോലെ ഇസ്‌ലാം മതത്തെ നവീകരിക്കുകയാണ് `ഒഹ്‌ഹാബി'കള്‍ ചെയ്‌തതെന്നും അതിനാല്‍ `ഒഹ്‌ഹാബിസം' പടിഞ്ഞാറു നിന്നുള്ള ഇറക്കുമതിയാണെന്നും സിദ്ധാന്തങ്ങള്‍ ചമച്ചു. കേരളത്തില്‍ മുസ്‌ലിം ജീവിതത്തെ ആധുനികീകരിക്കാന്‍ നടത്തപ്പെട്ട ശ്രമങ്ങള്‍ കൊടിയ അപരാധമായിരുന്നുവെന്നാണ് പുതിയ വെളിപാടുണ്ടായത്. മുസ്‌ലിം ഐക്യസംഘത്തെ `കൊടുങ്ങല്ലൂര്‍ പ്രസ്ഥാനം' എന്നവര്‍ ആക്ഷേപിച്ചു. പള്ളിദര്‍സുകള്‍ പൂട്ടിച്ചവര്‍, അറബി മലയാളത്തെ കുത്തിക്കീറിയവര്‍, മാലപ്പാട്ടുകളെ ഭേദ്യം ചെയ്‌തവര്‍ എന്നു തുടങ്ങി നവോത്ഥാന പ്രസ്ഥാനത്തിനെതിരെ തയ്യാറാക്കിയ കുറ്റപത്രം നീണ്ടതാണ്.
`നവോത്ഥാന'ത്തിനെതിരെ വാളെടുത്ത് കോമരം തുള്ളുന്നതിന്റെ ചേതോവികാരമെന്താണ്? നവോത്ഥാന ആശയങ്ങളോടുള്ള എതിര്‍പ്പോ? നവോത്ഥാന പ്രസ്ഥാനം നട്ടുവളര്‍ത്തിയ ആശയങ്ങള്‍ ഈ സമൂഹത്തെ ഉണര്‍ത്തുന്നതിനുള്ളതായിരുന്നു. മുന്നോട്ടു നടക്കുന്ന ഒരു കൂട്ടര്‍ക്കും ആ ആശയങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ സാധിക്കില്ല. സ്‌കൂളില്‍ ചേര്‍ന്നുപഠിക്കുന്നതും കോളെജുകള്‍ സ്ഥാപിച്ചു നടത്തുന്നതും ഇംഗ്ലീഷ് ഭാഷയും ശാസ്‌ത്രവിഷയങ്ങളും സ്വായത്തമാക്കുന്നതും ഖുര്‍ആനും ഹദീസുമൊക്കെ മലയാളീകരിക്കുന്നതും സ്‌ത്രീകള്‍ക്ക് വ്യക്തിത്വത്തോടെ ജീവിക്കാന്‍ അവസരം നല്‍കുന്നതുമൊക്കെ `നവോത്ഥാന ആശയങ്ങള്‍' ആണെങ്കില്‍, ആ നവോത്ഥാനത്തെ പിന്തുടരാത്ത ഒരു വിഭാഗവും ഇന്ന് കേരളത്തിലില്ല. മാത്രമല്ല, ഈ വക മതപരിഷ്‌കരണങ്ങളെല്ലാം ഉഗ്രയാഥാസ്ഥിതികതയുടെ തലപ്പാവിനു ചുവട്ടിലാണ് ഇന്ന് അസ്സലായി നടന്നുപോകുന്നതും!
നവോത്ഥാനത്തിന്റെ ആശയങ്ങളെ കെട്ടിപ്പുണരുകയും അത് ഉയര്‍ത്തിയ പ്രസ്ഥാനത്തെ തെറി വിളിക്കുകയും ചെയ്യുന്നതിന് കാരണം വേറെയാണ്. മതത്തില്‍ പൗരോഹിത്യവും ആത്മീയചൂഷണവും നടത്തുന്നതിനെതിരെ നവോത്ഥാന വാദികള്‍ നടത്തുന്ന ശക്തമായ സമരമാണത്. മതകാര്യങ്ങളെ പ്രമാണങ്ങളും സാമാന്യയുക്തിയും മുന്നില്‍വെച്ച് വിശകലനം ചെയ്‌താല്‍ പുരോഹിതന്മാരുടെ ചൂഷണം നടക്കില്ല. അന്ധവിശ്വാസങ്ങളെയും അത്യാചാരങ്ങളെയും ആത്മീയതട്ടിപ്പുകളെയും ജനങ്ങള്‍ ചോദ്യംചെയ്യും. അതിനാലാണ് യുക്തിയും ശാസ്‌ത്രവുമൊക്കെ അട്ടത്തുവെച്ച് ഉസ്‌താദുമാര്‍ ഓതിത്തരുന്നത് ഹര്‍ഫ് തെറ്റാതെ എഴുതിക്കുടിച്ചാല്‍ മതിയെന്ന് തിട്ടൂരമുണ്ടാകുന്നത്.
മലബാറില്‍ `തിരുമുടി' വിവാദം കൊഴുക്കുന്ന സന്ദര്‍ഭമാണിത്. സത്യത്തില്‍ നവോത്ഥാന യുക്തികളുടെ മേക്കിട്ടുകയറി വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു കാമ്പയിന്റെ അന്ത്യമാണ് ഈ `തിരുമുടിയാട്ടം.' ശാസ്‌ത്രവും യുക്തിയുമൊക്കെ മഹാപാപമെന്ന് പറഞ്ഞുവെച്ചത്, ഈ വ്യാജരോമം വെച്ച് കച്ചവടം നടത്തുന്നതിനെ ആരും ചോദ്യം ചെയ്യാതിരിക്കാന്‍ മുന്‍കൂട്ടി ഒപ്പിച്ച ഒരു വേല മാത്രമായിരുന്നു. `ശഅ്‌റെ മുബാറക്' സമുച്ചയത്തില്‍ പ്രധാനമായുള്ളത് നോളെജ് സിറ്റിയാണെന്ന് ഉസ്‌താദവര്‍കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോളെജും അതിലുണ്ട്. ഇത്തരം ആധുനിക വിജ്ഞാനകേന്ദ്രങ്ങളില്‍ ശാസ്‌ത്രവും യുക്തിയും വെച്ചാണ് കാര്യങ്ങള്‍ പഠിപ്പിക്കുക. മൊയ്‌തീന്‍മാലയുടെ കിതാബ് വെച്ചാണോ ഇവിടെ ചികിത്സ പഠിക്കുക? അതോ ലാബറട്ടറികള്‍ ഉപയോഗിച്ചോ? എങ്കില്‍ ഇതേ ലാബറട്ടറികള്‍ ഉപയോഗിച്ച് `തിരുമുടി'യുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, അത് `യുക്തിവാദ'മാകുന്നതെങ്ങനെ?
പൗരോഹിത്യം സാമാന്യബോധത്തെ കൊഞ്ഞനംകുത്തുന്നതിന്റെ കൂര്‍ത്ത ഉദാഹരണമാണ് ഈ `വിശുദ്ധ മുടി' പ്രചാരണം. ആളെ പറഞ്ഞുപറ്റിക്കുന്ന ഈ `സേക്രട്ട് ട്രേഡി'ന് പശ്ചാത്തലമൊരുക്കിക്കൊടുത്ത നവോത്ഥാന പുനര്‍വായന പണ്ഡിറ്റുകള്‍ക്ക് ഇപ്പോഴെങ്കിലും തങ്ങള്‍ അകപ്പെട്ട അക്കിടി മനസ്സിലായിക്കാണുമോ ആവോ?!




0 പ്രതികരണങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....