" ഇസ്‌ലാമിനകത്ത് സ്വാതന്ത്ര്യം സാധ്യമല്ല. കടുത്ത മര്‍ദനമുറകളും
ശിക്ഷാവിധികളും കൊണ്ടു മാത്രമേ അത് നിലനില്‌ക്കൂ. പാശ്ചാത്യ നാഗരികത
പടുത്തുയര്‍ത്തപ്പെട്ട ജൂത-ക്രൈസ്‌തവ മൂല്യങ്ങളുമായി ഇസ്‌ലാമിന് ഒരു
നിലക്കും സഹവര്‍ത്തിക്കാന്‍ സാധിക്കുകയേ ഇല്ല. സ്വാതന്ത്ര്യം
ക്രൈസ്‌തവതയുടെ ഡി എന്‍ എ ആണ്. എന്നാല്‍, ക്രൂരവും നീതിരഹിതവുമായ
അടിച്ചമര്‍ത്തലാണ് ഇസ്‌ലാമിന്റെ ഡി എന്‍ എ. പാശ്ചാത്യരായ നമ്മുടെ വിമോചന
സങ്കല്‌പത്തിന്റെ മറുവശത്താണ് ഇസ്‌ലാം. അതിന്റെ ആത്മാവ് തന്നെ
ബലപ്രയോഗമാണ്. ദൈവത്തിനല്ലാതെ അത് നിര്‍മൂലനം ചെയ്യാനാകില്ല... ''
അമേരിക്കയിലെ പ്രശസ്‌ത സുവിശേഷകനായ ബ്ര്യാന്‍ ഫിഷറിന്റെ (Bryan Fishcer)
വാക്കുകളാണിത്. വെറും ഒരു സുവിശേഷകന്‍ മാത്രമല്ല ഇദ്ദേഹം. യാഥാസ്ഥിതിക
വലതുപക്ഷത്തിന്റെ കടുത്ത വക്താവുമാണ്. മിസ്സിസിപ്പിയിലെ അപ്രശസ്‌തമായ
ഒരു റേഡിയോയില്‍ ടോക്‌ഷോ നടത്തിയ ബ്ര്യാന്‍ അടുത്ത കാലത്താണ്
വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ന്യൂസ്‌വീക്ക് വാരിക (ജനു. 18,
2011) ഇദ്ദേഹത്തെക്കുറിച്ച് ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.
നിയോകോണുകളുടെ മാനസപുത്രനായി മാറിയ ഇദ്ദേഹം, വംശവെറിയും മതവൈരവും
ഇസ്‌ലാംവിരോധവും കലര്‍ന്ന വിഷം ചീറ്റലിലൂടെയാണ് കുപ്രസിദ്ധി
ആര്‍ജിച്ചതെന്ന് ആ ഫീച്ചര്‍ വ്യക്തമാക്കുന്നുണ്ട്.
ഡല്ലാസ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്‌ത്രം പഠിക്കുകയും
ഇരുപത്തിയഞ്ചു വര്‍ഷത്തിലേറെയായി സീനിയര്‍ പാസ്റ്ററായി സേവനം ചെയ്യുകയും
ചെയ്യുന്നു വൈദികനാണ് ബ്ര്യാസ്. ഇപ്പോള്‍ `അമേരിക്കന്‍ ഫാമിലി
അസോസിയേഷ'ന്റെ പ്രശ്‌നാപഗ്രഥന വിഭാഗം ഡയറക്‌ടറാണ്. 2009 മുതല്‍
അമേരിക്കന്‍ ഫാമിലി റേഡിയോയില്‍ ഇദ്ദേഹം നടത്തിവരുന്ന `ഫോക്കല്‍
പോയന്റ്' എന്ന രണ്ടു മണിക്കൂര്‍ ടോക്‌ഷോ പരിപാടിക്ക് രണ്ടു
മില്ല്യനിലധികം കേള്‍വിക്കാരുണ്ട്. ഫോക്കല്‍ പോയിന്റിന്റെ കഴിഞ്ഞ ആഴ്‌ചത്തെ `കുവിശേഷ'ത്തിലാണ് ബ്ര്യാസ് ഫിഷര്‍ ഈ കുറിപ്പിന്റെ
തുടക്കത്തില്‍ ഉദ്ധരിച്ച `കണ്ടുപിടുത്തം' നടത്തിയത്.
അമേരിക്കയിലും യൂറോപ്പിലും `ഇസ്‌ലാമോഫോബിയ' പടര്‍ത്തുന്നതില്‍ നിര്‍ണായക
പങ്കുവഹിക്കുന്നത് ഇത്തരത്തിലുള്ള സുവിശേഷകരാണെന്നത് ഒരു വസ്‌തുതയാണ്.
അമേരിക്കയില്‍ വലതുപക്ഷ യാഥാസ്ഥിതിക ക്രൈസ്‌തവ പക്ഷം ടി വി, റേഡിയോ,
ഇലക്‌ടോണിക്, പത്രമാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വിദ്വേഷ പ്രചാരണത്തെ
വിശകലനം ചെയ്യുന്ന റൈറ്റ്‌വിംഗ് വാച്ച് ഡോട്ട് ഓര്‍ഗ് (www.rightwing watch.org) എന്ന വെബ്‌സൈറ്റ് പരിശോധിച്ചാല്‍, ഇത്തരത്തിലുള്ള അനേകം
ഉദാഹരണങ്ങള്‍ കാണാം. ബ്ര്യാന്‍ ഫിഷറിന്റെ പുതിയ പ്രസംഗം ക്രൈസ്‌തവ സുവിശേഷകര്‍ക്കു തന്നെ അപമാനമാണ്. അമേരിക്കയിലെ എല്ലാ മുസ്‌ലിംകളും ക്രിസ്‌തുമതത്തിലേക്ക്
കൂട്ടപരിവര്‍ത്തനം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഈ പാസ്റ്റര്‍,
അമേരിക്കന്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി പ്രത്യേകം കാമ്പയ്‌ന്‍
നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു. അമേരിക്കയില്‍ പുതിയ
പള്ളികള്‍ക്ക് അനുമതി നല്‍കരുത്. കാരണം പള്ളികള്‍ അസഹിഷ്‌ണുതയുടെ
കേന്ദ്രമാണ്. അമേരിക്കയെ ബാധിച്ച അര്‍ബുദമാണ് ഇസ്‌ലാമെന്നും ഈ
മതഭ്രാന്തന്‍ തുറന്നടിക്കുന്നു. അതിനാല്‍ അമേരിക്ക ഇപ്പോള്‍ മുസ്‌ലിം
രാജ്യങ്ങളിലേക്ക് മിഷനറിയെ അയക്കണം. പിന്നീട് മറൈനുകളെയും. "This time
it's Marines and missionaries, next time it'll be marines and
missiles.''
അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി നല്‌കുന്ന മതസ്വാതന്ത്ര്യത്തിന്റെ
ആനുകൂല്യം ക്രിസ്‌ത്യാനികള്‍ക്കു മാത്രമാണെന്നാണ് ഫിഷര്‍ ബ്ര്യാനിന്റെ
അഭിപ്രായം. 2009ല്‍ അമേരിക്കന്‍ പട്ടാളത്തില്‍ മുസ്‌ലിംകളെ
ചേര്‍ക്കുന്നതിനെതിരെ ഈ പുരോഹിതന്‍ നടത്തിയ പ്രചാരണം ഏറെ
വിവാദമായിരുന്നു. ദേശീയ സുരക്ഷയ്‌ക്ക് വെല്ലുവിളിയാണ്, സൈന്യത്തിലെ
മുസ്‌ലിംസാന്നിധ്യമെന്ന് ഇദ്ദേഹം ആക്രോശിച്ചു. ഇസ്‌ലാം വിരോധ
പ്രസ്‌താവനയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട ജോര്‍ജ് ബുഷിനെ പോലും ഈ
പാതിരി വെറുതെ വിട്ടില്ല. ഇസ്‌ലാമിന് ജനാധിപത്യവുമായി സംവദിക്കാന്‍
കഴിയുമെന്ന ബുഷിന്റെ വിശ്വാസം തെറ്റാണെന്നാണ് ഫിഷര്‍ പറയുന്നത്.
കുടിയേറ്റക്കാരോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഒബാമയും ഫിഷറിന്
സ്വീകാര്യനല്ല. കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന്
തിരിച്ചയക്കണമെന്നാണ് ഇയാളുടെ പക്ഷം!
ലോകത്തിലെ എല്ലാ ക്രൈസ്‌തവ സുവിശേഷകരും വിദ്വേഷ പ്രചാരകരോ അസഹിഷ്‌ണുക്കളോ
ആണെന്ന് ബ്ര്യാന്‍ ഫിഷറിനെ മുന്‍നിര്‍ത്തി സാമാന്യവല്‍കരിക്കുകയല്ല.
മനുഷ്യസ്‌നേഹത്തിനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതം ഉഴിഞ്ഞുവെച്ച
ഒട്ടേറെ ക്രൈസ്‌തവ പുരോഹിതന്മാരും വൈദികന്മാരുമുണ്ട്.
കുഷ്‌ഠരോഗികള്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച മദര്‍ തെരേസയും ആ വഴിയില്‍
കൊല്ലപ്പെട്ട ഗ്രഹാം സ്റ്റൈന്‍സുമൊക്കെ ഉദാഹരണങ്ങള്‍. ഇനി,
ജനാധിപത്യപരമായ രീതിയില്‍, ഇതര മതങ്ങളെ വിമര്‍ശിക്കുകയും താരതമ്യ പഠനം
നടത്തുകയും ചെയ്യുന്ന സുവിശേഷ പ്രവര്‍ത്തനം തന്നെയും
ആദരിക്കപ്പെടേണ്ടതാണ്. എന്നാല്‍, ആദ്യം ബൈബിള്‍; വഴിപ്പെട്ടില്ലെങ്കില്‍
മിസൈല്‍ എന്ന പ്രാകൃത മനസ്സ്, ഒരു സുവിശേഷകനിലെങ്കിലും ബാക്കി
നില്‌ക്കുന്നുണ്ടെങ്കില്‍ അത് ലോകത്തെ എല്ലാ വൈദികര്‍ക്കും
അപമാനമാണെന്ന് സഭ തിരിച്ചറിയണം.
ഇതിന്റെ മറുവശം ഒന്നു സങ്കല്‌പിച്ചുനോക്കൂ. ലോകത്തെവിടെയെങ്കിലുമുള്ള ഒരു
ഇസ്‌ലാം മത പ്രബോധകനോ ഏതെങ്കിലും മുസ്‌ലിം സെമിനാരിയിലെ മുല്ലയോ മുസ്‌ലിം
രാജ്യങ്ങളിലെ ക്രിസ്‌ത്യാനികളെ ബലം പ്രയോഗിച്ച് മാര്‍ഗം കൂട്ടണമെന്ന്
`ഫത്‌വ' നല്‌കിയാല്‍ (മുല്ലമാര്‍ വാ തുറന്നാല്‍ അത് മാധ്യമങ്ങള്‍ക്ക്
ഫത്‌വ ആണല്ലോ!) എന്തൊക്കെ പുകിലുകള്‍ കാണേണ്ടി വരും? എവിടെയൊക്കെ
ഖുര്‍ആന്‍ പ്രതികള്‍ അഗ്നിക്കിരയാകും! ആ `ഫത്‌വ'യുടെ ഉത്തരവാദിത്തം അത്
നല്‌കിയവരില്‍ പരിമിതമാകാതെ, ഇസ്‌ലാമിന്റെ പേരില്‍ എഴുതപ്പെടും? ഇല്ലേ??
-മുജീബ്റഹ്മാന്‍ കിനാലൂര്‍




1 പ്രതികരണങ്ങള്‍:
mathrubhumi weekly 2011 July 31-aug 6 il prasidheekaricha 'islamintey nervazhi' sardar que'an vayicha vidham enna leghanathey kurichu enthanu prathikaranam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....