എന്‍ഡോസള്‍ഫാന്‍ കീടനാശിനിയോ വംശനാശിനിയോ?

April 26, 2011




പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ ക്രൂരമായ അധിനിവേശത്തിന്റെ സമീപകാല
ഉദാഹരണങ്ങളിലൊന്നാണ്‌ എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം. മണ്ണിനെയും
മനുഷ്യനെയും ആവാസവ്യവസ്ഥയെയും കൊടിയ ദുരന്തങ്ങളിലേക്കു തള്ളിവിടുന്ന ഈ
രാസവസ്‌തു കൃഷിക്കു വേണ്ടിയാണ്‌ ഉപയോഗിക്കുന്നത്‌ എന്നത്‌, ലക്കുകെട്ട
മനുഷ്യന്റെ ലാഭമോഹത്തിന്റെയും വെളിവുകേട്‌ തുറന്നുകാട്ടുന്നുണ്ട്‌.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ വിയറ്റ്‌നാമില്‍ പ്രയോഗിച്ച
ഏജന്റ്‌ ഓറഞ്ച്‌ എന്ന വിഷലായനി ഒരു കീടനാശിനി ആയിരുന്നു. അന്ന്‌ വിഷം
തളിച്ചതിന്റെ പ്രത്യാഘാതം ഇന്നും വിയറ്റ്‌നാം അനുഭവിക്കുന്നു.
ബുദ്ധിമാന്ദ്യവും ശാരീരിക വൈകല്യങ്ങളും സ്ഥിരമായ മാരകരോഗങ്ങളും
അന്നാട്ടിലെ ജനങ്ങളില്‍ പരമ്പരാഗതമായി പടര്‍ന്നുകൊണ്ടിരിക്കുന്നു.
സമാനമായ ഒരു വിഷലായനി തന്നെയാണ്‌ കേരളത്തിലെ ചില ജില്ലകളിലും
പ്രയോഗിച്ചത്‌. ഇവിടെ ശത്രുക്കളായിരുന്നില്ലെന്നു മാത്രം. കാസര്‍കോട്‌,
പാലക്കാട്‌, ഇടുക്കി, വയനാട്‌ തുടങ്ങിയ ജില്ലകളിലെ
കശുവണ്ടിത്തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി
ഏജന്റ്‌ ഓറഞ്ചിന്റെ അതേ ധര്‍മം തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌. ഈ
വിഷപ്രയോഗമാകട്ടെ, സ്വന്തം സര്‍ക്കാറിന്റെ സമ്മതപത്രത്തോടെയും!
അമിതാദായവും വിളവര്‍ധനയും ലക്ഷ്യമിട്ട്‌ കശുവണ്ടിത്തോട്ടങ്ങളില്‍
തളിക്കുന്ന ഈ വസ്‌തു, ഉല്‍പാദന ഭ്രാന്തിന്റെ ഭീകരത ഓര്‍മിപ്പിച്ചു
കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഇരുപത്‌ വര്‍ഷക്കാലമായി എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്ന
കാസര്‍കോട്‌ ജില്ലയില്‍ നൂറുകണക്കിനു പേര്‍ തജ്ജന്യ രോഗങ്ങള്‍ നിമിത്തം
അപഹരിക്കപ്പെടുകയുണ്ടായി. പ്രമുഖ പരിസ്ഥിതി ശാസ്‌ത്രജ്ഞരായ വന്ദനാ ശിവ
ഉദ്ധരിച്ച കണക്കനുസരിച്ച്‌, കാസര്‍കോട്ട്‌ 9,000ത്തിലേറെ എന്‍ഡോസള്‍ഫാന്‍
ഇരകളുണ്ട്‌. അതില്‍ 4800 പേര്‍ ശയ്യാവലംബികളാണ്‌. ഇതിനകം
പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍
ദുരന്തത്തിന്റെ ഭീകരാവസ്ഥ അനാവരണം ചെയ്യുകയുണ്ടായി. പത്രങ്ങളും
ദൃശ്യമാധ്യമങ്ങളും ഈ പ്രശ്‌നത്തിന്റെ ഭയാനകത ബോധ്യപ്പെടുത്തുന്നതില്‍
പ്രധാന പങ്കുവഹിച്ചതോടെ, രാജ്യത്തുടനീളം ഒരു പ്രക്ഷോഭം
ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്‌. കാസര്‍കോട്ടെ
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഭീകരദൃശ്യങ്ങളുടെ വീഡിയോ കണ്ട്‌ ഭയന്നാണ്‌
ആസ്‌ത്രേലിയ ഈ മാരക കീടനാശിനി നിരോധിച്ചത്‌. അത്‌ നമ്മുടെ
ഭരണാധികാരികളുടെ കണ്ണു തുറപ്പിച്ചില്ല എന്നത്‌ മറ്റൊരു കാര്യം.
ഒരു കൊടിയ യുദ്ധത്തിന്റെ ബാക്കിപത്രം പോലയായിത്തീര്‍ന്നിരിക്കുന്നു
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍. വികൃതമായ ശരീരഘടനയുള്ള കുട്ടികളും ബുദ്ധിമാന്ദ്യം ബാധിച്ച യുവാക്കളും ശാരീരിക ശേഷികള്‍ ക്ഷയിച്ച വൃദ്ധരും പാര്‍ക്കുന്ന വീടുകള്‍. പുഴുക്കളെപോലെ ഇഴഞ്ഞു ജീവിതം
തള്ളിനീക്കുന്ന ജന്മങ്ങള്‍. ലാഭക്കൊതിയുടെ ജീവിക്കുന്ന ബലിയാടുകള്‍.
പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‌, ഈ കീടനാശിനി നിരോധിക്കണമെന്ന്‌ ശിപാര്‍ശ
ചെയ്യാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വരാതിരുന്നത്‌ ആ കാഴ്‌ചകള്‍ കണ്ടതു
തന്നെയാവണം. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപേഷനല്‍ ഹെല്‍ത്തും
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെടുകയുണ്ടായി. ഇതിനകം കേരളവും
കര്‍ണാടകയും ഈ രാസവിഷം നിരോധിക്കാന്‍ കേന്ദ്രഗവണ്‍മെന്റിനോട്‌
ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഈ ദുരന്തദൃശ്യങ്ങളൊന്നും കേന്ദ്ര കൃഷിമന്ത്രി ശരത്‌ പവാറിനെ ഏശിയില്ലെന്നാണ്‌ ഇക്കാര്യത്തിലെ അദ്ദേഹത്തിന്റെ ദുശ്ശാഠ്യം കാണിക്കുന്നത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പവാറും മനുഷ്യവിരുദ്ധമായ ഈ കീടനാശിനി നിരോധിക്കാന്‍ തയ്യാറാവാത്തതെന്താണെന്ന ചോദ്യം ദുരൂഹത ഉണര്‍ത്തുന്നു. ജനങ്ങളുടെ ജീവനെക്കാള്‍ ഇവര്‍ക്ക്‌ വലുത്‌ കീടനാശിനി നിര്‍മാണക്കമ്പനികളുടെ താല്‍പര്യങ്ങളാണോ? അതോ ഇത്തരം രാസവസ്‌തുക്കള്‍ക്ക്‌ മാത്രമേ കൃഷിവളര്‍ച്ച കൈവരുത്താന്‍ സാധിക്കൂ എന്ന അന്ധവിശ്വാസമോ? ലോകത്തെ 81 രാജ്യങ്ങള്‍ ഇതിനോടകം തന്നെ നിരോധിച്ച എന്‍ഡോസള്‍ഫാന്‌ ലോകവേദികളില്‍ പച്ചക്കൊടി കാണിച്ച രാഷ്‌ട്രങ്ങളില്‍ മുമ്പന്‍ ഇന്ത്യയാണെന്നത്‌ ഇന്ത്യക്കാര്‍ക്ക്‌ നാടക്കേടാണെന്ന്‌
പറയാതിരിക്കാന്‍ കഴിയില്ല.കഴിഞ്ഞ സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ അവലോകന സമിതിയില്‍, കാസര്‍കോട്ടെ ദുരന്തത്തിന്‌ കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന്‌ വാദിക്കുകയാണ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച ഡെപ്യൂട്ടി സെക്രട്ടറി വന്ദന്‍ ജെയിന്‍ ചെയ്‌തത്‌.
റോട്ടര്‍ഡാം കണ്‍വെന്‍ഷനിലും ഇന്ത്യ നിരോധത്തെ അനുകൂലിച്ചില്ല.
കീടനാശിനികള്‍ക്കെതിരെ ഉയരുന്ന വ്യാപകമായ പ്രതിഷേധത്തിന്റെ
പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര കൃഷിവകുപ്പ്‌ സംഘടിപ്പിച്ച
സെമിനാറില്‍, എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളെ പ്രായോജകരാക്കുകയായിരുന്നു
കൃഷിമന്ത്രി.ജനീവയില്‍ ഐക്യരാഷ്‌ട്ര സഭയുടെ സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ 2011
ഏപ്രില്‍ 25ന്‌ നടക്കുമ്പോള്‍, കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം
ആചരിക്കുകയാണ്‌. കേരള സര്‍ക്കാറും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും
സാമൂഹികസംഘടനകളും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍
സമ്മര്‍ദം ചെലുത്തിവരികയാണ്‌. സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍,
എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കുന്നതിനെ ഇന്ത്യന്‍ പ്രതിനിധിസംഘം
പിന്തുണക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. 74
രാജ്യങ്ങള്‍ നിരോധത്തെ അനുകൂലിക്കുന്നു. ഇവിടെ ഇന്ത്യയുടെ നിലപാട്‌
നിര്‍ണായകമാകും.

എന്‍ഡോസള്‍ഫാനെതിരെ ലോകതലത്തില്‍ തന്നെ ഉയരുന്ന മുറവിളി ഒരു പ്രതീകമാണ്‌.വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന നൂറുകണക്കിന്‌ മാരകമായ
കീടനാശനികള്‍ വേറെയുമുണ്ട്‌. അതൊക്കെ, പ്രകൃതിയിലും അന്തരീക്ഷത്തിലും
മനുഷ്യജനിതകത്തിലുമൊക്കെ കനത്ത പ്രഹരങ്ങള്‍ ഏല്‍പിക്കുമെന്ന്‌
ശാസ്‌ത്രജ്ഞര്‍ തന്നെ തെളിയിച്ചിട്ടുമുണ്ട്‌. അത്തരം വിഷവസ്‌തുക്കള്‍
ഉല്‍പാദന മികവിന്റെ മറവില്‍ അനുവദിച്ചുകൊടുക്കുന്നതിനെതിരെ
മനുഷ്യമനസ്സാക്ഷിയെ ഉണര്‍ത്താന്‍ എന്‍ഡോസള്‍ഫാന്‍ സമരം
ഉത്തേജനമായിത്തീരണം. കീടനാശിനി പോലെ തന്നെ, ദൈവനിര്‍മിതമായ ജൈവ-ജനിതകഘടനയില്‍ പോലും കൈകടത്തുന്ന കൃത്രിമ വിത്തുല്‍പാദനവും അനിയന്ത്രിതമായ രാസവള പ്രയോഗവും തടയേണ്ടതും പ്രകൃതിയുടെ സന്തുലിതാവസ്ഥയും സുസ്ഥിതിയും നിലനിര്‍ത്താന്‍ ആവശ്യമാണ്‌. ജനസംഖ്യാ വര്‍ധന ചൂണ്ടിക്കാട്ടി അമിതോല്‍പാദനത്തിനും അന്തകവിത്തിനും രാസവള-കീടനാശിനികള്‍ക്കും പച്ചക്കൊടി വീശുന്നവര്‍, ധാന്യഗോഡൗണുകളില്‍ ലക്ഷക്കണക്കിന്‌ ടണ്‍ ധാന്യങ്ങള്‍ ഓരോ വര്‍ഷവും ഉപയോഗശൂന്യമായി, കെട്ടുനാറി കടലില്‍ തള്ളുകയാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കുകയാണ്‌. ഉല്‍പാദനക്കമ്മിയല്ല, യഥാര്‍ഥ പ്രശ്‌നം. മറിച്ച്‌ നീതിരഹിതമായ വിതരണസംവിധാനങ്ങളാണ്‌. അതിനാല്‍, നീതിയുക്തമായ പൊതുവിതരണ സംവിധാനങ്ങള്‍ ഫലപ്രദമായി നിലനിര്‍ത്തുകയാണ്‌ ഭക്ഷ്യക്കമ്മി പരിഹരിക്കാനുള്ള മാര്‍ഗമെന്ന്‌ ഭരണകൂടങ്ങള്‍ മറന്നുകളയരുത്‌.
മനുഷ്യന്റെ കയ്യേറ്റങ്ങള്‍ മണ്ണിലും ജലത്തിലും പരിസ്ഥിതിയിലും
പ്രകൃതിയിലുമെല്ലാം മാരകമായ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുമെന്ന വിശുദ്ധ
ഖുര്‍ആനിന്റെ താക്കീത്‌ നാള്‍ക്കുനാള്‍ പുലര്‍ന്നുകൊണ്ടിരിക്കുകയാണ്‌.
തെങ്ങിന്റെ മണ്ടയിലെ ഇളനീരിലും അമ്മയുടെ മാറിലെ മുലപ്പാലില്‍ പോലും വിഷം
കലര്‍ത്താന്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ക്കു കഴിയുമെന്ന
യാഥാര്‍ഥ്യം, ആ താക്കീതിന്റെ ഗുരുതരാവസ്ഥ തൊട്ടുകാണിക്കുകയാണ്‌.
ദൈവത്തിന്റെ സൃഷ്‌ടി വ്യവസ്ഥയില്‍ ലാഭേച്ഛ മൂത്ത മനുഷ്യന്‍ നടത്തുന്ന
കൈയ്യേറ്റങ്ങള്‍ ദൈവധിക്കാരമല്ലെങ്കില്‍ മറ്റെന്താണ്‌? നിരപരാധികളായ,
ഭാവിയില്‍ പിറക്കാനിരിക്കുന്ന തലമുറയ്‌ക്കു പോലും രോഗങ്ങളും വൈകൃതങ്ങളും
അടിച്ചേല്‍പിക്കുന്ന വിഷവര്‍ഷം കൊലപാതകത്തെക്കാള്‍ കടുത്ത
മനുഷ്യദ്രോഹമല്ലേ? അക്രമിയുടെ കൈപിടിച്ചു കെട്ടാന്‍ വിശ്വാസി
സമൂഹത്തിന്‌ ബാധ്യതയില്ലേ?
-മുജീബ്റഹ്മാന്‍ കിനാലൂര്‍

0 പ്രതികരണങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പു‌കള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....

Related Posts with Thumbnails

feedback comments