മദ്‌റസ എന്ന വാക്കിലെ ആദ്യാക്ഷരം `ജഹന്നമി'ന്റെ അന്ത്യാക്ഷരമായ `മീം' ആണെന്ന് താക്കീത് നല്‍കിക്കൊണ്ട് മദ്‌റസാ പ്രസ്ഥാനത്തിന്നെതിരെ മുസ്‌ലിം സമുദായത്തെ തിരിച്ചുവിട്ടത് യാഥാസ്ഥിതിക പണ്ഡിതന്മാരായിരുന്നു -മുജാഹിദ് പ്രസംഗവേദികളില്‍ നിന്ന് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിലേറെയായി നിരന്തരം കേട്ടുവരുന്ന ഒരു പ്രസ്‌താവമാണിത്. ഇന്നിപ്പോള്‍ ആ `മീം' സ്വന്തമാക്കാനുള്ള ഗുസ്‌തി പിടുത്തത്തിലാണ് യാഥാസ്ഥിതിക പണ്ഡിതന്മാര്‍. മദ്‌റസാ പ്രസ്ഥാനത്തിന്റെ ആദിഗുരുവായ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഇസ്‌ലാഹി പണ്ഡിതനായിരുന്നില്ലെന്ന് സ്ഥാപിക്കാന്‍ മഹാഗവേഷണങ്ങള്‍ നടന്നുവരുന്നു. കൗതുകകരമാണ് ഈ ചരിത്രഗവേഷണം!
ചാലിലകത്തിന്റെ വിദ്യാഭ്യാസ വിപ്ലവം നൂറ്റാണ്ട് തികയുന്ന ഘട്ടത്തില്‍ സുന്നി അഫ്‌കാര്‍ വാരികയുടെ പുതിയ ലക്കം (2010 ഡിസംബര്‍ 1) മൗലാനാ ചാലിലകത്ത് പതിപ്പായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൗലാനാ ചാലിലകത്തിന്റെ കാര്യത്തിലുണ്ടായ നൂറു വര്‍ഷത്തെ തെറ്റായ വായനയുടെ ചരിത്രപരമായ തിരുത്താണ് ഈ പതിപ്പെന്ന് എഡിറ്റര്‍ ആമുഖമായി കുറിച്ചിട്ടുണ്ട്. കേരളത്തിന്റെ മതപഠന സമ്പ്രദായത്തെ ആധുനീകരിക്കുന്നതില്‍ കനത്ത സംഭാവന നല്‍കിയ ചാലിലകത്തിനെ, വൈകിയാണെങ്കിലും അംഗീകരിക്കാനുള്ള സന്നദ്ധത പ്രശംസാര്‍ഹമാണ്.
മൗലാനാ ചാലിലകത്ത് പാരമ്പര്യരീതിയില്‍ പള്ളി ദര്‍സില്‍ പഠനം നടത്തുകയും പിന്നീട് വെല്ലൂര്‍ ബാഖിയാത്തിലും ലത്വീഫിയ്യ കോളെജിലും പഠിക്കുകയും തുടര്‍ന്ന് ശാസ്‌ത്ര വിഷയങ്ങളിലും വിവിധ ഭാഷകളിലും അഗാധപാണ്ഡിത്യം നേടുകയും ചെയ്‌ത മഹാപണ്ഡിതനാണ്. നിലവിലെ സമ്പ്രദായങ്ങളെയും ആചാരങ്ങളെയും ചോദ്യംചെയ്‌തതാണ് അദ്ദേഹത്തെ ചരിത്രപുരുഷനാക്കിത്തീര്‍ത്തത്. പള്ളി ദര്‍സുകളില്‍ നിന്ന് ആധുനിക രീതിയിലുള്ള ക്ലാസ്‌റൂം രീതിയിലേക്ക് മതബോധന സംവിധാനം പറിച്ചുനട്ടതാണ് അദ്ദേഹം നടത്തിയ വിപ്ലവകരമായ ഒന്നാമത്തെ പരീക്ഷണം. രണ്ടാമതായി, അദ്ദേഹത്തെ ചരിത്രത്തില്‍ മുദ്രിതനാക്കിയത് `ഐനുല്‍ ഖിബ്‌ല' വാദമാണ്. അഥവാ നമസ്‌കരിക്കുമ്പോള്‍, ഖിബ്‌ലയുടെ `ഐനി'ലേക്ക് തന്നെ തിരിഞ്ഞുനില്‍ക്കണം;' `ജിഹത്തി'ലേക്ക് തിരിഞ്ഞാല്‍ മതിയാകില്ല എന്ന വാദം. ഈ രണ്ട് നൂതനചിന്തകളെയും എതിര്‍ത്തത് യാഥാസ്ഥിതിക പണ്ഡിതരായിരുന്നു. ഇസ്‌ലാമിക പഠനത്തിന് ബോര്‍ഡും ബെഞ്ചും ഡസ്‌കുമൊക്കെയുള്ള ക്ലാസ് മുറി വേണമെന്ന് നിഷ്‌കര്‍ഷിച്ച് വാഴക്കാട്ട് മൗലാനാ ദാറുല്‍ഉലൂം ആരംഭിച്ചപ്പോള്‍, `വഖഫ്' മുതല്‍ ഇതിനായി ഉപയോഗിക്കാന്‍ പാടില്ലെന്ന് യാഥാസ്ഥിതിക ഉലമാക്കള്‍ ഫത്‌വ നല്‍കി. മാത്രമല്ല, ബ്ലാക്ക്‌ബോര്‍ഡില്‍ ചോക്കുകൊണ്ട് എഴുതുമ്പോള്‍ അതിന്റെ പൊടി നിലത്തുവീഴാനും അതില്‍ ചവിട്ടി ഖുര്‍ആനെ അശുദ്ധമാക്കാനും ഇടയാക്കുമെന്നും ചില ഉലമാക്കള്‍ ആരോപിച്ചു. എന്നാല്‍, ഖുര്‍ആനിലും ഫിഖ്‌ഹിലുമൊക്കെ അഗാധപാണ്ഡിത്യമുണ്ടായിരുന്ന കുഞ്ഞഹമ്മദ് ഹാജി ശരിയെന്നു തോന്നിയ വഴിയില്‍, എതിര്‍പ്പു വകവെക്കാതെ മുന്നോട്ടുപോയി. സുന്നിഅഫ്‌കാര്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പണ്ഡിതന്മാരുടെ സൂക്ഷ്‌മത കൊണ്ടാണ് ദര്‍സ് പരിഷ്‌കരണത്തെ എതിര്‍ത്തത് എന്നാണ് (പേജ് 13) ഇപ്പോള്‍ വ്യാഖ്യാനം. അപ്പോള്‍, മൗലാനാ ചാലിലകത്തിന് അത്ര സൂക്ഷ്‌മത ഇല്ലായിരുന്നു എന്നാണോ?!
കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം ആകാശത്തു നിന്ന് പൊട്ടിവീണതോ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‌തതോ ആയ ഒരാശയമല്ല. നിലവിലുണ്ടായിരുന്ന വിശ്വാസാചാരങ്ങളെ ഖുര്‍ആനും തിരുസന്നത്തും ആധാരമാക്കി പുനരുദ്ധരിക്കാന്‍ നമ്മുടെ പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ നടത്തിയ ശ്രമമാണ് മുസ്‌ലിം നവോത്ഥാനം എന്നറിയപ്പെടുന്നത്. അതായത്, പരമ്പരാഗത ഉലമാക്കള്‍ തന്നെയാണ് സമുദായത്തെ സമുദ്ധരിച്ചത്. തീര്‍ച്ചയായും ചാലിലകത്തും ആ ഗണത്തിലൊരാളാണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് മൗലവി ഒരു `പാരമ്പര്യ പണ്ഡിതനായിരുന്നു' എന്ന് കണ്ടെത്താന്‍ ഒരു ഗവേഷണത്തിന്റെ ആവശ്യമേ ഇല്ല. അതാരും നിഷധിച്ചിട്ടുമില്ല. എന്നാല്‍, അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ `ഇസ്വ്‌ലാഹ്' ആയിരുന്നു എന്ന വസ്‌തുത നിഷേധിക്കാന്‍ ചരിത്രബോധമുള്ള ഒരാള്‍ക്കും സാധ്യമല്ലതാനും.
രസകരമായ കാര്യം, പത്തോളം ലേഖനങ്ങള്‍ ചേര്‍ത്ത പരാമൃഷ്‌ട പതിപ്പ് അരിച്ചുപെറുക്കിയിട്ടും ഇന്നത്തെ യാഥാസ്ഥിതിക സുന്നിവിഭാഗം സ്വീകരിച്ചുപോരുന്ന വിശ്വാസാചാര സമ്പ്രദായങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖപോലും എവിടെയും കാണാനായില്ലെന്നതാണ്. ഓരോ ലേഖനത്തിലും `മൗലാന സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പിന്തുടരുകയും സുന്നി പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‌ത മഹാനായിരുന്നു' എന്ന് ആവര്‍ത്തിക്കുന്നുവെന്നല്ലാതെ അതിന് ന്യായമായ തെളിവുകള്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. ആകെ കൊടുത്തിരിക്കുന്ന `തെളിവ്' അദ്ദേഹത്തിന്റെ മരണാനന്തരം ഖത്തപ്പുര കെട്ടി 40 ദിവസം ഖുര്‍ആനോതിയിരുന്നു എന്നതാണ്. പക്ഷേ, അത് സത്യമാണെങ്കില്‍ പോലും അത് ചെയ്‌തത് അദ്ദേഹമല്ലല്ലോ.
മൗലാനാ ചാലിലകത്തിന്റെ ദര്‍ശനം എന്തായിരുന്നു എന്നതിന്റെ തെളിവ് അദ്ദേഹത്തിന്റെ മക്കളും ശിഷ്യരുമാണ്. മൗലാനയുടെ അരുമശിഷ്യനും അദ്ദേഹത്തിന്റെ എഴുത്തുകാരനും (കാതിബ്) മകളുടെ ഭര്‍ത്താവുമായ കെ എം മൗലവി സാഹിബാണ് മുജാഹിദ് സംഘടനയുടെ പ്രഥമ പ്രസിഡന്റ്. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളും മദീനത്തുല്‍ ഉലൂമിന്റെ സ്ഥാപകരും പണ്ഡിതന്മാരുമായ എം സി സി സഹോദരന്മാരാണ് അദ്ദേഹത്തിന്റെ മക്കള്‍. ഇ മൊയ്‌തുമൗലവിയും ഇകെ മൗലവിയുമൊക്കെയാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍. ഇവരില്‍ നിന്നെല്ലാം ചാലിലകത്ത് തന്റെ `യഥാര്‍ഥ ആശയം' മറച്ചുപിടിച്ചെന്നാണോ പുതിയ ഗവേഷകര്‍ പറയുന്നത്? അല്ലെങ്കില്‍ കൂടെ ജീവിച്ച അവര്‍ക്ക് മനസ്സിലാകാത്ത `സത്യം' ഇപ്പോള്‍ തങ്ങള്‍ക്ക് മാത്രമാണ് കണ്ടുപിടിക്കാനായത് എന്നോ? ചരിത്ര പുനര്‍വ്യാഖ്യാനമൊക്കെ കൊള്ളാം. പക്ഷെ, അത് സാമാന്യയുക്തിയെ പരിഹസിക്കുന്ന വിധത്തിലാകരുത്!
-മുജീബ്റഹ്മാന്‍ കിനാലൂര്‍




