ജനവിധിയുടെ കൈച്ചൂണ്ട്

November 07, 2010


കേരളത്തില്‍ ഇടതുജനാധിപത്യ മുന്നണിയുടെ കോട്ടകളെ പ്രകമ്പനം കൊള്ളിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനവിധി പല കോണുകളിലൂടെ വിലയിരുത്തപ്പെട്ടു കഴിഞ്ഞു. നാലര വര്‍ഷക്കാലത്തെ ഇടതു സര്‍ക്കാറിന്റെ ഭരണം ജനങ്ങളില്‍ ഉളവാക്കിയ അതൃപ്‌തിയും മടുപ്പും മാത്രമല്ല, മുന്നണിയില്‍ ഇതിനകം സംഭവിച്ച തൊഴുത്തില്‍ കുത്തും പടലപ്പിണക്കങ്ങളും തെരഞ്ഞെടുപ്പു ഫലത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. ഇടതുമുന്നണിയിലെ സുപ്രധാന പാര്‍ട്ടികളായ സി പി എമ്മും സി പി ഐയും തെരഞ്ഞെടുപ്പു ഫലം വിലയിരുത്തിക്കൊണ്ട്‌, മത ന്യൂനപക്ഷങ്ങള്‍ തങ്ങളില്‍ നിന്നകന്നതാണ്‌. തദ്ദേശസ്ഥാപനങ്ങളിലെ പരാജയത്തിന്റെ പ്രധാന കാരണമെന്ന്‌ അംഗീകരിച്ചിരിക്കുന്നു. വൈകിപ്പോയെങ്കിലും യാഥാര്‍ഥ്യബോധം പ്രതിഫലിപ്പിക്കുന്നതാണ്‌ ഈ പ്രസ്‌താവന.

സ്വാശ്രയബില്ലില്‍ തുടങ്ങി ഇടതുസര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത്‌ കൊണ്ടുവന്ന പരിഷ്‌കാരങ്ങളും നിയമങ്ങളും മതനന്യൂനപക്ഷങ്ങള്‍ സ്ഥാപിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കഴുത്തിനു പിടിക്കുന്നതായിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ അഴിച്ചുപണിയാനുദ്ദേശിച്ച്‌ സര്‍ക്കാര്‍ തുടങ്ങിവെച്ച പരിഷ്‌കരണ സംവാദം അതിലേറെ സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടാക്കി. ഇത്തരം നയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന കേരളത്തിലെ ക്രൈസ്‌തവ സഭകള്‍, അതിനെതിരെ പ്രതകരിച്ചപ്പോള്‍ സര്‍ക്കാര്‍ അവരെ അനുനയിപ്പിക്കുന്നതിനു പകരം ശത്രുക്കളാക്കി മാറ്റുകയായിരുന്നു. സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ സഭാധ്യക്ഷന്മാരെയും സഭാസ്ഥാപനങ്ങളെയും `നികൃഷ്‌ട' പദ പ്രയോഗങ്ങള്‍ നടത്തി ഭേദ്യം ചെയ്‌തുവെന്ന ആരോപണം വിശ്വാസികളെ പ്രകോപിതരാക്കി. മുസ്‌ലിം ന്യൂനപക്ഷസംഘടനകളും ഇടതു സര്‍ക്കാറിന്റെ ഭരണനടപടികളില്‍ പ്രതിഷേധം കടിച്ചിറക്കി കഴിയുകയായിരുന്നു. ചില ഘട്ടങ്ങളില്‍ അവര്‍ ഒറ്റക്കെട്ടായി പ്രത്യക്ഷ സമരത്തിനിറങ്ങിയ അനുഭവം പോലുമുണ്ടായി. ഈ പ്രതിഷേധ വികാരങ്ങളുടെ ശക്തമായ പ്രകടനമാണ്‌ തെരഞ്ഞെടുപ്പിലൂടെ അണപൊട്ടിയത്‌.

കേരളത്തിലെ മുസ്‌ലിം രാഷ്‌ട്രീയത്തില്‍ വ്യക്തമായ ചില ദിശാസൂചനകള്‍ കൂടി തെരഞ്ഞെടുപ്പു ഫലത്തില്‍ വായിച്ചെടുക്കാനുണ്ട്‌. അതിലൊന്നാമത്തേത്‌, മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി യു ഡി എഫിനെ അനുകൂലിച്ചു എന്നതാണ്‌. തങ്ങളുടെ മതപരമായ അസ്‌തിത്വത്തിനു നേരെ ഭീഷണി ഉയരുന്നു എന്ന തോന്നലുണ്ടായതാണ്‌ ഈ അഭൂതപൂര്‍വമായ ഐക്യത്തിനു കാരണം. മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്‌തു നടത്തിയ പ്രസ്‌താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. കേരളത്തിലെ മതസംഘടനകള്‍ക്കിടയിലെ അനൈക്യ പ്രവണതകളുടെയും ഭിന്നതകളുടെയും ഫലം, രാഷ്‌ട്രീയമായി ബാധിക്കുന്നത്‌ തങ്ങളെയാണെന്ന ഒരു തിരിച്ചറിവുകൂടി അദ്ദേഹത്തിന്റെ വാക്കുകള്‍ക്കിടയിലുണ്ട്‌. നിലവിലുള്ള പ്രവണത അനുസരിച്ച്‌, ആറു മാസത്തിനു ശേഷം നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ യു ഡി എഫ്‌ കനത്ത വിജയം ആവര്‍ത്തിക്കും. തുടര്‍ന്നുള്ള കാലത്ത്‌, ഇത്തരം തിരിച്ചറിവുകളില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളാന്‍ മുന്നണികള്‍ക്കും രാഷ്‌ട്രീയ കക്ഷികള്‍ക്കും സാധിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

വികസന രാഷ്‌ട്രീയവും മതേതര പ്രതിച്ഛായയും എടുത്തണിഞ്ഞ്‌ ആദ്യമായി അങ്കത്തിനിറങ്ങിയ ജമാഅത്തെ ഇസ്‌ലാമിക്ക്‌ നിരാശയാണ്‌ തെരഞ്ഞെടുപ്പ്‌ നല്‌കിയത്‌. ഏതു പേര്‌ സ്വീകരിച്ചാലും ഒരു മുസ്‌ലിം സംഘടനയുടെ നിയോജക മണ്ഡലം മുസ്‌ലിംകളുടേതു തന്നെയാണെന്ന പാഠം, ഇതിനു മുമ്പ്‌ ഐ എന്‍ എല്ലിനും പി ഡി പിക്കും സമ്മതിക്കേണ്ടി വന്നത്‌ ഇപ്പോള്‍ ജമാഅത്തിനും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. അവരുടെ രാഷ്‌ട്രീയ ഭാവി തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പു ഫലം ഒരവസരമാകേണ്ടിയിരിക്കുന്നു.

ഈ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ കക്ഷി പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ വിഭാഗമായ എസ്‌ ഡി പി ഐ യാണ്‌. ഹിന്ദുത്വ തീവ്രവാദത്തിനെതിരെ പ്രതിതീവ്രവാദമായാണ്‌ ഈ സംഘടനയുടെ നിലനില്‌പും വളര്‍ച്ചയും. കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായ മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരിലുള്ള ഒറ്റ തിരിഞ്ഞ ഭീകരാരോപണം, ലൗജിഹാദ്‌, അതിനെ ശരിവച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവന, ഭീമ പള്ളി-കാസര്‍കോട്‌ വെടിവെപ്പ്‌, പ്രവാചകനെ ആക്ഷേപിച്ചുകൊണ്ടുള്ള ചോദ്യപേപ്പര്‍, അതിനെ തുടര്‍ന്നുണ്ടായ കൈവെട്ടു കേസ്‌ തുടങ്ങിയ സംഭവങ്ങളുടെ തൊട്ടു പുറകിലാണ്‌ അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. സ്വാഭാവികമായും എസ്‌ ഡി പി ഐയുടെ പ്രചാരണ യോഗങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളാണുയര്‍ത്തുന്നത്‌. കൈവെട്ട്‌ കേസില്‍ പ്രതിയായ എറണാകുളത്തെ നാസര്‍ ഉള്‍പ്പെടെ ഏതാനും എസ്‌ ഡി പി ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറിയതിനു പിന്നിലെ ജനവികാരം കേരളത്തിലെ ന്യൂനപക്ഷ രാഷ്‌ട്രീയ സംഘടനകള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.

മറുഭാഗത്ത്‌, ബി ജെ പിയും ഏറെക്കുറെ തങ്ങളുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്‌. `മുസ്‌ലിം ഭീകരത'യുടെ അപകടമാണ്‌ അവര്‍ വോട്ടാക്കി മാറ്റിയത്‌. വരും തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ മുസ്‌ലിം തീവ്രവാദ രാഷ്‌ട്രീയത്തിന്റെ ഉദയത്തിന്‌ ഉദാഹരണമായി എസ്‌ ഡി പി ഐ യുടെ വിജയം ഉയര്‍ത്തിക്കാട്ടി കാവി രാഷ്‌ട്രീയസംഘടനകള്‍ വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ഹിന്ദുത്വ രാഷ്‌ട്രീയക്കാരാവുമെന്നതില്‍ സംശയമേതുമില്ല. യു പിയിലെയും ബീഹാറിലെയും ആസാമിലെയുമൊക്കെ മുസ്‌ലിം രാഷ്‌ട്രീയത്തിന്റെ അപചയം നല്‌കുന്ന സന്ദേശവും മറ്റൊന്നല്ല. കേരളത്തില്‍ ജാതിയുടെ മേല്‍വിലാസത്തില്‍ ചിതറിക്കിടക്കുന്ന ഹിന്ദുസംഘടനകളെ ഏകീകരിക്കാനുള്ള അവസരം, മുസ്‌ലിംകള്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്നത്‌ ഭൂഷണമാണോ? തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധി ഇത്തരം ഗൗരവതരമായ പുനരാലോചനകളിലേക്കു കൂടി നയിക്കേണ്ടിയിരിക്കുന്നു.
-മുജീബ്റഹ്മാന്‍ കിനാലൂര്‍

1 പ്രതികരണങ്ങള്‍:

Noushad Vadakkel പറഞ്ഞു...

വികസന രാഷ്‌ട്രീയവും മതേതര പ്രതിച്ഛായയും എടുത്തണിഞ്ഞ്‌ ആദ്യമായി അങ്കത്തിനിറങ്ങിയ ജമാഅത്തെ ഇസ്‌ലാമിക്ക്‌ നിരാശയാണ്‌ തെരഞ്ഞെടുപ്പ്‌ നല്‌കിയത്‌. ഏതു പേര്‌ സ്വീകരിച്ചാലും ഒരു മുസ്‌ലിം സംഘടനയുടെ നിയോജക മണ്ഡലം മുസ്‌ലിംകളുടേതു തന്നെയാണെന്ന പാഠം, ഇതിനു മുമ്പ്‌ ഐ എന്‍ എല്ലിനും പി ഡി പിക്കും സമ്മതിക്കേണ്ടി വന്നത്‌ ഇപ്പോള്‍ ജമാഅത്തിനും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. അവരുടെ രാഷ്‌ട്രീയ ഭാവി തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പു ഫലം ഒരവസരമാകേണ്ടിയിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പു‌കള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....

Related Posts with Thumbnails

feedback comments