കെട്ടിച്ചമച്ചുണ്ടാക്കിയതിനെ വ്യാജം എന്നാണ് പറയേണ്ടത്. യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ് സത്യം. എന്നാല്‍ നാം ജീവിക്കുന്ന ഈ ലോകത്ത് സാക്ഷാല്‍ സത്യങ്ങളെക്കാള്‍ മേല്‍ക്കോയ്‌മ നിര്‍മിത സത്യങ്ങള്‍ക്കാണ്. സത്യങ്ങള്‍ ഓരങ്ങളില്‍ മാറ്റിനിര്‍ത്തപ്പെടുകയും `കല്‌പിത സത്യങ്ങള്‍' കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു! ഇന്നത്തെ ലോകക്രമം തന്നെ നിലനില്‌ക്കുന്നത് ഇത്തരം കല്‌പിത സത്യങ്ങളുടെ പുറത്താണ്. ഇസ്‌ലാം ലോകത്തിനു ഭീഷണി ഉയര്‍ത്തുന്ന ഭീകരതയുടെ മതമാണെന്ന സിദ്ധാന്തം ഇത്തരത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം പടച്ചുണ്ടാക്കിയ ഒന്നാണ്. ``എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ലെങ്കിലും ഭീകരവാദികളെല്ലാം മുസ്‌ലിംകളാണെന്ന'' ഒരു സമവാക്യവും തങ്ങളുടെ നിലപാടിനെ ന്യായീകരിക്കാന്‍ അവര്‍ പറഞ്ഞുപരത്തിയിരിക്കുന്നു.
ഇസ്‌ലാം ഭീകരതയുടെ മതമാണെന്ന പ്രചാരണത്തിന് വിശ്വാസ്യതയുടെ ബലം നല്‌കാന്‍ അമേരിക്കയും കൂട്ടാളികളും ഏറ്റവും ഉപയോഗപ്പെടുത്തിയത് 2001 സപ്‌തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണമാണെന്ന് എല്ലാവര്‍ക്കുമറിയാം; അതിന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും. ഇന്നിപ്പോള്‍ അമേരിക്കയിലെ സാമാന്യ ജനങ്ങളുടെ പൊതുബോധം `ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സമവാക്യത്തോടൊപ്പമാണ്. അമേരിക്കയില്‍ നടന്നിട്ടുള്ള ഭീകര കൃത്യങ്ങളുടെ കണക്കുകള്‍ വെച്ച് ഈ സിദ്ധാന്തം തെളിയിക്കാനാകുമോ? അമേരിക്കയുടെ ഔദ്യോഗിക രഹസ്യാന്വേഷണ വിഭാഗമായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ) തന്നെ പുറത്തിറക്കിയ കണക്കുകള്‍ പരിശോധിക്കാം. 1980 മുതല്‍ 2005 വരെ അമേരിക്കയില്‍ നടന്ന ഭീകരകൃത്യങ്ങളില്‍ മുസ്‌ലിംകളുടെ പങ്കെത്രയാണെന്നോ? വെറും 6 ശതമാനം. മുസ്‌ലിംകള്‍ക്കു മുന്നിലാണ് ജൂത തീവ്രവാദികള്‍; 7 ശതമാനം. അമേരിക്കയില്‍ ഈ കാലയളവില്‍ ഏറ്റവുമേറെ ഭീകരകൃത്യങ്ങളിലേര്‍പ്പെട്ടത് ലാറ്റിനോകളാണ് (42 ശതമാനം).
വലതുപക്ഷ തീവ്രവാദികള്‍ 24 ശതമാനവും കമ്യൂണിസ്‌റ്റുകള്‍ 5 ശതമാനവും മറ്റുള്ളവര്‍ 16 ശതമാനവും. എഫ് ബി ഐയുടെ ഈ കണക്കു പ്രകാരം അമേരിക്കയിലെ ഭീകരവാദികളുടെ ലിസ്റ്റില്‍ ഒടുവിലാണ് മുസ്‌ലിം ഭീകരവാദികളുടെ സ്ഥാനമെന്ന് വ്യക്തം. എന്നാല്‍ അല്‍ഖാഇദയ്‌ക്കോ ബിന്‍ലാദിനോ കിട്ടുന്ന മാധ്യമ പ്രാധാന്യം ജെവിഷ് ഡിഫന്‍സ് ലീഗ് പോലുള്ള ജൂത തീവ്രവാദി സംഘടനകള്‍ക്കോ ലാറ്റിനോ തീവ്രഗ്രൂപ്പുകള്‍ക്കോ അമേരിക്കയില്‍ കിട്ടാതെ പോകുന്നത് യാദൃച്ഛികമല്ല. `ഭീകരരെല്ലാം മുസ്‌ലിംകളാണെന്ന' സിദ്ധാന്തത്തിന് പിന്നെ നിലനില്‌പുണ്ടാവില്ലല്ലോ. വസ്‌തുത എന്തായാലും ശരി ലോകം `കെട്ടിച്ചമച്ച സത്യ'ത്തെയാണ് ഇന്ന് അംഗീകരിക്കുന്നത്.
ഇന്ത്യയിലേക്കു വരാം. ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദി വിഭാഗമേതാണ്? സംശയമില്ലാതെ ഏതു നഴ്‌സറിക്കുട്ടിയുടെയും വായില്‍ വരുന്ന ഉത്തരം `ഇസ്‌ലാമിക തീവ്രവാദികള്‍' എന്നായിരിക്കും. ലോകത്ത് പ്രചാരത്തിലുള്ള നിര്‍മിതസത്യത്തിന് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഇന്ത്യയിലും വേണ്ടവിധം സ്വാധീനം വളര്‍ത്തിക്കഴിഞ്ഞതിന്റെ ഫലമാണത്. ഇന്ത്യയിലെ ശരാശരി പൗരന്മാരുടെയെല്ലാം പൊതുബോധത്തില്‍ `ഭീകരവാദ'ത്തിന്റെ സിംബല്‍ താടിയും പൈജാമയും പര്‍ദയും മറ്റുമാണ്. തീവ്രവാദ സംഘടനകളെക്കുറിച്ച് പറയുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ മിന്നിമായുന്ന പേര് അല്‍ഖാഇദയും ലശ്‌കറെ ത്വയ്‌ബയും ഹിസ്‌ബുല്‍ മുജാഹിദീനുമൊക്കെ തന്നെ. സാധാരണക്കാരുടെ മാത്രമല്ല, ഇന്ത്യയുടെ ഭരണസാരഥികളുടെയും ന്യായാധിപന്മാരുടെയും പോലും മനസ്സിലും ഭീകരതയുടെ രൂപം മറ്റൊന്നല്ല. ക്ഷേത്രം പൊളിച്ചത് മുസ്‌ലിംകളാണെന്ന് ആരെങ്കിലും വാദിച്ചാല്‍, അതിന് പ്രത്യേക തെളിവിന്റെ ആവശ്യമില്ലെന്നാണല്ലോ കോടതികള്‍ പോലും വിധിക്കുന്നത്!
എന്നാല്‍, വസ്‌തുതകള്‍ മറിച്ചാണ്. സംഘപരിവാരം ചെയ്‌തുകൂട്ടിയ ഭീകരകൃത്യങ്ങളുടെ പത്തിലൊന്നു പോലും മുസ്‌ലിം തീവ്രവാദികള്‍ ഇന്ത്യയില്‍ ചെയ്‌തതായി തെളിവില്ല. ചില ഘട്ടങ്ങളില്‍ കോടതികള്‍ തന്നെ അത് ശരിവെച്ചിട്ടുമുണ്ടല്ലോ. മലേഗാവ്, മക്കാ മസ്‌ജിദ്, സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനങ്ങള്‍ നടത്തിയത് സംഘപരിവാരമാണെന്ന് തെളിയിക്കപ്പെട്ട സത്യമാണ്. നിരവധി വര്‍ഗീയ കലാപങ്ങള്‍ക്കും ഗുജറാത്തില്‍ അടക്കം നടപ്പാക്കിയ വംശഹത്യയ്‌ക്കും പിന്നില്‍ ഹിന്ദു ഫാസിസ്റ്റുകളാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എന്നിട്ടും `ഭീകരരെല്ലാം മുസ്‌ലിംകള്‍' എന്ന പൊതുബോധത്തിന് ഒരു മാറ്റവുമില്ല!
ഈയിടെ രാഹുല്‍ഗാന്ധി നടത്തിയ ഒരു പ്രസ്‌താവന ഏറെ വിവാദങ്ങള്‍ വിളിച്ചുവരുത്തി. തീവ്രവാദത്തിന്റെയും മൗലികവാദത്തിന്റെയും കാര്യത്തില്‍ നിരോധിക്കപ്പെട്ട സിമിയും ആര്‍ എസ് എസ്സും തുല്യമാണെന്ന രാഹുലിന്റെ പ്രസ്‌താവന, സംഘപരിവാരത്തെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. ജനങ്ങളില്‍ ദേശീയബോധം ഊട്ടിയുറപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന (!) ആര്‍ എസ് എസ്സിനെയും ഭീകരപ്രസ്ഥാനമായ സിമിയെയും സമീകരിച്ച രാഹുല്‍ രാജ്യദ്രോഹിയാണെന്നു വരെ പരിവാര്‍ നേതാക്കള്‍ പറഞ്ഞുകളഞ്ഞു. മുന്‍ ക്രിക്കറ്ററും ബി ജെ പി എംപിയുമായ നവജോത് സിങ് സിദ്ധു പറഞ്ഞത്, പരിഷ്‌കൃതനായ ഒരാള്‍ക്ക് ചേര്‍ന്നതല്ല രാഹുലിന്റെ പ്രസ്‌താവന എന്നാണ്. അതായത് നിങ്ങള്‍ പരിഷ്‌കാരിയും നാഗരികനുമാകണമെങ്കില്‍, തെളിവൊന്നുമില്ലെങ്കിലും `നിര്‍മിതസത്യ'ങ്ങളില്‍ വിശ്വസിക്കണം!!




0 പ്രതികരണങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....