രണ്ടായിരത്തി രണ്ടിലെ ഗുജറാത്ത് വംശഹത്യ ഇന്ത്യന്‍ ജീവിതത്തില്‍ ഇന്നും നീറുന്ന ഒരു മുറിവാണ്. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത മുസ്‌ലിം നരഹത്യാപദ്ധതി പ്രകാരം രണ്ടായിരത്തിലേറെ മുസ്‌ലിംകളാണ് ഭീകരമായി കൊല്ലപ്പെട്ടത്. നൂറു കണക്കിന് കട കമ്പോളങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും ചുട്ടെരിക്കപ്പെടുകയും ചെയ്‌തു. ഒരു ജനത പരിപൂര്‍ണമായും തെരുവിലേക്ക് എടുത്തെറിയപ്പെടുകയും ഭീതിയുടെ തുരുത്തില്‍ ഒറ്റപ്പെടുകയും ചെയ്‌തു.
ഗുജറാത്ത് വംശഹത്യയുടെ തൊട്ടടുത്ത നാളുകളില്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഓര്‍മ ഇന്നും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ഉറഞ്ഞുതുള്ളുന്ന മതഭ്രാന്തന്മാരെ ഭയന്ന് പേരും മതസ്വത്വവും ഒളിപ്പിച്ചു കഴിയേണ്ടി വന്ന നാളുകള്‍. റോട്ടിലും അങ്ങാടികളിലും ചാരക്കൂമ്പാരങ്ങള്‍. തീക്കത്തിക്കരിഞ്ഞ വലിയ കെട്ടിടങ്ങള്‍. തകര്‍ക്കപ്പെട്ട പള്ളികള്‍, പിച്ചിച്ചീന്തപ്പെട്ട ഖുര്‍ആന്‍ പ്രതികള്‍. കൊച്ചു കുടിലുകളെന്നോ വന്‍മാളികകളെന്നോ വ്യത്യാസം കൂടാതെ വീട്ടുസാമാനങ്ങള്‍ വാരിപ്പുറത്തിട്ട് കത്തിച്ചതിന്റെ അവശിഷ്‌ടങ്ങള്‍. അഹമ്മദാബാദിന്റെ പല ഭാഗങ്ങളിലും പഞ്ചമഹല്‍ ജില്ലയിലും ഗോധ്രയിലും മറ്റുമുള്ള അനേകം ദുരിതാശ്വാസ കേമ്പുകളില്‍ നിന്ന് ഉയരുന്ന ആര്‍ത്ത നാദങ്ങള്‍. കലാപത്തില്‍ കൈയും കാലും നഷ്‌ടപ്പെട്ടവരും മതിയായ ചികിത്സ ലഭിക്കാതെ അവയവങ്ങളില്‍ വ്രണം വന്നവരും ബാക്കി കിട്ടിയ ജീവിത സമ്പാദ്യമായ സൈക്കിള്‍ റിക്ഷകളില്‍ നീണ്ടുകിടന്ന് കരയുന്ന വൃദ്ധന്മാരുടെ നിലവിളി ഇന്നും കാതില്‍ മുഴങ്ങുന്നു.
വംശഹത്യാകാലത്ത് ഗുജറാത്ത് സന്ദര്‍ശിച്ച ആരുടെയും കരളു കലങ്ങാതിരുന്നിട്ടില്ല. മാര്‍ക്‌സിസ്റ്റുകളും ഇടതുപക്ഷക്കാരുമായ ശബ്‌നം ആസ്‌മിയും സാകിയ ഗോഹറും കെ ഇ എന്നുമടക്കമുള്ളവര്‍ സ്വത്വത്തെക്കുറിച്ച് ഒരുപക്ഷെ ആദ്യമായി ഓര്‍മിച്ചുപോയ കാലമായിരുന്നു അത്. പു.ക.സയെ പ്രതിനിധീകരിച്ച് ഗുജറാത്ത് സന്ദര്‍ശിച്ചതു മുതലാണ് കെ ഇ എന്‍ ഇരകളെക്കുറിച്ച് ഉറക്കെപ്പറയാന്‍ തുടങ്ങിയത്. ഇരകളുടെ മാനിഫെസ്റ്റോ എഴുതിയത്. അതാണ് സ്വത്വവിവാദത്തോളം എത്തിനില്‌ക്കുന്നത്.
ആ ഭീകരതകള്‍ എട്ടു വര്‍ഷം പിന്നിട്ടുവെങ്കിലും, ഗുജറാത്തില്‍ മുസ്‌ലിംകളുടെ അവസ്ഥക്ക് കാര്യമായ മാറ്റം വന്നിട്ടില്ല. കലാപത്തില്‍ സര്‍വവും നഷ്‌ടപ്പെട്ടവര്‍ക്ക് നഷ്‌ടപരിഹാരം നല്‌കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ള ഏജന്‍സികള്‍ ശിപാര്‍ശ ചെയ്‌തിട്ടും ഗുജറാത്ത് സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. കേമ്പുകളില്‍ കഴിയുന്നവര്‍ക്കു നേരെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും പൊലീസും നടത്തുന്ന ദ്രോഹ നടപടികള്‍ ഇന്നും തുടരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചില മുസ്‌ലിം എന്‍ ജി ഒ കള്‍ നിര്‍മിച്ചു കൊടുത്ത 172ഓളം വീടുകള്‍ ഉള്‍പ്പെട്ട കോളനി തകര്‍ക്കപ്പെട്ടത്.
ഇന്നും ആയിരക്കണക്കിന് ഭവനരഹിതര്‍ 86ല്‍ അധികം കോളനികളില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. എല്ലാം നഷ്‌ടപ്പെട്ട അവര്‍ക്ക് മതിയായ രേഖകളില്ല. അതിനാല്‍ തുച്ഛമായ നഷ്‌ടപരിഹാരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ പോലും ലഭിക്കില്ല. കുട്ടികള്‍ക്ക് സ്‌കൂളുകളിലും കോളെജുകളിലും പ്രവേശനം കിട്ടില്ല. പൊതു സമൂഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട അവരെ തൊട്ടുകൂടാത്തവരായാണ് മറ്റുള്ളവര്‍ കാണുന്നത്. അതിനാല്‍ അവരെ ആരും തൊഴിലിന് വിളിക്കില്ല.
ഗുജറാത്ത് വംശഹത്യയുടെ ഇരകളില്‍ അവശേഷിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നടന്ന പല ശ്രമങ്ങളും പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടു. ഗുജറാത്ത് സര്‍ക്കാര്‍ ഉടക്കു വെച്ചതാണ് പ്രധാന കാരണം. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിലേക്ക്, ഏതാനും വിദ്യാര്‍ഥികളെ ദത്തെടുത്തുകൊണ്ട് വന്ന് സൗജന്യപഠനവും സൗകര്യങ്ങളും നല്‌കാനുള്ള ശ്രമം 2003ല്‍ തന്നെ നടന്നിരുന്നു. അന്നു വന്ന ചില കുട്ടികള്‍ പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വാര്‍ത്ത ഈയിടെ പത്രങ്ങളില്‍ വന്നിരുന്നു. അനാഥരും ആലംബഹീനരുമായ ഗുജറാത്ത് കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പക്ഷെ, ഇന്ന് തടസ്സപ്പെട്ടുകൊണ്ടിരിക്കുന്നു. അനാഥശാലകളില്‍ പ്രവേശനത്തിന് ഗുജറാത്തില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഏതാനും മുസ്‌ലിം കുട്ടികള്‍ നേരിട്ട ദുരിതാനുഭവങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് ഗുജറാത്ത് മുസ്‌ലിംകളെ വീണ്ടും ഓര്‍ത്തുപോയത്.
ഇങ്ങനെ പുനരധിവാസ ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കു പിന്നില്‍ `ഭീകര'ബന്ധം ആരോപിക്കപ്പെടുന്നു, സംശയിക്കപ്പെടുന്നു. പൊലീസും രഹസ്യാന്വേഷണ വിഭാഗവും പിന്നാലെ കൂടുന്നു. സത്യത്തില്‍ ഇവിടെ ഇരകള്‍ ഭീകരരാക്കപ്പെടുന്നു. അതേസമയം, ഗുജറാത്ത് നരഹത്യയുടെ ശില്‌പികളായ നരേന്ദ്ര മോഡിയും അമിത് ഷായുമടക്കമുള്ളവര്‍ സൈ്വരവിഹാരം നടത്തുന്നു! `കാവിഭീകരത' എന്ന പദം പ്രയോഗിച്ചതിന്റെ പേരില്‍ സംഘപരിവാരം ഉണ്ടാക്കുന്ന കുതൂഹലങ്ങള്‍ വേറെ! ഗുജറാത്തില്‍ നിന്നും വന്ന പാവം കുട്ടികളെ കോഴിക്കോട്ടെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ച് അന്യായമായി പ്രയാസപ്പെടുത്തിയിട്ടും നമ്മുടെ മതേതര സമൂഹം മൗനം വെടിഞ്ഞിട്ടില്ലെന്നത് നമ്മെ ഭയപ്പെടുത്തട്ടെ.




1 പ്രതികരണങ്ങള്‍:
ഇരകളെ കുറിചോര്‍ക്കാന്‍ നമുക്ക് തിരഞ്ഞടുപ്പ് കാലം വരണ്ടേ... മുത്തലിക്കുമാര്‍ സൈര്യവിഹാരം നടത്തുന്നു... കാവിഭീകരതകെതിരെ പ്രതികരിക്കുന്നവന്റെ ആത്മവിശ്വാസം നഷ്ടപെടുത്തുമാറ് അവനെ ഭീകരവാദത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പൊതുധാര മാധ്യമങ്ങള്‍ അടക്കം കൂട്ട് നില്‍ക്കുന്നു. ഹേ സമൂഹമെ ഈ ഇരകള്‍ നാളെ ഭീകരരാവാതിരിക്കാന്‍.. പ്രതികരിക്കുക സമൂഹ മനസാക്ഷിയെ ഉണര്‍ത്തുക.. ഓര്‍ക്കുക ഭീകരതക്ക് മതമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....