പൊതുനിരത്തുകളെ ആരു കാക്കും?

July 03, 2010



സംസ്ഥാനത്ത്‌ പൊതുനിരത്തുകളിലും പാതയോരങ്ങളിലും പൊതുസമ്മേളനങ്ങള്‍ നടത്തുന്നത്‌ ഹൈക്കോടതി നിരോധിച്ചിരിക്കുന്നു. റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ പാതയോരത്ത്‌ ഇടിച്ചുകയറാന്‍ സാധ്യതയുള്ളതിനാല്‍ റോഡരികില്‍ നടത്തുന്ന സമ്മേളനങ്ങള്‍ ജനങ്ങളുടെ ജീവന്‌ ഭീഷണിയാണെന്ന്‌ കോടതി നിരീക്ഷിക്കുന്നു. സുഗമമായ ഗതാഗതവും ജനങ്ങളുടെ സുരക്ഷയും മുന്നില്‍ കണ്ടാണ്‌ ഇത്തരമൊരു ഉത്തരവിറക്കുന്നതെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്‌. ഗതാഗതം തടസ്സപ്പെടുത്തുംവിധം പൊതുയോഗം നടത്താന്‍ ഒരു കാരണവശാലും അനുമതി നല്‌കരുതെന്ന്‌ പോലീസ്‌, പി ഡബ്ല്യു ഡി, റവന്യൂ, മുന്‍സിപ്പല്‍ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‌കാനും കോടതി മറന്നിട്ടില്ല.

കേരളം പോലെ ജനസാന്ദ്രതയേറിയതും വീതി കുറഞ്ഞ പാതകളുള്ളതുമായ ഒരു സംസ്ഥാനത്ത്‌ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌ ഈ വിധി. തിരക്കേറിയ നഗരങ്ങളിലെ തെരുവുകളിലും പാതയോരത്തും വമ്പിച്ച പൊതുയോഗങ്ങളും ധര്‍ണകളും അച്ചടക്കമില്ലാത്ത ജാഥകളും മറ്റും നടത്തുന്നത്‌ ഗതാഗതക്കുരുക്ക്‌ സൃഷ്‌ടിക്കുക പതിവാണ്‌. വാഹനങ്ങളില്‍ യാത്രചെയ്യുന്നവരുടെ മണിക്കൂറുകളാണ്‌ ഇങ്ങനെ നടുറോട്ടില്‍ അപഹരിക്കപ്പെടാറുള്ളത്‌. ഉദ്യോഗസ്ഥര്‍, പരീക്ഷാര്‍ഥികള്‍, വിദ്യാര്‍ഥികള്‍, രോഗികള്‍ തുടങ്ങിയ യാത്രക്കാര്‍ക്ക്‌ ഗതാഗത തടസ്സം മൂലം വലിയ നഷ്‌ടങ്ങളും വരാനിടയുണ്ട്‌. ശക്തികൂടിയ ഉച്ഛഭാഷിണികള്‍ ഉപയോഗിച്ചുള്ള പാതയോരങ്ങളിലെ പരിപാടികള്‍ ശ്രദ്ധിക്കുന്നതിനിടെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്കടിയില്‍ പെട്ട്‌ ചതഞ്ഞുമരിച്ച ഒട്ടേറെ അനുഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്‌.

എന്നാല്‍ ഇത്തരം പൊതുജനോപകാര പ്രദമായ വിധികള്‍ എവിടെ ഉടക്കിയാണ്‌ ചിന്നിച്ചിതറിപ്പോകുന്നത്‌? സംശയമില്ല, വിധിനടപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ തന്നെയാണ്‌ അത്‌ ആദ്യം ലംഘിക്കാറുള്ളത്‌. ഈ വിധി വന്നതിന്റെ പിറ്റേ ദിവസം കരുനാഗപ്പള്ളിയില്‍ ദേശീയ പാതയോരത്ത്‌ ഒരു വമ്പന്‍ പന്തല്‍ പൊളിച്ചുനീക്കേണ്ടിവന്നു. ആഭ്യന്തരമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കു വേണ്ടിയായിരുന്നു അത്‌ കെട്ടിയുയര്‍ത്തിയത്‌. കോടതി വിധിയോട്‌ പ്രതികരിച്ച്‌ അതിനെതിരെ റിവ്യൂ പെറ്റീഷന്‍ നല്‌കുമെന്ന്‌ പിന്നീട്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറയുകയുമുണ്ടായി. അതിന്‌ പറയുന്ന ന്യായം, പ്രതിഷേധിക്കാനും അഭിപ്രായപ്രകടനം നടത്താനുമുള്ള ജനാധിപത്യപരമായ അവകാശം നിഷേധിക്കുന്നതാണ്‌ ഈ വിധി എന്നാണ്‌.

പ്രതിഷേധിക്കാനും ജനാധിപത്യപരമായ ആശയപ്രചാരണത്തിനും നടുറോഡ്‌ തന്നെ വേണമെന്നുണ്ടോ? അവധി ദിനങ്ങളില്‍ സ്‌കൂള്‍ ഗ്രൗണ്ടുകള്‍, വഴിയോരം വിട്ടുള്ള തുറസ്സായ സ്ഥലങ്ങള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയവ പൊതുയോഗങ്ങള്‍ നടത്താന്‍ നല്‌കാമെന്ന്‌ കോടതി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്‌. അപ്പോള്‍ പിന്നെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിധിയെ എതിര്‍ക്കുന്നതില്‍ വലിയ കാര്യമില്ല. പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും തങ്ങളുടെ ആശയാദര്‍ശങ്ങള്‍ ജനങ്ങളോട്‌ പറയാന്‍ തിരക്കേറിയ പാതയോരങ്ങള്‍ വേണമെന്നില്ല. എന്നാല്‍, തങ്ങളുടെ ആള്‍ബലവും ശക്തിയും പ്രകടിപ്പിക്കണമെങ്കില്‍ അത്‌ വേണ്ടിവരും. സമരങ്ങളുടെയും പ്രതിഷേധത്തിന്റെയും മറവില്‍ പൊതുമുതല്‍ നശിപ്പിക്കുകയും എതിരാളികളെ പച്ചയ്‌ക്ക്‌ ദ്രോഹിക്കുകയും ചെയ്യുന്നവര്‍ ഗതാഗതക്കുരുക്കോ ജനങ്ങളുടെ ജീവനോ വില കല്‌പിക്കുമെന്ന്‌ കരുതാനാവില്ലല്ലോ. 


കോടതിവിധികള്‍ ഇപ്പോള്‍ പ്രഹസനമായി മാറിക്കൊണ്ടിരിക്കുന്നു. ബന്ദും നിര്‍ബന്ധിത ഹര്‍ത്താലും നിരോധിച്ച്‌ ശക്തമായ കോടതിവിധി നേരത്തെ തന്നെ നിലവിലുണ്ട്‌. ഏതെങ്കിലും രഷ്‌ട്രീയ കക്ഷികള്‍ അത്‌ മാനിക്കുന്നുണ്ടോ? മലയാളികള്‍ക്ക്‌ ഇപ്പോള്‍ ഹര്‍ത്താല്‍ ഒരു ആഘോഷമായി മാറിക്കഴിഞ്ഞു! അപ്പോള്‍, കക്ഷിരാഷ്‌ട്രീയക്കാരുടെ നിക്ഷിപ്‌ത താല്‌പര്യങ്ങള്‍ തന്നെയാണ്‌ ഇത്തരം വിധികളെ അട്ടിമറിക്കുന്നതെന്ന്‌ വ്യക്തം. ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‌കുകയല്ല, പാര്‍ട്ടിയുടെ ശക്തി തെളിയിക്കുകയാണ്‌ ഹര്‍ത്താല്‍ മുതല്‍ പൊതുസമ്മേളനങ്ങള്‍ വരെ നടത്തുന്നതിന്റെ പിന്നിലെ താല്‌പര്യം.

രാഷ്‌ട്രീയക്കാരെ മാത്രം എന്തിന്‌ കുറ്റം പറയുന്നു. ദൈവാരാധന പോലും ഇപ്പോള്‍ ആരാധനാലയങ്ങളില്‍ നിന്നും റോട്ടിലേക്കിറങ്ങിയില്ലേ? ക്ഷേത്രോത്സവ എഴുന്നള്ളിപ്പ്‌, നേര്‍ച്ചപ്പൂരങ്ങള്‍, പള്ളിപ്പെരുന്നാള്‍, വെഞ്ചരിപ്പ്‌, നബിദിന റാലികള്‍ എന്നിങ്ങനെ മതത്തിന്റെ പേരിലും ശക്തിപ്രകടനങ്ങള്‍ നഗരങ്ങളില്‍ വഴിമുടക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം പൂരപ്രകടനങ്ങള്‍ക്ക്‌ അകമ്പടി സേവിക്കാന്‍ മനുഷ്യര്‍ മാത്രം പോരാ. ഗജവീരന്മാര്‍ കൂടി വേണം. ജനങ്ങളുടെ സുരക്ഷ വിചാരിച്ച്‌ പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതി മദമിളകി നിരവധി പേരെ കുത്തിമലര്‍ത്താന്‍ സാധ്യതയുള്ള ആനകളെ മതാഘോഷങ്ങളില്‍ എഴുന്നള്ളിക്കുന്നതിനെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല. അത്‌ പറഞ്ഞാല്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന്‌ കരുതിയിട്ടാവാം.




ചിത്രത്തിന് കടപ്പാട്  : കാസര്‍കോട് വാര്‍ത്ത

10 പ്രതികരണങ്ങള്‍:

Noushad Vadakkel പറഞ്ഞു...

രാഷ്‌ട്രീയക്കാരെ മാത്രം എന്തിന്‌ കുറ്റം പറയുന്നു. ദൈവാരാധന പോലും ഇപ്പോള്‍ ആരാധനാലയങ്ങളില്‍ നിന്നും റോട്ടിലേക്കിറങ്ങിയില്ലേ? ക്ഷേത്രോത്സവ എഴുന്നള്ളിപ്പ്‌, നേര്‍ച്ചപ്പൂരങ്ങള്‍, പള്ളിപ്പെരുന്നാള്‍, വെഞ്ചരിപ്പ്‌, നബിദിന റാലികള്‍ എന്നിങ്ങനെ മതത്തിന്റെ പേരിലും ശക്തിപ്രകടനങ്ങള്‍ നഗരങ്ങളില്‍ വഴിമുടക്കിക്കൊണ്ടിരിക്കുന്നു.

desertfox പറഞ്ഞു...

"അത്‌ പറഞ്ഞാല്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന്‌ കരുതിയിട്ടാവാം."
ഇതാണ്‌ ഒന്നും പറയാഞ്ഞതിനു കാരണമെങ്കിൽ അയാളെ ശുംഭൻ എന്നു വിളിച്ചാൽ പോരാ..
എല്ലാ ജനങ്ങളും കോടതിക്ക് മുമ്പിൽ സമന്മാരാകണം. നിയമം ഒരേ പോലെ നടപ്പിലാക്കുകയും വേണം.

കാക്കര kaakkara പറഞ്ഞു...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.

റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌.

റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.

കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന്‌ മുൻപ്‌ കളിസ്ഥലം നിർമ്മിക്കുക...

ഓഫ്‌... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക!!!

റ്റോംസ് കോനുമഠം പറഞ്ഞു...

We r the one who responsible for the situations are made like this. not only in kerala but its ore deeply afected, worse in Kerala polictical. May its be better in future.

ഭാര്‍ഗ്ഗവ ലോകം പറഞ്ഞു...

നമുക്ക് നമ്മുടെ വീടിനുള്ളില്‍ ഇരുന്ന് എല്ലാക്കാര്യങ്ങളിലുമുള്ള പ്രതിഷേധങ്ങള്‍ അറിയിക്കുവാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അല്ലെങ്കില്‍ കോടതി ഇതേക്കുറിച്ച് നിര്‍ദേശം തരുമായിരിക്കും. യഥാര്‍ത്ഥത്തില്‍ സമരം തന്നെ ശരിയാണോ ? കാരണം സമരം ആര്‍ക്കെങ്കിലും എതിരെയാണെല്ലോ. അപ്പോള്‍ പൌരന്മാരെന്ന നിലയില്‍ അവര‍ക്ക് ബുദ്ധിമുട്ട് അല്ലെങ്കില്‍ പൌരാവകാശ ലംഘനം തന്നെയല്ലേ സമരം മൂലം ഉണ്ടാക്കുന്നത്. അതിനാല്‍ സമരം തന്നെ സമീപഭാവിയില്‍ കോടതികള്‍ നിരധിച്ചേക്കും.എല്ലാക്കാര്യങ്ങളിലും ഇടപെടാനും വേണ്ടിവന്നാല്‍ ഭരിക്കാന്‍ തന്നെ കോടതിയുള്ളപ്പോള്‍ നമുക്ക് കോടതിയല്ലാതെ വേറെ ഭരണകൂടം തന്നെ എന്തിനാണ് ?

Noushad Vadakkel പറഞ്ഞു...

പലരും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്കില്‍ ഇനി സമരങ്ങളോ ആശയ പ്രചാരനങ്ങളോ വേണ്ട എന്ന് കോടതി പറഞ്ഞു എന്ന മട്ടിലാണ് . ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന പേരില്‍ നടത്തപ്പെടുന്നത് ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടാകരുതെന്നു സമരക്കാര്‍ മറക്കുന്നു . ഇത്തരം സമര , ആശയ പ്രചാരണ യോഗങ്ങള്‍ കൊണ്ട് ഭരണ കൂടങ്ങള്‍ തിരുത്തപ്പെട്ടിട്ടുണ്ടോ ? അപവാദങ്ങള്‍ ഇല്ല എന്നല്ല . പക്ഷെ അത് ഉദ്ദേശ ശുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ ബാധകമാകൂ ...

Siju P. Samuel പറഞ്ഞു...

you are right,

http://pukkaalam.blogspot.com/2010/07/blog-post_04.html

Aboobacker Manangat പറഞ്ഞു...

@Noushad Vadakkel

Aboobacker Manangat പറഞ്ഞു...

ഒരു ജനാധിപത്യ രാജ്യത്തില്‍ പൊതുയോഗങ്ങള്‍, സമരങ്ങള്‍ ഇവ ആവശ്യമായി വരും. പൂര്‍ണമായി അതു നിരോധിക്കാനോ, ഒഴിവാക്കാനോ സാധിക്കുകയില്ല. ഇന്ന് കോടതി ഇടപെടേണ്ട അവസ്തയിലേക്ക് എത്തിച്ചത് രാഷ്ട്രീയ പാര്‍ട്ടികളാണ്. അവര്‍ സേവനത്തിന്റെ വഴി എന്നേ ഉപേക്ഷിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ത്ട്ടിക്കൂട്ടുന്ന മിമിക്രികളാണ് സമരങ്ങളും ജാതകളും. ആത്മാര്‍ഥമായ സമരങ്ങള്‍ ഇന്ന് നടക്കുന്നുണ്ടോ? പാര്‍ട്ടികളുടെ നിലനില്പിന്നു വേണ്ടിയാണ് സമരങ്ങള്‍ നടത്തുന്നത്. അവസാനം നടത്തേണ്ട ഹര്‍ത്താല്‍ ഇന്ന് ആദ്യം നടത്തുന്നു. പാര്‍ട്ടികളും മത സംഘടനകളും ആദ്യം നന്നാവേണ്ടതുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിക്കാന്‍ ആദ്യം പഠിക്കേണ്ടതുണ്ട്.

anwar പറഞ്ഞു...

നിരത്തുകള്‍ വാഹനമോടിക്കാന്‍ മാത്രം എന്ന് വിധികേണ്ട ഒരവസ്ത കേരള ഹൈ കോടതിക്ക് ഉണ്ടാക്കിയ സാഹചര്യം മലയാളികളുടെ ഏതു 'ദിശാ ബോധമാണ് ' ഉയര്‍ത്തിപ്പിടിക്കുന്നത് ???????.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പു‌കള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....

Related Posts with Thumbnails

feedback comments