കുലംകുത്തി അഥവാ മതപരിത്യാഗി!

May 20, 2012

0 പ്രതികരണങ്ങള്‍
 
കേരളത്തില്‍ തരം കിട്ടുമ്പോഴൊക്കെ അഭിപ്രായ സ്വാതന്ത്രത്തിന്റെ അപോസ്തലന്മാരായി മുന്നോട്ടു വരാറുള്ളത് മാക്സിസ്ടുകളും അതിന്റെ സാംസ്കാരിക വിഭാഗമായ പു ക സ യുമാണ്‌.ആവിഷ്കാര സ്വാതന്ത്രം ഹനിക്കുന്നത് ഏതെങ്കിലും മത വിഭാഗമാണെങ്കില്‍ ഉടനെ പ്രസ്താവനയുമായി രംഗം കയ്യടക്കുന്നത് യുക്തി വാദി സംഘം ആയിരിക്കും.മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന് വേണ്ടി പു ക സയും യുക്തി വാദികളും ഒരു പ്രസ്താവന പോലും ഇറക്കിയതായി കണ്ടില്ല.സഖാവ് പിണറായി വിജയന്‍ കുപ്രസിദ്ധമായ "കുലംകുത്തി"പ്രയോഗത്തിലൂടെ ചന്ദ്രശേഖരന്‍ തരിമ്പും കാരുണ്യം അര്‍ഹിക്കുന്നില്ല എന്ന്‌ മറയില്ലാതെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കാരണം അയാള്‍ വര്‍ഗവഞ്ചകനാണ്.മാര്‍ക്സിസ്റ്റു പാര്‍ട്ടി ഉപേക്ഷിച്ചു കളം മാറിയവന്‍.

വാസ്തവത്തില്‍ ചന്ദ്രശേഖരന്‍ വലതുപക്ഷം ചേര്‍ന്നിരുന്നില്ല.മാര്‍ക്സിസത്തെയോ തൊഴിലാളി വര്‍ഗ ഐക്യത്തെയോ തള്ളിപ്പരഞ്ഞിരുന്നില്ല.എന്നല്ല കൂടുതല്‍ ശക്തിയോടെ മാര്‍ക്സിസ്റ്റു ആശയം ഉയര്‍ത്തിപ്പിടിക്കുകയും അതിനു വേണ്ടി "വിപ്ലവ"മാര്‍ക്സിസ്റ്റു എന്ന പുതിയ ഇടതു പക്ഷസമര പ്രസ്ഥാനം രൂപീകരിക്കുകയുമാണ് ചെയ്തത്.ചന്ദ്രശേഖരന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കേരളത്തില്‍ നിലവിലുള്ള സി പി ഐ എം പാര്‍ട്ടിയും അതിന്റെ മുന്‍നിര നേതാക്കളും പാര്‍ട്ടി ആദര്‍ശങ്ങള്‍ ബലി കഴിച്ചു മുതലാളിത്ത സംഘടനയായി മാറിയിട്ടുണ്ടെന്ന സത്യമാണ്.പിണറായിസവും മാര്‍ക്സിസവും തമ്മില്‍ സന്ധിക്കുന്ന ബിന്ദു ഇല്ലേ ഇല്ലെന്നാണ് ചന്ദ്രശേഖരനും ഒഞ്ചിയത്തെ സഖാക്കളും പ്രഖ്യാപിച്ചത്.നേരത്തെ എം എന്‍ വിജയന്‍ തുടങ്ങി വെച്ച പോരാട്ടം മൂര്‍ത്തമായി ഏറ്റെടുത്തു മുന്നോട്ടു കൊണ്ടു പോകുകയാണ് ചന്ദ്രശേഖരന്‍ ചെയ്തത്.

ചന്ദ്രശേഖരന് മുമ്പ് പ്രമുഖരായ പലരും പാര്‍ട്ടി വിട്ടിട്ടുണ്ട്.കോണ്ഗ്രസ്സിലും മുസ്ലിം ലീഗിലും എന്തിനേറെ ബി ജെ പിയിലും ചേര്‍ന്ന മാര്‍ക്സിസ്റ്റുകള്‍ വരെ ഉണ്ട്.അതില്‍ പലരും ഇന്നും ആ പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്നു.അവരൊന്നും പാര്‍ട്ടി വിട്ടതിന്റെ പേരില്‍ നല്‍കേണ്ടി വന്നിട്ടില്ലാത്ത വില ചന്ദ്രശേഖരന്‍ നല്‍കേണ്ടി വന്നത് എന്ത് കൊണ്ടാണ്? പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരെ ശബ്ദിച്ചത് കൊണ്ടു.പാര്‍ട്ടി സെക്രട്ടിക്കെതിരില്‍ വിമര്‍ശനം ഉന്നയിച്ചത് കൊണ്ടു.അതിനാല്‍ ചന്ദ്രശേഖരന്‍ മാപ്പര്‍ഹിക്കുന്നില്ല!ഒരു പ്രസ്ഥാനം വിട്ടു പോയി അതിനെതിരെ പ്രവര്‍ത്തിക്കുന്ന "കുലംകുത്തി'', അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്ന പിണറായി സിദ്ധാന്തം ശരി വെച്ചത് കൊണ്ടോ,പാര്‍ട്ടിക്കെതിരെ തിരിഞ്ഞു മറ്റൊരു കുലംകുത്തി ആകാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടോ ആകണം പു ക സ നേതാക്കള്‍ മൌനത്തിന്റെ വാല്മീകത്തില്‍ അഭയം പ്രാപിച്ചത്.അടുത്ത ഇടതു സര്‍ക്കാര്‍ വരുമ്പോള്‍ ലഭിക്കാനിടയുള്ള സ്ഥാനമാനങ്ങള്‍ കളഞ്ഞു കുളിക്കാന്‍ മാത്രം അവര്‍ വിഡ്ഢികള്‍ അല്ലല്ലോ! അതിനാല്‍ അവരോടു നമുക്ക് സഹതപിക്കാം.എന്നാല്‍ യുക്തിവാദികള്‍ അങ്ങനെ അല്ലല്ലോ.

ഒരു ഭൌതികവാദ രാഷ്ട്രീയ  പ്രസ്ഥാനം റിബലുകളെ കൈകാര്യം ചെയ്യുന്ന വിധമാണ് നാം ചന്ദ്രശേഖരന്റെ കൊലയിലൂടെ വായിചെടുക്കുന്നത്.ഇതേ രീതി ഏതെങ്കിലും ഒരു മതത്തില്‍ പ്രയോഗിക്കപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ എന്ന്‌ വെറുതെ ഭാവിച്ചു നോക്കൂ.അപ്പോള്‍ ചര്‍ച്ചയുടെ സ്വഭാവം ഇങ്ങനെ ആയിരിക്കില്ല.ഉദാഹരണത്തിന്,എക്കാലവും നിരീശ്വര വാദികളുടെ വിമര്‍ശനത്തിനു വിധേയമാകാരുള്ള ഇസ്ലാമില്‍ നിന്ന് മതം മാറി മറ്റൊരു മതത്തില്‍ ചേര്‍ന്ന്,ഇസ്ലാമിനെ വിമര്‍ശിക്കുന്ന ഒരു "കുലംകുത്തി" ഏതെങ്കിലും തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു എന്നിരിക്കട്ടെ.അപ്പോള്‍ ആദ്യം ചാടി പ്രതികരിക്കുക മാര്‍ക്സിസ്റ്റു പാര്‍ട്ടിയായിരിക്കും.സകല മതേതര ബുജികളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായി റോട്ടിലിരങ്ങും.ആഗോള തലത്തില്‍ ഇസ്ലാം മതപരിത്യാഗികള്‍ക്കെതിരെ നടപ്പിലാക്കിയ ക്രൂരമായ ശിക്ഷാവിധികളുടെ കണക്കുകള്‍ നിരത്തപ്പെടും.ഖുര്‍ആനിനെതിരെ വിമര്‍ശനമുയരും.പാവം വിശ്വാസികള്‍ പ്രതിരോധത്തില്‍ അകപ്പെടും!

ഇതൊക്കെ സാങ്കല്‍പ്പികം മാത്രമാണെന്ന് ലളിതവല്‍ക്കരിക്കാന്‍ വരട്ടെ.കേരളത്തില്‍ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രതാപകാലത്ത് ഇസ്ലാമിനെതിരെ ഉന്നയിച്ചിരുന്ന പ്രധാന വിമര്‍ശങ്ങളിലൊന്നു,അത് മതപരിത്യാഗികള്‍ക്കെതിരെ കടുത്ത നിലപാടെടുക്കുന്നു എന്നതായിരുന്നു.ഇസ്ലാം ഉപേക്ഷിച്ചു നിരീശ്വര പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ പോലും അതിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നത് മറ്റൊരു കാര്യം.വിമര്‍ശകരോട് ആരോഗ്യകരമായി സംവദിക്കുകയാണ് മത നേതൃത്വം ചെയ്തത്.എന്നിട്ടും മതത്തെ പ്രാകൃതമെന്നും മനുഷ്യാവകാശ വിരുദ്ധമെന്നും മാര്‍ക്സിസ്റ്റുകളും നിരീശ്വര വാദികളും മുദ്ര കുത്തി.ഇപ്പോള്‍ മാര്‍ക്സിസ്റ്റു മതത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ കൈവിടാതെ,മേലധ്യക്ഷന്മാരെ വിമര്‍ശിച്ചത്തിന്റെ മാത്രം പേരില്‍ ഒരാള്‍  കൊലശിക്ഷയ്ക്ക് ഇരയാക്കപ്പെട്ടിട്ടും നമ്മുടെ യുക്തിവാദികള്‍ വായ തുറക്കാത്തതെന്തു? മാര്‍ക്സിന്റെയും ലെനിന്റെയും കൃതികളും സ്ടാലിന്റെ "ഇന്ക്വസിഷന്‍"ചരിത്രവും തുറന്നു വെച്ച്‌ ഈ ശിക്ഷാവിധിയുടെ പ്രത്യയശാസ്ത്രം അനാവരണം ചെയ്യാത്തത് എന്ത് കൊണ്ടു? ഈ ഇരട്ടത്താപ്പ് തുറന്നു കാട്ടാന്‍ പക്ഷെ,കേരളത്തില്‍ ആളില്ലല്ലോ!!




-മുജീബ്റഹ്മാന്‍ കിനാലൂര്‍

ഇറ്റാലിയന്‍ നാവികരെ വെറുതെ വിടണം!

April 24, 2012

3 പ്രതികരണങ്ങള്‍



പാശ്ചാത്യരും വെള്ളക്കാരും ഇറ്റാലിയന്‍ കത്തോലിക്കരുമായ നാവികന്മാര്‍
ഇന്ത്യക്കാരും കറുത്തവരും മീന്‍ പിടുത്തക്കാരുമായ ഒന്നോ രണ്ടോ പേരെ
വെടിവെച്ചു കൊന്നു എന്നത്‌ ഇത്ര വലിയ ആനക്കാര്യമാക്കാനുണ്ടോ? വിവാദമായ
കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ പ്രതിരോധവകുപ്പിലെ
ഉദ്യോഗസ്ഥരും കപ്പലിലെ സുരക്ഷാഗാര്‍ഡുമായ ലാസ്റ്റൊറി മസിമിലാനോ,
സാര്‍വറ്റോര്‍ ഗിരോണ്‍ എന്നിവര്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ അവരെ
കുറ്റം പറയാനൊന്നുമില്ല. സാഹസികരായ യൂറോപ്യന്‍ നാവികന്മാര്‍ കൊന്നും
കൊലവിളിച്ചും ലോകം കീഴടക്കിയ `ധീരോദാത്തമായ' ചരിത്രം
പഠിച്ചുവളര്‍ന്നവരാണ്‌ അവര്‍. തങ്ങളുടെ പൂര്‍വിക പരമ്പരയിലെ നായകനായ
വാസ്‌കോഡ ഗാമയെപ്പറ്റി അവര്‍ കേട്ടുകാണാതിരിക്കില്ല.

നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ ഗുഡ്‌ഹോപ്പ്‌ മുനമ്പ്‌ ചുറ്റി മലബാര്‍
തീരത്തണഞ്ഞ ഗാമ, അറബിക്കടലില്‍ കൊന്നു തള്ളിയ ഇന്ത്യക്കാരെക്കുറിച്ച്‌
അവര്‍ വായിച്ചിരിക്കും. കുഞ്ഞാലി മരക്കാരുടെ നായകത്വത്തിലുള്ള
സാമൂതിരിയുടെ നാവികപ്പടയുടെ ചോര കലര്‍ന്ന്‌ അന്ന്‌ അറബിക്കടല്‍
ചുവന്നിരുന്നു. കൊല്ലപ്പെട്ട ഭടന്മാരുടെ ശവശരീരം വെട്ടിനുറുക്കി ഗോവയിലെ
തെരുവുകളില്‍ എറിഞ്ഞിരുന്നു. പക്ഷെ, യൂറോപ്യരുടെ ചരിത്ര പുസ്‌തകത്തില്‍
അതൊന്നും ഒരു ക്രൂരകൃത്യമല്ല. അപരിഷ്‌കൃത രാജ്യങ്ങളില്‍ അധിനിവേശം നടത്തി
പൗരസ്‌ത്യ ജനതയെ വിമോചിപ്പിക്കാനുള്ള തങ്ങളുടെ ദൈവിക നിയോഗത്തിന്റെ ഭാഗം മാത്രമാണ്‌ അവര്‍ക്ക്‌ അത്തരം കൃത്യങ്ങള്‍.

ലോകത്തിന്റെ വിമോചകര്‍ തങ്ങളാണെന്ന പാശ്ചാത്യരുടെയും യൂറോപ്യരുടെയും
അഹന്തക്ക്‌, ആധുനിക കാലത്തും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌
നമുക്കറിയാം. അഫ്‌ഗാനിസ്‌താനിലേക്കും ഇറാക്കിലേക്കും പട നയിച്ച
അമേരിക്കന്‍ സാമ്രാജ്യത്വം സ്വയം ന്യായീകരിച്ചത്‌, അപരിഷ്‌കൃതരും
ഭീകരരുമായ ആ ജനതയെ വിമോചിപ്പിച്ച്‌ അവിടങ്ങളില്‍ ജനാധിപത്യം സ്ഥാപിച്ച്‌
പരിഷ്‌കരിക്കുകയാണ്‌ തങ്ങളുടെ ദൗത്യമെന്നാണ്‌. ചിലപ്പോഴൊക്കെ, ബൈബിള്‍
ഉയര്‍ത്തിപ്പിടിച്ച്‌ ഈ ദൗത്യത്തിന്‌ ഒരു ദൈവികച്ഛായ പകരാനും ജോര്‍ജ്‌
ബുഷ്‌ ശ്രമിച്ചിരുന്നുവല്ലോ. യുറോപ്യന്‍ വംശബോധത്താല്‍ അഭിമാനിതരായ
ഇറ്റാലിയന്‍ നാവികന്മാര്‍, വെള്ളത്തൊലിയും ഉല്‍കൃഷ്‌ട രക്തവുമുള്ള
തങ്ങള്‍ കറുത്ത അധമന്മാരായ `കടല്‍ ജീവികളെ' വെടിവെച്ചു വീഴ്‌ത്തിയത്‌
വലിയ അപരാധമായി കരുതിയെങ്കിലേ അത്ഭുതപ്പെടാനുള്ളൂ! ഇറ്റാലിയന്‍
കൊലയാളികളെ അറസ്റ്റു ചെയ്യാന്‍ ചെന്നപ്പോഴും ജയിലില്‍
പ്രവേശിപ്പിച്ചപ്പോഴും കേസ്‌ കോടതിയിലെത്തിയപ്പോഴുമൊക്കെ, അവര്‍
പ്രകടിപ്പിച്ച പെരുമാറ്റത്തിന്റെ ശരീരഭാഷയില്‍ ആ ധാര്‍ഷ്‌ട്യം തികട്ടി
വരുന്നത്‌ നാം പലവുരു കണ്ടതാണ്‌.

കഴിഞ്ഞ ഫിബ്രവരി 15 ന്‌ കൊല്ലം തീരത്തുവെച്ചാണ്‌ ഇറ്റാലിയന്‍ കപ്പലില്‍
നിന്നുമുള്ള വെടിയേറ്റ്‌ മത്സ്യബന്ധനം നടത്തുന്ന രണ്ടു പേര്‍
കൊല്ലപ്പെട്ടത്‌. ഇന്ത്യന്‍ തീരത്തുവെച്ച്‌ പാവപ്പെട്ട രണ്ടു
ഇന്ത്യക്കാരെ വിദേശികള്‍ വെടിവെച്ചുകൊന്നിട്ട്‌, കൊലയാളികളെ പിടികൂടി
ശിക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍
മെല്ലെപ്പോക്ക്‌ നയമാണ്‌ സ്വീകരിച്ചതെന്നത്‌ വെറും ആരോപണമല്ല. ഈ
മെല്ലെപ്പോക്കിനെ സ്വാധീനിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന്‌ സൂക്ഷ്‌മമായി
വിലയിരുത്താന്‍ ഇനിയുമാരും മുതിര്‍ന്നിട്ടില്ല. സംഭവം നടന്ന ഉടനെ,
അപ്പോള്‍ വത്തിക്കാനിലുണ്ടായിരുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌
ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, വത്തിക്കാന്‍ വാര്‍ത്താ
ഏജന്‍സിക്കു നല്‌കിയ അഭിമുഖത്തില്‍, ഇറ്റലിക്കെതിരെ തിരക്കിട്ട നടപടി
ഒഴിവാക്കാന്‍ കേന്ദ്രത്തിലെയും കേരളത്തിലെയും കത്തോലിക്ക മന്ത്രിമാരോട്‌
ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു. കര്‍ദിനാളായുള്ള തന്റെ
അഭിഷേകച്ചടകങ്ങിലടക്കം പങ്കെടുക്കുകയും റോമുമായി അടുത്തബന്ധം
പുലര്‍ത്തുകയും ചെയ്യുന്ന കത്തോലിക്കനായ കേന്ദ്ര ടൂറിസം മന്ത്രി കെ വി
തോമസിന്റെ സഹായം ലഭിക്കുമെന്നും മാര്‍ ആലഞ്ചേരി പ്രതീക്ഷ
പ്രകടിപ്പിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്‌ പിന്നീട്‌ മാര്‍
ആലഞ്ചേരി തന്റെ അഭിമുഖത്തിന്‌ വിശദീകരണവുമായി വന്ന്‌ മയപ്പെടുത്താന്‍
ശ്രമിച്ചുവെങ്കിലും, അദ്ദേഹം പ്രത്യാശിച്ച മുറയ്‌ക്കു തന്നെയാണ്‌
തുടര്‍ന്നും കാര്യങ്ങള്‍ നീങ്ങിയതെന്നത്‌ സത്യം. ഇവിടെ ഉയര്‍ന്ന മറ്റൊരു
ചോദ്യമുണ്ട്‌. യൂറോപ്യന്മാരുടെയും പാശ്ചാത്യരുടെയും `വംശ
മാഹാത്മ്യത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും വിശ്വസിക്കുന്നുണ്ടോ?
നിരപരാധികളും പാവങ്ങളുമായ മീന്‍പിടിത്തക്കാരെ യുറോപ്യര്‍ കൊന്നാല്‍,
കര്‍ത്താവിന്റെ അടുക്കല്‍ അത്‌ കുറ്റകരമല്ലെന്നുണ്ടോ? അതോ, പൗരസ്‌ത്യ
രാജ്യങ്ങളിലെ ക്രൈസ്‌തവ സഭകളുടെയും അല്‍മായന്മാരുടെയും ശതകോടിക്കണക്കിന്‌
വരുന്ന സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം വത്തിക്കാനിലെ പോപ്പിന്‌ വകവെച്ചു
കൊടുക്കുന്ന പോലെ, പരമാധികാര രാജ്യമായ ഇന്ത്യയിലെ ജനപ്രതിനിധികളടക്കമുള്ള
കത്തോലിക്കരുടെ രാഷ്‌ട്രീയ നയരൂപീകരണത്തില്‍ സ്വാധീനിക്കാനും
വത്തിക്കാന്‌ അവകാശമുണ്ടോ?


ഇറ്റാലിയന്‍ നാവികരെയും കര്‍ദിനാളിനെയും നമുക്കു വിടാം. എന്നാല്‍,
രാജ്യത്തെ ഭരണാധികാരികളും ഇറ്റാലിയന്‍ കൊലയാളികളോട്‌ ചായ്‌വ്‌
കാണിച്ചാലോ? രാജ്യത്തിന്റെ പരമോന്നത കോടതിയില്‍, കടല്‍ക്കൊലക്കേസ്‌
വിചാരണക്കിടെ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചത്‌ കേസ്സെടുക്കാന്‍
കേരളത്തിന്‌ അധികാരമില്ലെന്നാണ്‌! ഇറ്റാലിയന്‍ അധികൃതര്‍ ഉന്നയിക്കുന്ന
അതേ വാദമുഖങ്ങള്‍ തന്നെയാണ്‌ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനു വേണ്ടി
വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവലും ഉന്നയിച്ചത്‌.
അതുകേട്ട്‌ അമ്പരന്നുപോയ സുപ്രിംകോടതി ന്യായാധിപന്മാര്‍ ചോദിച്ചുപോയി,
കൊല്ലപ്പെട്ടത്‌ ഇന്ത്യക്കാരല്ലേ എന്ന്‌! യുവര്‍ ഓണര്‍, കൊല്ലപ്പെട്ടത്‌
ഇന്ത്യക്കാര്‍ തന്നെ. പക്ഷെ, കൊന്നത്‌ ഇറ്റലിക്കാരായതുകൊണ്ട്‌,
അവര്‍ക്ക്‌ കറുത്തവരും പൗരസ്‌ത്യരുമായ നീച ജനങ്ങളെ കൊല്ലാനും
വഴിപ്പെടുത്താനുമുള്ള കാനോനിക അവകാശം പരിഗണിച്ച്‌ ഈ കേസ്സിലെ പ്രതികളെ
വെറുതെ വിടണമെന്ന്‌ പരമോന്നത കോടതിയോട്‌ അപേക്ഷിക്കുന്നു!!





-മുജീബ്റഹ്മാന്‍ കിനാലൂര്‍
Related Posts with Thumbnails

feedback comments